ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസ് ഫൈനലിൽ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിനു കോർട്ടിൽ എതിരു നിൽക്കുന്നത് 2–ാം സീഡ് ഡാനിൽ മെദ്‌വദേവ് ആയിരിക്കാം; പക്ഷേ ചരിത്രത്തിന്റെ കോർട്ടിൽ അപ്പുറം നിൽക്കുന്നത് മറ്റു രണ്ടു പേരാണ്– സാക്ഷാൽ റോജർ ഫെഡററും റാഫേൽ നദാലും! മെദ്‌വദെവിനെതിരെ ജയിച്ചാൽ ജോക്കോ 21–ാം ഗ്രാൻസ്‌ലാം കിരീടവുമായി റോജറെയും റാഫയെയും ഒരടി പിന്നിലാക്കി ഒറ്റയാനാകും. ഒപ്പം ഒരു വർഷത്തെ എല്ലാ ഗ്രാൻസ്‌ലാം കിരീടങ്ങളും നേടുക എന്ന കലണ്ടർ സ്‌ലാം നേട്ടവും കൈവരിക്കും. ആർതർ ആഷെ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.30നാണ് മത്സരം. സ്റ്റാർ‌ സ്പോർട്സ് സിലക്ട് ചാനലുകളിൽ തൽസമയം. 

കലണ്ടർ ‌സ്‌ലാം നേട്ടത്തിനായി ജോക്കോ ഇതുവരെ 27 മത്സരങ്ങൾ ജയിച്ചു കഴിഞ്ഞു. ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൻ എന്നിവയിൽ 7 മത്സരങ്ങൾ വീതം. ഇവിടെ യുഎസ് ഓപ്പണിൽ 6 മത്സരവും. കലണ്ടർ സ്‌ലാം കൈവരിച്ചാൽ ഡോൺ ബഡ്ജിനും (1938) റോഡ് ലേവർക്കും (1969) ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ പുരുഷ താരമാകും ജോക്കോ. ഓസ്ട്രേലിയക്കാരനായ ലേവർ ഇന്നു മത്സരം കാണാനെത്തുന്നുണ്ട്. കരിയറിൽ നിലവിൽ 20 ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങളുമായി റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവർക്കൊപ്പമാണ് സെർബിയൻ താരം ജോക്കോവിച്ച്. ജോക്കോയുടെ ലക്ഷ്യം 21–ാം കിരീടമാണെങ്കിൽ മെദ്‌വെദെവിന്റെ ഉന്നം ആദ്യ ഗ്രാൻസ്‌ലാം കിരീടമാണ്. ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ജോക്കോവിച്ചിനോടു തോറ്റതിന്റെ നീറ്റലും റഷ്യൻ താരത്തിന്റെ മനസ്സിലുണ്ടാകും. 

ജയിച്ച് കിരീടവും റെക്കോർഡും സ്വന്താക്കിയാലും ഒരു നഷ്ടബോധം ജോക്കോവിച്ചിനെ അലട്ടിയേക്കാം. അപൂർവമായ ‘ഗോൾഡൻ സ്‌ലാം’ നേട്ടം താൻ കൈവിട്ടു കളഞ്ഞല്ലോ എന്നതാണത്. കലണ്ടർ സ്‌ലാമിനൊപ്പം ഒളിംപിക് സിംഗിൾസ് സ്വർണം കൂടി നേടുന്നതാണ് ഗോൾ‍ഡൻ സ്‌ലാം. ജർമൻ വനിത സ്റ്റെഫി ഗ്രാഫ് മാത്രമാണ് ‘ഗോൾഡൻ സ്‌ലാം’ നേടിയ ഒരേയൊരു താരം (1988). ഈ വർഷം ടോക്കിയോ ഒളിംപിക്സിലെ സെമിഫൈനലിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവിനോടാണ് ജോക്കോ തോറ്റു പോയത്. സ്വരേവിനെ തന്നെയാണ് ഇന്നലെ ഇവിടെ സെമിയിൽ ജോക്കോ തോൽപിച്ചത്. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ 4–6,6–2,6–4,4–6,6–2 എന്ന സ്കോറിനാണ് ജോക്കോയുടെ ജയം. മെദ്‌വദേവ് സെമിയിൽ കനേഡിയൻ താരം ഫെലിക്സ് ഒഷെ അലിയസിമെയെ മറികടന്നു (6–4,7–5,6–2). 

∙ ആദ്യ സെറ്റ് നഷ്ടമാക്കിയശേഷം ജോക്കോവിച്ച് മത്സരം ജയിക്കുന്നത് ഈ സീസണിൽ ഇതു 10–ാം തവണയാണ്. 

∙ ‘ഒരേയൊരു മത്സരം മാത്രം ബാക്കി. എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായാണ് ഞാനിതു കാണുന്നത്. അങ്ങനെയല്ലെങ്കിൽ പോലും ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സരം ഇതു തന്നെ..’ – ജോക്കോവിച്ച് 

English Summary: US Open Tennis final - Novak Djokovic vs Daniil Medvedev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com