ADVERTISEMENT

ന്യൂയോർക്ക് ∙ വമ്പൻ താരങ്ങളെ അട്ടിമറിച്ച് യുഎസ് ഓപ്പണി‍ൽ അവിശ്വസനീയ കുതിപ്പ് തുടരുന്ന കാനഡയുടെ കൗമാരക്കാരി ലെയ്‌ല ഫെർണാണ്ടസ് വനിതാ സിംഗിൾസ് സെമിയിൽ. ലോക റാങ്കിങ്ങിൽ 73–ാം സ്ഥാനത്തുള്ള ലെയ്‌ല 5–ാം സീഡ് യുക്രെയ്ന്റെ എലിന സ്വിറ്റോലിനയെയാണു ക്വാർട്ടറിൽ വീഴ്ത്തിയത് (6-3, 3-6, 7-6). 19 വയസ്സുകാരിയായ ലെയ്‌ല യുഎസ് ഓപ്പൺ വനിതാ സെമിയിലെത്തുന്ന പ്രായം കുറഞ്ഞ താരങ്ങളിലൊരാളായി. നിലവിലെ ചാംപ്യൻ നവോമി ഒസാക, മുൻ ലോക ഒന്നാം നമ്പർ താരം ആഞ്ചലിക് കെർബർ എന്നിവരെ മുൻ റൗണ്ടുകളിൽ അട്ടിമറിച്ചെത്തിയ കനേഡിയൻ താരം ആ പോരാട്ടവീര്യം സെമിയിലും പുറത്തെടുത്തു. 

യുഎസ് താരങ്ങളില്ലാതെ ആദ്യമായി നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഗാലറിയുടെ പൂർണ പിന്തുണ ലെയ്‌ലയ്ക്കായിരുന്നു. കാനഡയിലാണു ജനിച്ചതെങ്കിലും ഏറെ നാളായി ലെയ്‌ലയും കുടുംബവും യുഎസിലെ ഫ്ലോറിഡയിലാണു താമസം. ഇടംകൈയിൽ റാക്കറ്റേന്തുന്ന താരം ഇന്നലെ 42 വിന്നറുകൾ പായിച്ചു. 2–ാം സീഡ് അരിന സബലേങ്കയാണു സെമിയിൽ ലെയ്‌ലയുടെ എതിരാളി. ഫ്രഞ്ച് ഓപ്പൺ ചാംപ്യൻ ബാർബോറ കെജ്രിക്കോവയെയാണു സബലേങ്ക  തോൽപിച്ചത് . ഇതോടെ ഇത്തവണത്തെ  വനിതാ വിഭാഗത്തിൽ പുതിയ ഗ്രാ‍ൻസ്‍ലാം ചാംപ്യന്റെ വരവിനു വേദിയാകും. 

ലെയ്‌ല ഫെർണാണ്ടസ്

∙കാനഡ

∙വയസ്സ്: 19

∙ലോക റാങ്ക്: 73

∙ഗ്രാൻസ്‍ലാം അരങ്ങേറ്റം: 2020

മെദ്‌വദേവ് സെമിയിൽ

പുരുഷ വിഭാഗത്തിൽ 2–ാം സീഡ് റഷ്യയുടെ ഡാനിൽ മെദ്‌വദേവ് സെമിയിലെത്തി. 4 സെറ്റ് നീണ്ട പോരാട്ടത്തിൽ ഡച്ച് താരം ബോട്ടിക് വാൻ ദെയെ കീഴടക്കിയ മെദ്‌വദേവ് (6–3, 6–0, 4–6, 7–5) തുടർച്ചയായ 3–ാം തവണയാണു യുഎസ് ഓപ്പൺ സെമിയിലെത്തുന്നത്.

12–ാം സീഡ് കാനഡയുടെ ഫിലിക്സ് ഓഷെ എലിയാസിമാണു സെമിയിൽ മെദ്‍വദേവിന്റെ എതിരാളി. ക്വാർട്ടറിൽ എലിയാസിമിന്റെ എതിരാളിയായിരുന്ന സ്പെയിന്റെ കൗമാര താരം കാർലോസ് അൽകാറ മത്സരത്തിനിടെ പരുക്കേറ്റു പിൻവാങ്ങുകയായിരുന്നു.

English Summary: Leylah Fernandez; US Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com