sections
MORE

ടെന്നിസ് പ്രതിഭാത്തിളക്കമായി വേദാന്ത്; ഭാവിതാരമെന്ന് വിജയ് അമ‌ൃത്‌രാജ്, പരിശീലകർ

vedant-mohan
വേദാന്ത് മോഹൻ പരിശീലനത്തിൽ.
SHARE

കോട്ടയം∙ ടെന്നിസിന്റെ അനന്ത വിഹായസിൽ പാറിപ്പറക്കാൻ ആഗ്രഹിക്കുന്ന, അതിനായി കഠിനാധ്വാനം ചെയ്യുന്ന ഒരു പത്തു വയസ്സുകാരൻ. അവന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ ഒമാൻ എയറിലെ സുരക്ഷിതമായ കമേഴ്സ്യൽ പൈലറ്റ് ജോലി ഉപേക്ഷിച്ച പിതാവ്. സാമ്പത്തിക ബാധ്യതകൾ ഉയർത്തുന്ന വെല്ലുവിളികൾ വകവയ്ക്കാതെ മകന്റെ സ്വപ്ന സാക്ഷാത്കാരത്തിന് ഒപ്പംനിൽക്കാൻ കുടുംബത്തെ തന്നെ മറ്റൊരു ഭൂമികയിലേക്ക് പറിച്ചുനട്ട മാതാപിതാക്കൾ. 

പത്തു‌ വയസ് മാത്രം പ്രായമുള്ള വേദാന്ത് മോഹന്റെ കഥയാണിത്. അവന്റെ സ്വപ്നങ്ങൾക്ക് ചിറകു നൽകാൻ കൈമെയ് മറന്ന് ഒപ്പം നിൽക്കുന്ന പിതാവ് ധ്രുവ് മോഹന്റെയും മാതാവ് അനീഷയുടെയും കഥ! ടെന്നിസ് ലോകത്ത് ഇന്ത്യൻ ടെന്നിസിന്റെ കരുത്തു തെളിയിക്കാനുള്ള അദമ്യമായ മോഹവുമായി കാളക്കൂറ്റൻമാരുടെ നാട്ടിൽ പ്രഫഷനൽ ടെന്നിസ് പരിശീലനത്തിലാണ് വേദാന്ത്. സ്വപ്നലോകത്തേക്കുള്ള യാത്രയിൽ സ്പെയിനിലെ സോട്ടോഗ്രാൻഡെ നഗരമാണ് ഇപ്പോൾ വേദാന്തിന്റെ തട്ടകം. അവിടെ സോട്ടോടെന്നിസ് അക്കാദമിയിൽ പരിശീലനം.

vedant-mohan-2

മികച്ച പരിശീലനം ഉറപ്പാക്കിയാൽ ടെന്നിസ് ലോകത്തെ മിന്നും താരമാകാനുള്ള പ്രതിഭയും കഴിവും വേദാന്തിനുണ്ടെന്ന ഇതിഹാസ താരം വിജയ് അമൃത്‌രാജ് ഉൾപ്പെടെയുള്ളവരുടെ സാക്ഷ്യമാണ് സുരക്ഷിതമായ ജോലി പോലും ഉപേക്ഷിച്ച് തീർത്തും അപരിചിതമായ രാജ്യത്ത് താമസിക്കാൻ ധ്രുവ് മോഹനും അനീഷയ്ക്കും ധൈര്യം നൽകിയത്. വേദാന്തിന്റെ മത്സര വിഡിയോകൾ കണ്ടാണ് ഏറ്റവും മികച്ച പരിശീലനം സധൈര്യം ഉറപ്പാക്കാൻ വിജയ് അമ‌ൃത്‌രാജ് പ്രോത്സാഹനം നൽകിയത്.

ന്യൂയോർക്കിൽ ജോൺ മക് അക്കാദമി നടത്തുന്ന ജോൺ മക്കെൻറോ, പാട്രിക് മക്കെൻറോ എന്നിവരുടെ പ്രോത്സാഹന വാക്കുകൾ കൂടിയായതോടെ രണ്ടും കൽപ്പിച്ച് വേദാന്തിനായി ജോലി കളയാൻ ധ്രുവ് മോഹൻ തീരുമാനിക്കുകയായിരുന്നു. അവരുടെ അക്കാദമിയിൽ സ്കോളർഷിപ്പോടെ പരിശീലനത്തിനുള്ള അവസരവും വാഗ്ദാനം ചെയ്തിരുന്നു.

vedant-mohan-1

മസ്കത്തിലായിരുന്ന സമയത്ത് ഏഴാം വയസ്സിലാണ് വേദാന്തിന്റെ ടെന്നിസ് കരിയറിന്റെ ആരംഭം. വിവിധ പ്രായക്കാർക്കൊപ്പം മത്സരിച്ച് ഒട്ടേറെ ടൂർണമെന്റുകളിൽ വിജയിയായി. പ്രായത്തിൽ മൂത്തവരുമായി മത്സരിച്ചു മുന്നേറുന്നതിൽ വേദാന്ത് പ്രത്യേക വൈദഗ്ധ്യം പുലർത്തുന്നതായി താരത്തെ പരിശീലിപ്പിക്കുന്നവരും സാക്ഷ്യപ്പെടുത്തുന്നു. 12 വയസ് മുതലുള്ളവരെ പരിശീലിപ്പിക്കുന്ന ജോൺ മാക് അക്കാദമി, ബാർസിലോന അക്കാദമി, സോട്ടോ അക്കാദമി തുടങ്ങിയവ തീരെ ചെറിയ പ്രായത്തിൽ വേദാന്തിന് പ്രവേശനം ലഭിച്ചതും ഇതേ പ്രതിഭയുടെ സാക്ഷ്യപത്രം.

പ്രഫഷനൽ ടെന്നിസ് താരത്തിലേക്കുള്ള വളർച്ചയിൽ വേദാന്ത് പുലർത്തുന്ന ശുഷ്കാന്തിയും അദ്ദേഹത്തിന്റെ കഠിനാധ്വാനവും പരിശീലകരെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. കളത്തിലും പുറത്തും ഒരു പ്രഫഷനൽ ടെന്നിസ് താരത്തെ അനുസ്മരിപ്പിക്കുന്ന അച്ചടക്കവും വേദാന്തിന്റെ പ്രത്യേകതയാണെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.

vedant-coaches

ജോലി പോലും ഉപേക്ഷിച്ച് മകന്റെ സ്വപ്നത്തിനു കൂട്ടുനിൽക്കുമ്പോഴും, സ്പെയിനിലെ അക്കാദമിയിൽ പരിശീലനത്തിനും മറ്റുമായി ചെലവാകുന്ന ഭീമമായ തുകയാണ് ധ്രുവ് മോഹനേയും അനീഷയേയും ആശങ്കപ്പെടുത്തുന്നത്. മകന്റെ ടെന്നിസ് വളർച്ചയ്ക്കായി തണലൊരുക്കാൻ സാധിക്കുന്ന മികച്ച സ്പോൺസർമാരെ തേടുകയാണ് ഈ കുടുംബം. പ്രഫഷനൽ ടെന്നിസ് താരത്തിലേക്കുള്ള വേദാന്തിന്റെ വളർച്ചയിൽ സാമ്പത്തിക പിന്തുണ നൽകിയും താരത്തെ സ്പോണ്‍സർ ചെയ്തും കൈപിടിക്കാനാഗ്രഹിക്കുന്നവർക്ക് ധ്രുവ് മോഹനേയും അനീഷയേയും dhruvmohan.dm @ gmail.com, aneesha.nair@gmail.com എന്നീ മെയിൽ ഐഡികളിൽ ബന്ധപ്പെടാം.

ഇന്ത്യയിൽ ഇവരെ ബന്ധപ്പെടേണ്ട വിലാസം:

Air Commodore KNV Nair

knvnair_27@yahoo.com

9841744109

English Summary: Young tennis player Vedant Mohan trains in Spain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA