യുഎസ് ഓപ്പണിൽ ‘കൗമാര ഫൈനൽ’; ലെയ്‌ല ഫെർണാണ്ടസ് (19) X എമ റഡുകാനു (18)!

emma-leylah
യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ഏറ്റുമുട്ടുന്ന എമ റഡുകാനുവും ലെയ്‌ല ഫെർണാണ്ടസും (യുഎസ് ഓപ്പൺ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ അപൂർവതയായി ഇത്തവണ കൗമാര താരങ്ങൾ ഫൈനലിൽ നേർക്കുനേർ. പങ്കാളിത്ത സർട്ടിഫിക്കറ്റ് ലക്ഷ്യമിട്ട് യുഎസ് ഓപ്പൺ ടെന്നിസ് ടൂർണമെന്റിനെത്തിയ ബ്രിട്ടന്റെ 18 വയസ്സുകാരി എമ റഡുകാനുവിന്റെ എതിരാളി 73–ാം റാങ്കുകാരിയായ കാനഡയുടെ പത്തൊൻപതുകാരി ലെയ്‌ല ഫെർണാണ്ടസ്. ഇന്നു നടന്ന സെമി പോരാട്ടത്തിൽ 17–ാം സീഡ് ഗ്രീസിന്റെ മരിയ സക്കാരിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് എമ വീഴ്ത്തിയത്. സ്കോർ: 6-1, 6-4.

മറ്റൊരു സെമിയിൽ ബെലാറൂസിന്റെ 2–ാം സീഡ് അരീന സബലേങ്കയെ തോൽപ്പിച്ചാണ് ലെയ്‌ല ഫെർണാണ്ടസ് ഫൈനലിൽ കടന്നത്. ആവേശകരമായ സെമിയിൽ 7-6 (7-3) 4-6 6-4 എന്ന സ്കോറിനാണ് ലെയ്‌ല സബലേങ്കയെ വീഴ്ത്തിയത്. ശനിയാഴ്ചയാണ് ഫൈനൽ.

ഗ്രാൻസ്‌ലാം ഓപ്പൺ കാലഘട്ടത്തിൽ ഇത് എട്ടാം തവണ മാത്രമാണ് കൗമാര താരങ്ങൾ കലാശപ്പോരിൽ നേർക്കുനേരെത്തുന്നത്. ഏറ്റവുമൊടുവിൽ 1999 യുഎസ് ഓപ്പൺ ഫൈനലിൽ സെറീന വില്യംസും സ്വിറ്റ്സർലൻഡ് താരം മാർട്ടിന ഹിൻജിസും ഏറ്റുമുട്ടിയപ്പോഴാണ് കൗമാരക്കാർ നേർക്കുനേരെത്തിയത്. അന്ന് സെറീന ജയിച്ചു.

ഇതിനകം നിലവിലെ ചാംപ്യൻ ജപ്പാന്റെ നവോമി ഒസാക, അഞ്ചാം സീഡ് എലീന സ്വിറ്റോലിന തുടങ്ങിയവരെ വീഴ്ത്തിയാണ് ലെയ്‌ല ഫൈനൽ വരെയെത്തിയത്. ലോക റാങ്കിങ്ങിൽ 150–ാം സ്ഥാനത്തുള്ള റഡുകാനു യോഗ്യതാ മത്സരങ്ങൾ വിജയിച്ചാണ് ഇത്തവണ യുഎസ് ഓപ്പൺ പ്രധാന റൗണ്ടിനു യോഗ്യത നേടിയത്. ഓപ്പൺ കാലഘട്ടത്തിൽ യോഗ്യതാ റൗണ്ടിലൂടെ വന്ന് യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യതാരമെന്ന നേട്ടവും ഈ കൗമാരക്കാരിക്കു സ്വന്തം. ഗ്രാൻസ്‍ലാം ടെന്നിസിന്റെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരവുമാണ്.

English Summary: Emma Raducanu To Face Leylah Fernandez In Historic All-Teen US Open Final

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS