sections
MORE

യുഎസ് ഓപ്പൺ ഫൈനലിൽ ജോക്കോ ഇന്നിറങ്ങും; ലക്ഷ്യം കലണ്ടർ ഗ്രാൻ‌സ്‌ലാം

TENNIS-GBR-WIMBLEDON
വിമ്പിൾഡൻ ടെന്നിസിൽ ദക്ഷിണാഫ്രിക്കൻ താരം കെവി‍ൻ ആൻഡേഴ്സനെ പരാജയപ്പെടത്തിയശേഷം ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്. ചിത്രം: BEN STANSALL / AFP
SHARE

യുഎസ് ഓപ്പൺ ഫൈനലിൽ ഇന്ന് ലോക ഒന്നാം നമ്പർ  താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് ജയിച്ചാൽ അദ്ദേഹം സ്വന്തമാക്കുക ലോക ടെന്നിസിലെ അപൂർവനേട്ടങ്ങളിൽ ഒന്നാവും: കലണ്ടർ ഗ്രാൻസ്‌ലാം കിരീടം. ഈ നേട്ടം സ്വന്തമാക്കിയ വിരലിലെണ്ണാവുന്ന താരങ്ങളുടെ കൂട്ടത്തിലേക്കാവും ജോക്കോ മാർച്ച് ചെയ്യുക. പുതുതലമുറ ആദ്യമായി കാണാൻ പോകുന്ന ടെന്നിസിലെ അപൂർവ ബഹുമതിയാണ് അദ്ദേഹം ലോകത്തിന് സമ്മാനിക്കുക. 

1988ൽ സാക്ഷാൽ സ്റ്റെഫി ഗ്രാഫാണ് ഈ നേട്ടം അവസാനമായി സ്വന്തമാക്കിയത്. ടെന്നിസിലെ ഗ്രാൻസ്‍ലാം ടൂർണമെന്റുകളായ ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൻ, യുഎസ് ഓപ്പൺ എന്നിവയിൽ ഒരേ കലണ്ടർ വർഷം കിരീടങ്ങൾ നേടുന്നതിനാണ്  ഗ്രാൻസ്‍ലാം എന്നു പറയുന്നത്.

 ഗ്രാൻസ്‍ലാം പദവി സ്വന്തമാക്കിയ ആദ്യ  കളിക്കാരൻ അമേരിക്കയുടെ ജോൺ ഡൊണാൾഡ് ബഡ്‌ജ് (1938) ആണ്. ബഡ്‌ജിനു ശേഷം ഗ്രാൻസ്‍ലാം സ്വന്തമാക്കിയ ഏക പുരുഷ താരമാണ് റോഡ്‌നി ജോർജ് ലെവർ. ഓസ്‌ട്രേലിയക്കാരനായ അദ്ദേഹം രണ്ടു തവണ ഈ നേട്ടം കൈവരിച്ചു– 1962ലും 1969ലും. രണ്ട് കലണ്ടർ സ്ലാമുകൾ സ്വന്തമാക്കിയ ഏക വ്യക്തിയാണ് അദ്ദേഹം. 

മൗറീൻ കാതറിൻ കൊണോളി (യുഎസ്, 1953), മാർഗരറ്റ് സ്മിത്ത് കോർട്ട് (ഓസ്‌ട്രേലിയ, 1970), സ്‌റ്റെഫി ഗ്രാഫ് (ജർമനി, 1988) എന്നിവരാണ് ഗ്രാൻസ്‍ലാം സ്വന്തമാക്കിയ വനിതാ താരങ്ങൾ. ഓപ്പൺ യുഗത്തിൽ (1968നുശേഷം) ഗ്രാന്‍സ്‍ലാം കൈവരിച്ചത് വെറും മൂന്നു താരങ്ങൾ മാത്രമാണ്– 1969ൽ റോഡ്നി ലെവറും 1970ൽ മാർഗരറ്റ് കോർട്ടും 1988ൽ സ്റ്റെഫിയും.

Novak Djokovic

∙ സ്റ്റെഫിയുടെ ‘ഗോൾഡൻ’ നേട്ടം

കലണ്ടർ സ്‌ലാമിനൊപ്പം അതേ വർഷംതന്നെ ഒളിംപിക്‌സ് സ്വർണവും നേടിയാൽ ഗോൾഡൻ സ്‌ലാം എന്നു പറയും. 1988ലെ 4 ഗ്രാൻസ്‍ലാം സിംഗിൾസ് കിരീടങ്ങളും സോൾ ഒളിംപിക്‌സിൽ സിംഗിൾസ് സ്വർണവും സ്വന്തമാക്കിയ സ്‌റ്റെഫി ഗ്രാഫാണ് ഗോൾഡൻ സ്‌ലാം സ്വന്തമാക്കിയ ഏക ടെന്നിസ് താരം. തുടർച്ചയായ 35 ജയങ്ങളുമായാണ് സ്‌റ്റെഫി 1988 ഒളിംപിക് മൽസരങ്ങൾക്കായി സോളിലേക്ക് വിമാനം കയറിയത്. 

സമകാലിക ഇതിഹാസങ്ങളായ അർജന്റീനയുടെ ഗബ്രിയേല സെബാറ്റിനി, അമേരിക്കയുടെ ക്രിസ് എവർട്ട് എന്നിവരും ഒളിംപിക് സ്വർണം മോഹിച്ച് എത്തിയിരുന്നു. സെമിയിൽ അമേരിക്കയുടെ സിന ഗാരിസണിനെ സ്‌റ്റെഫി തോൽപ്പിച്ചപ്പോൾ ബൾഗേറിയയുടെ മാനുവേല മലീവയെ സെബാറ്റനി പറഞ്ഞയച്ചു. 

ഒക്‌ടോബർ ഒന്നിനായിരുന്നു ഫൈനൽ. തൊട്ടുമുൻപ് നടന്ന യുഎസ് ഓപ്പൺ ഫൈനലിന്റെ തനിയാവർത്തനം. ഫൈനൽ എന്നതിലുപരി അന്നത്തെ പ്രധാന താരങ്ങൾ തമ്മിലുള്ള വീറും വാശിയുമേറിയ പോരാട്ടം. ഒരു മണിക്കൂർ 22 മിനിറ്റ് നീണ്ട പോരാട്ടത്തിൽ സ്‌റ്റെഫിക്കുതന്നെയായിരുന്നു ജയം.  അക്കൊല്ലംതന്നെ ഡബിൾസിൽ വെങ്കലവും 1992ലെ ബാർസിലോന ഒളിംപിക്‌സ് സിംഗിൾസിൽ വെള്ളിയും നേടിയിട്ടുണ്ട് സ്‌റ്റെഫി. 

English Summary: Novak Djokovic all set for calandar Grand Slam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA