റാക്കറ്റ് തല്ലിത്തകർക്കുന്നവരുടെ ‘റാക്കറ്റിൽ’‌ ജോക്കോവിച്ച് ഒറ്റയ്ക്കല്ല; തല്ലിപ്പൊളി ‘റാക്കറ്റ്’!

djokovic-racket
റാക്കറ്റ് തല്ലിത്തകർക്കുന്ന ജോക്കോവിച്ച് (ട്വിറ്റർ ചിത്രം)
SHARE

ടോക്കിയോ ഒളിംപിക്സിലും യുഎസ് ഓപ്പണിലും തോറ്റതോടെ ‘ഗോൾഡൻ സ്‌ലാം’ എന്ന നേട്ടം കൈവിട്ടെങ്കിലും മറ്റൊരു കാര്യത്തിൽ നൊവാക് ജോക്കോവിച്ചിന് ‘ഗോൾഡൻ സ്‌ലാം’ കിട്ടാൻ സാധ്യതയുണ്ട്– റാക്കറ്റ് എറിഞ്ഞു തകർക്കുന്ന കാര്യത്തിൽ‌! ടോക്കിയോ ഒളിംപിക്സി‍ൽ അലക്സാണ്ടർ സ്വരേവിനെതിരെയുള്ള സെമിഫൈനൽ മത്സരത്തിനിടെ റാക്കറ്റിനോട് അരിശം തീർത്ത ജോക്കോ കഴിഞ്ഞ ദിവസം യുഎസ് ഓപ്പൺ ഫൈനലിൽ ഡാനിൽ മെദ്‌വദേവിനെതിരെയും അതാവർത്തിച്ചു.

ലൈൻ അംപയറുടെ ദേഹത്തേക്കു പന്ത് അടിച്ചുവിട്ടതിന് അയോഗ്യത വരെ കിട്ടിയ ചരിത്രമുള്ള ജോക്കോയ്ക്ക് ഇതത്ര പുതുമയുള്ള കാര്യമല്ലെങ്കിലും! ജോക്കോ മാത്രമല്ല, ജോൺ മക്കൻറോ മുതൽ സെറീന വില്യംസ് വരെ ലോക ടെന്നിസിലെ പല ഇതിഹാസങ്ങളും ‘റാക്കറ്റ് സ്മാഷിങ്’ എന്ന കലയിൽ പേരുകേട്ടവരാണ്.

∙ ജോക്കോയുടെ റാക്കറ്റ്

ഹെഡ് കമ്പനി നിർമിച്ചു നൽകുന്ന PT113B റാക്കറ്റാണ് യുഎസ് ഓപ്പൺ ഫൈനലിൽ ജോക്കോവിച്ച് നിലത്തടിച്ചു തകർത്തത്. ഈ റാക്കറ്റ് വിപണിയിൽ ലഭ്യമല്ല. ഇതിന്റെ വകഭേദമായ ഹെഡ് ഗ്രാഫീൻ 360 സ്പീഡ് പ്രോ റാക്കറ്റാണ് ലഭ്യമായിട്ടുള്ളത്. വില ഏകദേശം 230 ഡോളർ (ഏകദേശം 17,000 രൂപ). പരസ്യ ആവശ്യത്തിനായി ഹെഡ് ഗ്രാഫീൻ 360 സ്പീഡ് പ്രോയുടെ അതേ നിറങ്ങൾ ജോക്കോവിച്ച് സ്വന്തം റാക്കറ്റിലും ഉപയോഗിക്കുന്നുവെന്നു മാത്രം.

∙ ഒരു വർഷം, 48 റാക്കറ്റുകൾ!

ടെന്നിസ് ചരിത്രത്തിൽ റാക്കറ്റ് തകർക്കുന്നതിൽ ഒന്നാമനൊന്നുമല്ല ജോക്കോവിച്ച്. മുൻ റഷ്യൻ ടെന്നിസ് താരം മാരറ്റ് സഫിൻ ഇക്കാര്യത്തിൽ താൻ തന്നെയാണ് ഒന്നാമനെന്നു പറഞ്ഞിട്ടുണ്ട്. കരിയറിലാകെ താൻ 1055 റാക്കറ്റുകൾ തകർത്തിട്ടുണ്ട് എന്നായിരുന്നു 2 വട്ടം ഗ്രാൻ‌സ്‌ലാം ചാംപ്യനായിട്ടുള്ള സഫിന്റെ അവകാശവാദം. ഇതിനു കണക്കൊന്നുമില്ലെങ്കിലും 1999ൽ മാത്രം സഫിൻ തകർത്ത റാക്കറ്റുകൾ 48 എണ്ണമാണ്!

എന്നാൽ, ഒരു മത്സരത്തിനിടെ മാത്രം കൂടുതൽ റാക്കറ്റുകൾ തകർത്തതിന്റെ റെക്കോർഡ് സൈപ്രസ് താരം മാർക്കസ് ബഗ്ദാത്തീസിനാണ്. 2012ലെ ഓസ്ട്രേലിയൻ ഓപ്പണിൽ സ്റ്റാനിസ്‌ലാസ് വാവ്റിങ്കയ്ക്കെതിരെയുള്ള ഒരു മത്സരത്തിൽ 4 റാക്കറ്റുകളാണ് ബഗ്ദാത്തീസ് തകർത്തു കളഞ്ഞത്.

∙ പുരുഷാധിപത്യം!

റാക്കറ്റ് എറിഞ്ഞു തകർക്കുന്നതിൽ പുരുഷന്മ‍ാർ വനിതകളെക്കാൾ ഏറെ മുന്നിലാണ്. 1998 മുതൽ 2018 വരെയുള്ള ഗ്രാൻ‌സ്‌ലാം ചാംപ്യൻഷിപ്പുകളിലായി 646 വട്ടമാണ് പുരുഷ താരങ്ങൾ റാക്കറ്റ് തകർത്തതിനു പിഴ വാങ്ങിയത്. വനിതകൾ 99 മാത്രം!

∙ നൂറിരട്ടി വില കൂടി!

ഇത്ര വിലയുള്ള റാക്കറ്റ് എറിഞ്ഞു തകർക്കണോ എന്നു ചോദിക്കുന്നവർക്കു മുന്നിൽ ഇതാ ഒരു കണക്ക്: 2018 യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിനിടെ യുഎസ് താരം സെറീന വില്യംസ് എറിഞ്ഞു തകർത്ത റാക്കറ്റിനു ലേലത്തിൽ കിട്ടിയത് 20,910 യുഎസ് ഡോളറാണ് (ഏകദേശം 15 ലക്ഷം രൂപ). റാക്കറ്റിന്റെ യഥാർഥ വിലയുടെ നൂറിരട്ടി!

English Summary: US Open: Novak Djokovic smashed his racket

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA