ADVERTISEMENT

ന്യൂയോർക്ക് ∙ പങ്കാളിത്ത സർട്ടിഫിക്കറ്റ് ലക്ഷ്യമിട്ട് യുഎസ് ഓപ്പൺ ടെന്നിസ് ടൂർണമെന്റിനെത്തിയ 18 വയസ്സുകാരി എമ റഡുകാനുവിന്റെ സ്വപ്നതുല്യ യാത്ര സെമി ഫൈനലെന്ന വണ്ടർലാൻഡിൽ. ക്വാർട്ടർ ഫൈനലിൽ ഒളിംപിക് സ്വർണമെഡൽ ജേതാവ് ബെലിൻഡ ബെലൂസിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ച  (6–3, 6–4) ബ്രിട്ടിഷ് കൗമാരതാരം യുഎസ് ഓപ്പണിൽ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയുള്ള കുതിപ്പ് തുടരുന്നു.

ലോക റാങ്കിങ്ങിൽ 150–ാം സ്ഥാനത്തുള്ള റഡുകാനു യോഗ്യതാ മത്സരങ്ങൾ വിജയിച്ചാണ് ഇത്തവണ യുഎസ് ഓപ്പൺ പ്രധാന റൗണ്ടിനു യോഗ്യത നേടിയത്. ഓപ്പൺ കാലഘട്ടത്തിൽ യോഗ്യതാ റൗണ്ടിലൂടെ വന്ന് യുഎസ് ഓപ്പൺ സെമിയിലെത്തുന്ന ആദ്യതാരമെന്ന നേട്ടവും ഈ കൗമാരക്കാരിക്കു സ്വന്തം. ഗ്രാൻസ്‍ലാം ടെന്നിസിന്റെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരവുമാണ്. ഇതോടെ ഇത്തവണ വനിതാ സെമിഫൈനലിൽ മത്സരിക്കുന്ന കൗമാര താരങ്ങളുടെ എണ്ണം രണ്ടായി. 73–ാം റാങ്കുകാരിയായ കാനഡയുടെ പത്തൊൻപതുകാരി ലെയ്‌ല ഫെർണാണ്ടസ് നേരത്തേ സെമിയിലെത്തിയിരുന്നു.

സെമിയിൽ 17–ാം സീഡ് ഗ്രീസിന്റെ മരിയ സക്കാരിയാണ് എതിരാളി. 2–ാം സെമിയിൽ ലെയ്‌ല ഫെർണാണ്ടസ് 2–ാം സീഡ് അരീന സബലേങ്കയെ നേരിടും.

∙ ജോക്കോവിച്ച് സെമിയിൽ

ന്യൂയോർക്ക് ∙ കലണ്ടർ സ്‌ലാം. റെക്കോർഡ് 21–ാം ഗ്രാൻസ്‌ലാം കിരീടം. 2 ഉഗ്രൻ നേട്ടങ്ങൾ വെറും 2 ജയമകലെ ലോക ഒന്നാം നമ്പർ ടെന്നിസ് താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ കാത്തിരിക്കുന്നു. പുരുഷ സിംഗിൾസിൽ 6–ാം സീഡ് ഇറ്റലിയുടെ മാറ്റിയോ ബെററ്റിനിയെ കീഴടക്കി ജോക്കോ സെമിയിലെത്തി. സ്കോർ: 5–7, 6–2, 6–2, 6–3. ചാംപ്യൻഷിപ്പിൽ ഇത്തവണ തുടർച്ചയായ 3–ാം മത്സരത്തിലാണ് ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷം സെർബിയൻ താരം ജയം നേടുന്നത്. ജർമനിയുടെ അലക്സാണ്ടർ സ്വരേവാണു സെമിയിൽ ജോക്കോയുടെ എതിരാളി. 

English Summary: Emma Raducanu becomes second teen in US Open semifinals 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com