ADVERTISEMENT

ഉരുക്ക് മനുഷ്യൻ’ – 48 മണിക്കൂറിനിടെ, തോൽവിയുടെ വക്കിൽനിന്നു പൊരുതിക്കയറി കളിമൺ കോർട്ടിലെ എക്കാലത്തെയും മികച്ച 2 വിജയങ്ങൾ നേടിയ നൊവാക് ജോക്കോവിച്ചിന് മറ്റെന്തു വിശേഷണമാണ് ചേരുക? അവസാനശ്വാസം വരെ പോരാടുക എന്നത് ജോക്കോവിച്ചിന് അലങ്കാരവാക്കല്ല. മത്സരത്തിലെ അവസാന സർവ് വരെ ജോക്കോയെ ആർക്കും എഴുതിത്തള്ളാനാകില്ല. എതിരാളിയുടെ ചെറിയൊരു പിഴവ് കച്ചിത്തുരുമ്പാക്കി അതിൽ പിടിച്ചുകയറും. ഫ്രഞ്ച് ഓപ്പണിലെ സെമിയും ഫൈനലും ഇതിന് അടിവരയിടുന്നു.

ഫൈനലിൽ ഗ്രീക്ക് താരം സിറ്റ്സിപാസിനെതിരെ ആദ്യ 2 സെറ്റുകൾ ജോക്കോവിച്ച് അടിയറ വച്ചു. രണ്ടാം സെറ്റിൽ പലപ്പോഴും വിജയത്തിനു വേണ്ടി ശ്രമിക്കുന്നില്ലെന്നു പോലും ‌തോന്നി. എന്നാൽ, അതിനു ശേഷം പുറത്തു പോയി ടീഷർട്ട് മാറി തിരികെ കോർട്ടിലെത്തിയത് മറ്റൊരു ജോക്കോവിച്ചായിരുന്നു. പ്രതീക്ഷയോടെ കാത്തിരുന്ന ഗ്രീക്കുകാരുടെ ചങ്കിലേക്കാണ് പിന്നീട് ജോക്കോയുടെ ഓരോ എയ്സുകളും പതിച്ചത്.

തുടർന്നുള്ള 3 സെറ്റുകളിൽ ഒരു തവണ പോലും സർവ് ബ്രേക്ക് ചെയ്യാൻ അനുവദിക്കാതെ ജോക്കോവിച്ച് എതിരാളിയെ നിഷ്പ്രഭമാക്കി. 4 മണിക്കൂറിലേറെ നീണ്ട മത്സരത്തിന്റെ അവസാന സെറ്റുകളിൽ മുപ്പത്തിനാലുകാരനായ ജോക്കോയ്ക്കെതിരെ ഇരുപത്തിരണ്ടുകാരനായ സിറ്റ്സിപാസ് കിതച്ചുപോയി. താൻ നെറ്റിനരികിലേക്ക് ‘ചെത്തിയിടുന്ന’ പന്തുകൾക്കടുത്തേക്കു ബേസ്‌ലൈനിൽനിന്ന് അനായാസം ഓടിയെത്തി ഫിനിഷ് ചെയ്യുന്ന ജോക്കോയെ നോക്കിനിൽക്കാനേ സിറ്റ്സിപാസിനു സാധിച്ചുള്ളൂ!

എവിടെനിന്നാണ് ജോക്കോവിച്ചിന് ഈ ഊർജം ലഭിക്കുന്നത് ? എതിരാളിക്കെതിരെ മാനസികമായും ശാരീരികമായും സമ്പൂർണ ആധിപത്യം നേടുന്നതാണ് ജോക്കോയുടെ ഊർജം. അതു ശരീരഭാഷയിലും പ്രതിഫലിക്കുന്നു. പലപ്പോഴും കോർട്ടിലെ നിലവിട്ട പെരുമാറ്റത്തിലാണ് ഇത് എത്തിച്ചേരുക. ജോക്കോയുടെ പോരാട്ടവീര്യത്തെ വാഴ്ത്തുമ്പോഴും ഒരാൾക്കും അംഗീകരിക്കാൻ കഴിയാത്തതും ഇതുമാത്രമാണ്.

അതുകൊണ്ടാവാം, ഗാലറികളിൽ ഫെഡറർക്കും നദാലിനുമുള്ളത്ര പിന്തുണ ജോക്കോയ്ക്കു കാണികൾ നൽകാറില്ല. അവരുടെയത്ര ആരാധകവൃന്ദവും ഇല്ല. പക്ഷേ, ഫെഡററും നദാലും കരിയറിന്റെ അവസാനഘട്ടത്തിലാണെന്നും ജോക്കോ ഇപ്പോഴും കരിയറിന്റെ പാരമ്യത്തിലാണെന്നും സമ്മതിച്ചേ മതിയാകൂ.

Content Highlights: Novak Djokovic, Stephanos Tsitsipas, French Open Tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com