ജോക്കോയുടെ പരിചയസമ്പന്നതയെ വീഴ്ത്തിയ 25ന്റെ വീര്യം; റഷ്യയുടെ മെദ്‌വ‘ദേവൻ’!

TENNIS-US-OPEN-2021
യുഎസ് ഓപ്പൺ ടെന്നിസ് ഫൈനലിനു ശേഷം റണ്ണർ അപ് ട്രോഫിയുമായി നൊവാക് ജോക്കോവിച്ചും (ഇടത്), കിരീടവുമായി ഡാനിൽ മെദ്‌വദേവും (വലത്)
SHARE

ആറടി ആറിഞ്ചിന്റെ തലപ്പൊക്കത്തോടെ നിറഞ്ഞുചിരിക്കുകയാണ് ഡാനിൽ മെദ്‌വദേവ്. യുഎസ് ഓപ്പൺ ടെന്നിസിൽ കിരീടം നേടിയപ്പോൾ ഈ റഷ്യൻ താരത്തിന്റെ ആദ്യ ഗ്രാൻസ്‌ലാം  നേട്ടം എന്നതിലേറെ ചർച്ച ചെയ്യപ്പെട്ടത് നഷ്ടപ്പെടുത്തിയ ഒരു 21–ാം ഗ്രാൻസ്‌ലാം കിരീടമാണ്.  ആരാധകരുടെ മനസ്സു നിറയെ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനു നഷ്ടപ്പെട്ട മഹത്തായ നേട്ടത്തിന്റെ അലയൊലികളാണ്. കളിക്കിടെ നിരാശനായി റാക്കറ്റ് അടിച്ചുടച്ച, മത്സരശേഷം കണ്ണീരണിഞ്ഞ് ഗാലറിയെ അഭിവാദ്യം ചെയ്ത ജോക്കോയാണ് അവരുടെ മനസ്സിൽ. അതുകൊണ്ടാകണം കന്നിക്കിരീടം നേടിയ ശേഷം ഈ 25 വയസ്സുകാരൻ പരസ്യമായി ജോക്കോയോയും ആരാധകരോടും മാപ്പു ചോദിച്ചത്. 

കലണ്ടർസ്‌ലാം നേടാനും ടെന്നിസ് ഇതിഹാസങ്ങളായ റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരെ ഗ്രാൻസ്‌ലാം നേട്ടത്തിൽ മറികടക്കാനും ജോക്കോയ്ക്ക് ഈയൊരൊറ്റ വിജയം മതിയായിരുന്നു. ആ നേട്ടത്തിലേക്കുള്ള അവസാന വാതിൽപ്പടിയിലാണ് ജോക്കോയ്ക്കു കാലിടറിപ്പോയത്.  ജോക്കോയുടെ 34 വയസ്സിനെയും പരിചയ സമ്പന്നതയേയും 25 വയസ്സിന്റെ കരുത്തുകൊണ്ടും ആവേശം കൊണ്ടും മെദ്‌വദേവ് നിഷ്പ്രഭമാക്കി. 6–4, 6–4, 6–4 എന്ന നിലയിൽ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കപ്പെട്ടപ്പോൾ ജോക്കോ കര‍ഞ്ഞില്ലെങ്കിലല്ലേ അദ്ഭുതം.

ഫെഡററേയും നദാലിനേയും പിന്തള്ളി 21 ഗ്രാൻസ്‌ലാം കിരീടങ്ങളെന്ന റെക്കോർഡിടാൻ ജോക്കോയ്ക്ക് ഇനിയും അവസരമുണ്ടെങ്കിലും കലണ്ടർ സ്‌ലാം എന്ന അനുപമനേട്ടം വിദൂരമായി തുടരാനാണു സാധ്യത. പ്രായത്തിന്റെ പ്രതിരോധം തന്നെ പ്രധാന കാരണം. പിന്നെ, മെദ്‌വദേവിനെപ്പോലുള്ള യുവതുർക്കികളുടെ ചോരത്തിളപ്പും. 

യുഎസ് താരം ഡോൺ ബഡ്ജ് (1938), ഓസ്ട്രേലിയൻ താരം റോ‍ഡ് ലേവർ (1962, 1969) എന്നിവരാണ് ഇക്കാലത്തിനിടെ കലണ്ടർ സ്‌ലാം സ്വന്തമാക്കിയ പുരുഷ താരങ്ങൾ. ലേവർ രണ്ടു തവണ നേടിയിട്ടുണ്ടു താനും. അവരുടെ ശ്രേണിയിലേക്ക് മറ്റൊരു പുരുഷതാരം എത്താനുള്ള അരനൂറ്റാണ്ടിലേറെയായ കാത്തിരിപ്പിനാണ് മെദ്‌വദേവിന്റെ റാക്കറ്റ് വഴിയടച്ചത്. 

Novak Djokovic

പരിപൂർണനായ കളിക്കാരൻ എന്നാണ് ജോക്കോ, മെദ്‌വദേവിനെ വിശേഷിപ്പിക്കുന്നത്. ആ പരിപൂർണത തന്നെയാണ് ജോക്കോയെ ചരിത്രത്തിന്റെ വാതിൽപ്പടിയിൽ നിർത്തി കരയിപ്പിച്ചതും.  21 വർഷത്തിനുശേഷമാണ് ഒരു റഷ്യൻ പുരുഷതാരം യുഎസ് ഓപ്പണിൽ കിരീടം നേടുന്നത്.  മെദ്‌വദേവിലേക്കു വരാം. കന്നി ഗ്രാൻസ്‌ലാം നേട്ടം ഈ പോരാളിക്ക് വെറുമൊരു തുടക്കം മാത്രമേ ആകുന്നുള്ളൂ. 1.98 മീറ്ററെന്ന ഉയരം മുതലാക്കുന്ന റഷ്യൻ താരത്തിന്റെ സർവീസ് റിട്ടേണുകൾ അപാരമാണെന്നാണ് കളിപ്രേമികളുടെ സാക്ഷ്യം. ബേസ് ലൈൻ റാലികളുടെ കാര്യത്തിലും അദ്വിതീയൻ. ഇപ്പോൾ ലോകത്തിലുള്ള മികച്ച താരമാണ് മെദ്‌വദേവെന്ന ജർമൻ ടെന്നിസ് താരം അലക്സാണ്ടർ സ്വരേവിന്റെ വാക്കുകൾ ആ മികവിന് അടിവരയിടുന്നു. 

ഒന്നാം സീഡായിരുന്നു ഇവിടെ ജോക്കോവിച്ച്. മെദ്‌വദേവാകട്ടെ രണ്ടാം സീഡും. ജോക്കോയ്ക്കു പിന്നിൽ ലോക രണ്ടാം നമ്പറുമാണ് മെദ്‌വദേവ്. യുഎസ് ഓപ്പൺ ഫൈനലിൽ ഇറങ്ങും മുൻപ് മുഖാമുഖം നിന്ന കളികളിൽ ജോക്കോയ്ക്ക് മുൻതൂക്കവുമുണ്ടായിരുന്നു. ജോക്കോ 5 ജയം നേടിയപ്പോൾ മെദ്‌വദേവിന്റെ ജയം മൂന്നിലൊതുങ്ങി. എന്നു മാത്രമല്ല ജോക്കോയുടെ 20 ഗ്രാൻസ്‌ലാം  കിരീടങ്ങളുടെ തിളക്കത്തിനു മുന്നിൽ എതിരാളിയുടെ കിരീടമില്ലായ്മയും വലിയൊരന്തരമായിരുന്നു. അതിനെയെല്ലാം കാറ്റിൽ പറത്തിയാണ് റഷ്യൻ താരത്തിന്റെ വിജയം.

മെദ്‌വദേവ് ഗ്രാൻസ്‌ലാമിൽ അരങ്ങേറിയത് 2014ലാണ്. അങ്ങനെ നോക്കിയാൽ ഇതേഴാം വർഷം. ഇക്കാലമത്രയും മനസ്സിൽ കൊതിച്ച ഒരു വിജയം സ്വന്തമാക്കുമ്പോൾ ടെന്നിസ് ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലിന് വഴിമുടക്കിയായെന്ന പേരുദോഷം കൂടി കിട്ടിയെന്നു മാത്രം. വൻമരങ്ങൾ വീഴ്ത്താതെ ചെറുമരങ്ങൾക്ക് ഉയരങ്ങളിലെത്താനാകില്ലല്ലോ എന്നു ന്യായീകരിക്കാം. ഒരുകാലം രാജാവായി വിരാജിച്ച ഫെഡററെയൊക്കെ വീഴ്ത്തി മുൻ സീറ്റിലേക്കു കയറിയ ജോക്കോയ്ക്ക് അതേ നാണയത്തിൽ മറ്റൊരു യുവതുർക്കിയുടെ ഓർമപ്പെടുത്തൽ എന്നത് കാലം കാത്തുവച്ചതായിരിക്കാം. 

1996 ഫെബ്രുവരി 11ന് മോസ്കോയിൽ ജനിച്ച മെദ്‌വദേവ് 2019ൽ ഇവിടെ റണ്ണറപ്പായിരുന്നു.  ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണിലും രണ്ടാം സ്ഥാനം. വിംബിൾഡനിൽ നാലാം റൗണ്ടാണ് മികച്ച നേട്ടം. ഒളിംപിക്സിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായി. 13 എടിപി കിരീടങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ എടിപി ഫൈനൽസിൽ ജോക്കോവിച്ച്, നദാൽ, ഡൊമിനിക് തീം എന്നിവരെ കീടക്കിയാണ് മെദ്‌വദേവ് ജേതാവായത്. മുകളിലുള്ള 3 താരങ്ങളെ കീഴടക്കി പിടിച്ചെടുത്ത ആ കിരീടം ഈ യുവാവിന് നൽകിയ ആത്മവിശ്വാസം ചില്ലറയല്ല. ആ ആത്മവിശ്വാസമാണ് ന്യൂയോർക്കിൽ പുതുവസന്തമായി പൂത്തുലഞ്ഞതും. 

English Summary: Danil Medvadev beats Novak Djokovic to in maiden Grand Slam title

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA