ADVERTISEMENT

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ഫൈനലിലെ തോൽവിയോടെ കലണ്ടർ സ്‌ലാം സ്വപ്നം വീണുടഞ്ഞപ്പോൾ‌ കണ്ണീരണിഞ്ഞ് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്. ‘ആശ്വാസം, എല്ലാം കഴിഞ്ഞല്ലോ’– റഷ്യയുടെ ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ്‌വദേവിനെതിരായ തോൽവിക്കു പിന്നാലെ ജോക്കോവിച്ച് പ്രതികരിച്ചു.

1969നു ശേഷമുള്ള ആദ്യ കലണ്ടർ സ്‌ലാം നേട്ടമാണു ആർതുർ അഷെ സ്റ്റേഡിയത്തിൽ ജോക്കോവിച്ച് കൈവിട്ടത്. ‘കഴിഞ്ഞ 2 ആഴ്ചയ്ക്കിടെ ഉണ്ടായ അമിത സമ്മർദം പ്രകടനത്തെ ബാധിച്ചു. എനിക്കു താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു പല കാര്യങ്ങളും. എല്ലാം അവസാനിച്ചതിൽ ആശ്വാസമുണ്ട്, ഒപ്പം നിരാശയും. നിർണായക ഘട്ടത്തിൽ എനിക്കു പിന്തുണ നൽകിയ ആരാധകർക്കു നന്ദി’– മത്സരശേഷം ജോക്കോവിച്ച് പറഞ്ഞു. 

ഇതിനു പിന്നാലെ, റെക്കോർഡ് നഷ്ടമാക്കിയതിനു സമ്മാനദാന ചടങ്ങിൽവച്ചു ജോക്കോവിച്ചിനോടു മെദ്‌വദേവ് മാപ്പു പറഞ്ഞു. ‘ജോക്കോയ്ക്കും ആരാധകർക്കും മാപ്പ്. കാരണം, ജോക്കോ ലക്ഷ്യമിട്ടിരുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാമല്ലോ. കരിയറിൽ സ്വന്തമാക്കിയ നേട്ടങ്ങൾ എടുത്തു നോക്കിയാൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താങ്കളാണെന്നു ഞാൻ പറയും’– മെദ്‌വദേവിന്റ വാക്കുകൾ. 

4 ഗ്രാൻ‌സ്‌ലാം കിരീടങ്ങളായ വിംബിൾഡൻ, ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ എന്നിവ ഒരേ വർഷംതന്നെ സ്വന്തമാക്കുന്ന താരമെന്ന (കലണ്ടർ സ്‌ലാം) നേട്ടമാണു ജോക്കോ കൈവിട്ടത്. മത്സരത്തിന്റെ തുടക്കം മുതൽ അമിത സമ്മർദത്തിലായിരുന്ന ജോക്കോ റാക്കറ്റ് അടിച്ചുടയ്ക്കുന്ന കാഴ്ചയ്ക്കും ആരാധകർ സാക്ഷിയായി. 

രണ്ടാം സെറ്റിൽ പോയിന്റ് നഷ്ടമാക്കിയതിനു പിന്നാലെയായിരുന്നു സംഭവം. 6–4, 6–4, 6–4 നായിരുന്നു 34 കാരനായ ജോക്കോയുടെ തോൽവി. 20 പുരുഷ ഗ്രാൻ‌സ്‌ലാം സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള ജോക്കോവിച്ച് റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവർക്കൊപ്പം തുല്യത പാലിക്കുകയാണിപ്പോൾ. 

അതേ സമയം കരിയറിലെ ആദ്യ ഗ്രാൻ‌സ്‌ലാം കിരീടമാണു മെദ്‌വദേവ് സ്വന്തമാക്കിയത്. മരത് സാഫിനു ശേഷം (2005 ഓസ്ട്രേലിയൻ ഓപ്പൺ) ആദ്യമായാണ് ഒരു റഷ്യൻ പുരുഷ താരം ഗ്രാൻ‌സ്‌ലാം കിരീടം നേടുന്നത്. 

English Summary: Watch: Novak Djokovic Smashes Racquet In Frustration During US Open Final Defeat To Daniil Medvedev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com