ADVERTISEMENT

സ്പെയിനിലെ മഡ്രിഡിൽ സ്പാനിഷ് സംസാരിച്ചു വളർന്ന റാഫേൽ നദാൽ ലോകഭാഷയായ ഇംഗ്ലിഷ് പഠിക്കും മുൻപേ ഫ്രഞ്ച് പഠിച്ചു. കാരണം, മഡ്രിഡിലെ സ്വന്തം വീടിന്റെ മുറ്റത്തു കളിക്കുമ്പോലെയാണു പാരിസിൽ റോളണ്ട് ഗാരോസിൽ നദാൽ റാക്കറ്റ് വീശുന്നത്. ഒന്നും രണ്ടുമല്ല, 13 തവണ മസ്ക്ടീയേഴ്സ് ട്രോഫിയിൽ ചുംബനം നൽകിയ നദാൽ പക്ഷേ ചരിത്രത്തിലാദ്യമായി ഫ്രഞ്ച് ഓപ്പൺ സെമിയിൽ തോറ്റു. ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനു മുന്നിൽ കളിമൺ കോർട്ടിലെ ഉരുക്കുമനുഷ്യനു ചുവടുതെറ്റി. പക്ഷേ, ജോക്കോയുടെ ജയത്തെക്കാളും നദാലിന്റെ തോൽവിയെക്കാളും ടെന്നിസ് ചരിത്രത്തിലെ അത്യുജ്വല പോരാട്ടമെന്ന നിലയ്ക്കാണ് ആ മത്സരം വാഴ്ത്തപ്പെടുന്നത്.

പാരിസിൽ ഓരോ മത്സരം ജയിച്ചുകഴിയുമ്പോഴും മൈക്കെടുത്ത് നദാൽ കാണികളോടു പറയും: മെർസി (നന്ദി), മെർസി ബൊക്കു (വളരെ നന്ദി). ഇത്തവണ നദാലിനോടും ജോക്കോയോടും ആരാധകർക്കും അതേ പറയാനുള്ളൂ: മെർസി നദാൽ, മെർസി ജോക്കോ...

4 മണിക്കൂർ 11 മിനിറ്റ്. നദാൽ - ജോക്കോ പോരാട്ടത്തിന്റെ ദൈർഘ്യം. ഒരു എയ്സിന്റെ വേഗത്തിൽ ആ സമയം കടന്നുപോയി. നിശാനിയമം നിലവിലുള്ള പാരിസിൽ രാത്രി 11നു ശേഷം സ്റ്റേഡിയത്തിൽ കാണികൾക്കു പ്രവേശനമില്ല. എന്നാൽ, നദാൽ-ജോക്കോ മത്സരം 3 സെറ്റ് പിന്നിട്ടപ്പോൾ സമയം 11 കഴിഞ്ഞു. ടിവിയിൽ കളി കണ്ടുകൊണ്ടിരുന്ന ഫ്രഞ്ച് പ്രധാനമന്ത്രി ഴോൺ കാസ്ടെക്സ് അടിയന്തര ഉത്തരവിറക്കി: മത്സരം കഴിയുംവരെ കാണികൾക്കു ഗാലറിയിൽ തുടരാം.

ടോപ് ഗീയറിലായിരുന്നു നദാലിന്റെ തുടക്കം. തുടരെ 5 ഗെയിമുകൾ. ഫോർഹാൻഡിലെ കരുത്തിൽ നദാൽ പോയിൻറ് വാരി. 3 ഗെയിമുകൾ തിരിച്ചുപിടിച്ച് ജോക്കോ ഒപ്പമെത്താൻ ശ്രമിച്ചെങ്കിലും 6-3ന് നദാൽ സെറ്റ് പിടിച്ചു. പക്ഷേ, രണ്ടാം സെറ്റിൽ ജോക്കോയുടെ തിരിച്ചടി. 6-3ന് സെറ്റ് സ്വന്തം. ബേസ് ലൈനിലേക്ക് ഇറങ്ങിക്കളിക്കാൻ നദാലിനെ നിർബന്ധിതനാക്കിയ ജോക്കോയുടെ തന്ത്രം വിജയിച്ചു. മൂന്നാം സെറ്റിൽ ഡ്രോപ് ഷോട്ടുകളിലൂടെ നദാലും കോർട്ടിന്റെ മൂലകൾ ലക്ഷ്യമാക്കിയുള്ള പവർ ഷോട്ടുകളിലൂടെ ജോക്കോയും കളിയുടെ വീര്യം കൂട്ടി. 3-5ന് പിന്നിൽനിന്ന നദാൽ 6-5ന് മുന്നിലെത്തി. പക്ഷേ, 6-6ന് ജോക്കോ ഒപ്പെമെത്തിയതോടെ ടൈബ്രേക്കർ. എയ്സ് കരുത്താക്കി ടൈബ്രേക്കറിൽ ജോക്കോ സെറ്റ് സ്വന്തമാക്കി. നാലാം സെറ്റിൽ ആദ്യ 2 ഗെയിമുകളും നദാൽ നേടിയെങ്കിലും പിന്നീടുള്ള 6 ഗെയിമുകളിലും ജോക്കോ അജയ്യൻ.

ഇതുവരെ നദാൽ ഫ്രഞ്ച് ഓപ്പണിൽ കളിച്ചത് 108 മത്സരങ്ങൾ. ഇന്നലത്തേത് മൂന്നാമത്തെ മാത്രം തോൽവി. 2009ൽ ആദ്യ തോൽവി റോബിൻ സോഡർലിങ്ങിനോട്. 2015ൽ ജോക്കോയോട്. ഇപ്പോൾ വീണ്ടും ജോക്കോ നദാലിന്റെ വഴിമുടക്കിയിരിക്കുന്നു. ഗ്രീസ് താരം സ്റ്റെഫാനസ് സിറ്റ്സിപാസാണ് ഇന്നു ഫൈനലിൽ ജോക്കോയുടെ എതിരാളി.

English Summary: Nadal vs Djokovic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com