ADVERTISEMENT

തായ്പേയ് (തയ്‍വാൻ) ∙ ചൈനയുടെ മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനു പിന്നാലെ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷയായ ടെന്നിസ് താരം പെങ് ഷുവായിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കായികലോകം ഒറ്റക്കെട്ടായി രംഗത്ത്. ‘പെങ് ഷുവായി എവിടെ?’ (#WhereIsPengShuai) എന്ന ഹാഷ്ടാഗിലാണ് താരത്തെ കണ്ടെത്തുന്നതിനായുള്ള ക്യാംപെയിൻ ശക്തമായി നടക്കുന്നത്. ടെന്നിസ് താരങ്ങളായ നൊവാക് ജോക്കോവിച്ച്, സെറീന വില്യംസ്, നവോമി ഒസാക, കിം ക്ലൈസ്റ്റേഴ്സ്, കോകോ ഗാഫ്, സിമോണ ഹാലെപ്പ്, പെട്ര ക്വിറ്റോവ, ആൻഡി മറി, ഫുട്ബോൾ താരം ജെറാർഡ് പിക്വെ തുടങ്ങിയവരെല്ലാം താരത്തെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.

അതിനിടെ, താരം സുരക്ഷിതയാണെന്ന് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ എഡിറ്റർ ഇൻ ചീഫ് ഹു ഷിൻജിൻ അവകാശപ്പെട്ടു. പെങ് ഷുവായ് അധികം വൈകാതെ പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടുമെന്ന് ഷിൻജിൻ ‍വ്യക്തമാക്കി. ചൈനയിലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക മാധ്യമമായ പീപ്പിൾസ് ഡെയ്‍ലി പുറത്തിറക്കുന്ന പത്രമാണ് ‘ദ് ഗ്ലോബൽ ടൈംസ്’.

‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവർ സ്വന്തം വീട്ടിൽ സുരക്ഷിതയായി കഴിയുന്നുണ്ട്. ഈ ഘട്ടത്തിൽ ശല്യങ്ങളിൽനിന്ന് അകന്ന് സ്വസ്ഥമായി കഴിയാനാണ് പെങ് ഷുവായിയുടെ തീരുമാനം. അധികം വൈകാതെ അവർ പൊതുജനമധ്യത്തിലെത്തും. പൊതു ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യും’ – ഷിൻജിൻ ട്വിറ്ററിൽ കുറിച്ചു. പെങ് ഷുവായ് വീട്ടിലുണ്ടെന്ന കാര്യം താൻ സ്ഥിരീകരിച്ചതാണെന്നും ഷിൻജിൻ അവകാശപ്പെട്ടു.

∙ സംശയമുയർത്തി ഇ–മെയിൽ

അതേസമയം, പെങ് ഷുവായിയുടേതായി ചൈനയുടെ ഔദ്യോഗിക പ്രക്ഷേപകരായ സിജിടിഎന്നിൽ വന്ന ഇ–മെയിൽ അവരുടെ തിരോധാനത്തെക്കുറിച്ചുള്ള ദുരൂഹത കൂട്ടി. ‘ഞാൻ സുരക്ഷിതയാണ്, ആരോപണം അസത്യമായിരുന്നു’– എന്നാണ് ഇ–മെയിലിലെ അറിയിപ്പ്.

3 ഒളിംപിക്സിൽ പങ്കെടുക്കുകയും 2013 ൽ വിമ്പിൾഡനും പിറ്റേവർഷം ഫ്രഞ്ച് ഓപ്പൺ ഡബിൾസും നേടുകയും ചെയ്ത മുൻ ലോക ഒന്നാം നമ്പർ ഡബിൾസ് താരം പെങ് (35) ഈ മാസം രണ്ടിന് സമൂഹമാധ്യമമായ വെയ്ബോയിലൂടെയാണ് 75 കാരൻ സാങ്ങിനെതിരെ ആരോപണം ഉന്നയിച്ചത്. പോസ്റ്റ് വെയ്ബോ ഉടൻ നീക്കം ചെയ്തെങ്കിലും വിവാദം കത്തിപ്പടർന്നു. പെങ്ങിനെക്കുറിച്ച് പിന്നീട് വിവരമില്ല. അവർ ജീവിച്ചിരിപ്പുണ്ടോ എന്നും പോലും സംശയിക്കുന്നു. 2018ൽ വിരമിച്ച സാങ് ഇപ്പോൾ പൊതുരംഗത്തില്ല.

ശീതകാല ഒളിംപിക്സിന് ചൈന 3 മാസത്തിനുശേഷം ആതിഥ്യമരുളാനിരിക്കെ വിവാദം രാജ്യാന്തര തലത്തിൽ ചർച്ചയായിട്ടുണ്ട്. ഒന്നുമറിയില്ലെന്നാണ് ചൈനയുടെ പ്രതികരണം. പെങ്ങിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് വനിതാ ടെന്നിസ് അസോസിയേഷൻ (ഡബ്ല്യുടിഎ) ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ ചൈനയിൽ ഡബ്ല്യുടിഎ ടൂർണമെന്റുകൾ നടത്തില്ലെന്ന് രാജ്യാന്തര ടെന്നിസ് ഫെഡറേഷൻ വക്താവ് ഹീഥർ ബോളർ അറിയിച്ചു

English Summary: China tennis player Peng will reappear in public 'soon'- Global Times editor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com