ADVERTISEMENT

ടെന്നിസ് ലോകത്ത് ഇപ്പോഴുള്ളത് 3 സിംഹാസനങ്ങളാണ്. 20 വീതം ഗ്രാൻസ്‌ലാം കിരീടങ്ങളുമായി റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നീ രാജാക്കന്മാരാണ് അതിന്റെ അവകാശികൾ. പുതിയവർഷം 21ാം ഗ്രാൻസ്‌ലാം കിരീടവുമായി ഇവരിലൊരാൾ ചക്രവർത്തിയായി മാറിയേക്കാം. ജോക്കോവിച്ചിനു തന്നെ ഏറ്റവും വലിയ സാധ്യത. എന്നാൽ, ഡാനിൽ മെദ്‍വദേവ്, ഡൊമിനിക് തീം, അലക്സാണ്ടർ സ്വെരെവ് തുടങ്ങിയ യുവതാരങ്ങൾ പുതിയ സിംഹാസനങ്ങൾ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. അവരെ മറികടക്കുക ‘ബിഗ് ത്രീ’ക്ക് അത്ര എളുപ്പമാകില്ല.

സ്ഥിരതയാർന്നൊരു പ്രകടനത്തിനായി വനിതാ ടെന്നിസ് ഇനിയും കാത്തിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ എവിടെനിന്നോ പൊട്ടിമുളച്ച് ടെന്നിസ് കോർട്ടുകളെ ആവേശത്തിലാഴ്ത്തിയ കാർലോസ് അൽകാറസ്, എമ്മ റഡുകാനു തുടങ്ങിയ കൗമാരതാരങ്ങൾ പുത്തൻ താരോദയം ആകാനും സാധ്യതയുണ്ട്. 2022 ടെന്നിസ് ആരാധകർക്കായി കാത്തുവച്ചിരിക്കുന്നത് എന്തെല്ലാമാണെന്നു നോക്കാം.

21ാം തമ്പുരാൻ

സെർബിയൻ താരം നൊവാക് ജോക്കോവിച്ചും സ്പാനിഷ് താരം റാഫേൽ നദാലുമാണ് 20 എന്ന മാന്ത്രിക സംഖ്യ ബ്രേക്ക് ചെയ്ത് 21ാം ഗ്രാൻസ്‌ലാം കിരീടത്തിൽ മുത്തമിടാനുള്ള സാധ്യതയുള്ളത്. ഇനിയൊരു ഗ്രാൻസ്‌ലാം കിരീടം നേടാനുള്ള ബാല്യം റോജർ ഫെഡറർക്കുണ്ടോ എന്നതു സംശയമാണ്. ജോക്കോവിച്ചിനു തന്നെയാണു കൂടുതൽ സാധ്യത. ജനുവരി 17ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ തന്നെ ജോക്കോ ആ ലക്ഷ്യം നേടുമെന്നു ആരാധകർ പ്രതീക്ഷിക്കുന്നു. കിരീടം നേടിയാൽ ജോക്കോയുടെ തുടർച്ചയായ നാലാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടമാകുമത്.

കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കാത്തതിനാൽ ടൂർണമെന്റിന് എത്തുമോ എന്നു ആശങ്കയുണ്ടായിരുന്നെങ്കിലും സംഘാടകരുടെ പ്രത്യേക അനുമതിയോടെ പങ്കെടുക്കും എന്ന് ജോക്കോ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ യുഎസ് ഓപ്പണിൽ 21ാം ഗ്രാൻ‌സ്‌ലാം കിരീടത്തിന് അടുത്ത് ജോക്കോ എത്തിയെങ്കിലും കലാശപ്പോരാട്ടത്തിൽ മെദ്‍വദേവിനു മുന്നിൽ വീണുപോയി. അതോടെ കലണ്ടർ സ്‌ലാം എന്ന സ്വപ്നവും തകർന്നുപോയിരുന്നു. അതിനു മുൻപ് നടന്ന ടോക്കിയോ ഒളിംപിക്സിൽ തന്നെ ഗോൾഡൻ സ്‌ലാം എന്ന സ്വപ്നം തകർന്നിരുന്നു.

സെമിയിൽ അലക്സാണ്ടർ സ്വെരെവിനോടാണ് ജോക്കോ തോറ്റത്. 2022ൽ എല്ലാ കണക്കും തീർക്കാൻ ജോക്കോവിച്ച് എത്തുകയാണ്. 21ാം കിരീടം നേടാനായി ഫ്രഞ്ച് ഓപ്പണാണ് കളിമൺ കോർട്ടിലെ രാജാവ് റാഫേൽ നദാൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞവർഷം കലാശപ്പോരാട്ടത്തിൽ ജോക്കോവിച്ചിനോടു തോറ്റതോടെയാണ് ആ ലക്ഷ്യം പൂർത്തിയാക്കാൻ സാധിക്കാതിരുന്നത്. തന്റെ എക്കാലത്തെയും പ്രീയപ്പെട്ട മൈതാനമായ വിമ്പിൾഡനിൽ പങ്കെടുത്ത് ഇതിഹാസതുല്യമായ കരിയറിനു വിരാമമിടാനാകും 40കാരനായ റോജർ ഫെഡററുടെ ലക്ഷ്യം. പരുക്ക് കാരണം അദ്ദേഹം ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കുന്നില്ല.

വിംബിൾഡൻ കിരീടം നേടി കരിയർ അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന കോടിക്കണക്കിന് ആരാധകർ ലോകത്തുണ്ടെങ്കിലും അതു യാഥാർഥ്യമാകും എന്ന് അവർ പോലും വിശ്വസിക്കുന്നുണ്ടാകില്ല. ഒരു കാലത്തു ബിഗ് ത്രീക്കൊപ്പം പരിഗണിച്ചിരുന്ന ബ്രിട്ടീഷ് താരം ആൻ‍ഡി മറെയും ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട്. പരുക്കു കാരണം കരിയറിലെ വലിയൊരു സമയം നഷ്ടമായ മറെ ഇത്തവണ മികച്ച വിജയങ്ങളിലൂടെ കരിയറിനു വിരാമമിടാനാകും ലക്ഷ്യമിടുന്നത്.

പുതുനിരയെത്തുന്നു

ടെന്നിസിലെ തലമുറമാറ്റമെന്നു കുറച്ചുവർഷങ്ങളായി കേൾക്കുന്നുണ്ടെങ്കിലും ഇത്തവണ അതു യാഥാർഥ്യമായേക്കും. റഷ്യൻ താരവും ലോക രണ്ടാം നമ്പറുമായ ഡാനിൽ മെദ്‍വദേവാണ് ഇതിൽ പ്രമുഖൻ. കഴിഞ്ഞ യുഎസ് ഓപ്പണിലൂടെ ആദ്യ ഗ്രാൻസ്‌ലാം കിരീടം നേടിയ മെദ്‍വദേവ് ഇത്തവണ വലിയ ലക്ഷ്യങ്ങളുമായാണു കളത്തിലിറങ്ങുന്നത്. പരുക്കിൽ നിന്നു മുക്തരായി തിരിച്ചെത്തുന്ന സിറ്റ്സിപ്പാസ്, ഡൊമിനിക് തീം എന്നിവരും പുതിയവർഷത്തിലെ പ്രതീക്ഷകളാണ്.

Russia's Daniil Medvedev servesto Serbia's Novak Djokovic during their 2021 US Open Tennis tournament men's final match at the USTA Billie Jean King National Tennis Center in New York, on September 12, 2021. (Photo by TIMOTHY A. CLARY / AFP)
ഡാനിൽ മെദ്‍വദേവ്

ടെന്നിസ് ലോകത്തെ അടുത്ത മെഗാസ്റ്റാർ ആകുമെന്നു പ്രതീക്ഷിക്കുന്ന താരമാണ് സ്പെയിൻകാരനായ 18വയസ്സുകാരൻ കാർലോസ് അൽകാറസ്. യുഎസ് ഓപ്പണിൽ ക്വാർട്ടർ ഫൈനൽ വരെയെത്തിയതോടെയാണു താരത്തെ ടെന്നിസ് ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. തുടർന്ന് എടിപി നെക്സ്റ്റ് ജനറേഷൻ ഫൈനൽസ് ചാംപ്യനാവുകയും ചെയ്തു. കഴിഞ്ഞവർഷമാണ് ആദ്യ 100 റാങ്കുകളിൽ അൽകാറസ് ഇടം കണ്ടെത്തിയത്. ഇപ്പോൾ റാങ്ക് 32! ഫെഡററുടെ സാങ്കേതികത്തികവും നദാലിന്റെ പോരാട്ടവീര്യവും ജോക്കോവിച്ചിന്റെ കീഴടങ്ങാൻ തയാറാകാത്ത മനസ്സും അൽകാറസിനുണ്ടെന്നു വിദഗ്ധർ വിലയിരുത്തുന്നു. വരുന്ന ദശകം അൽകാറസിന്റേതാകുമെന്നു കരുതുന്നവരും ഒട്ടേറെ.

വനിതാ ടെന്നിസിലെ തുടരുന്ന പോരാട്ടം

2021ലെ 4 ഗ്രാൻസ്‌ലാമുകളിൽ 4 താരങ്ങളാണു വനിതാവിഭാഗത്തിൽ ചാംപ്യന്മാരായതെന്നു പറയുമ്പോൾ തന്നെ വനിതാ ടെന്നിസിലെ കടുപ്പമേറിയ പോരാട്ടം മനസ്സിലാക്കാം. മുൻനിര റാങ്കുകാരുടെ സ്ഥിരതയില്ലായ്മയാണു കാരണമെന്നും വേണമെങ്കിൽ പറയാം. സെറീന വില്യംസിനെയും സ്റ്റെഫി ഗ്രാഫിനെയും പോലെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങൾ ഇപ്പോൾ വനിതാ ടെന്നിസിൽ ഇല്ല എന്നതാണു യാഥാർഥ്യം. പുതിയവർഷം ഇതിനു മാറ്റമുണ്ടാകുമോ എന്നാണ് ടെന്നിസ് ലോകം ഉറ്റുനോക്കുന്നത്.

Britain's Emma Raducanu celebrates with the trophy after winning the 2021 US Open Tennis tournament women's final match against Canada's Leylah Fernandez at the USTA Billie Jean King National Tennis Center in New York, on September 11, 2021. (Photo by Kena Betancur / AFP)
എമ്മ റഡുകാനു

പുരുഷവിഭാഗത്തിൽ 30നു മുകളിൽ പ്രായമുള്ളവർ അടക്കിവാഴുമ്പോൾ കൗമാരതാരങ്ങളുടെ മികവാണ് വനിതാടെന്നിസിന്റെ പ്രത്യേകത. എങ്ങുനിന്നോ വന്ന 18വയസ്സുകാരിയായ അദ്ഭുതതാരം എമ്മ റഡുകാനുവാണു കഴിഞ്ഞ തവണത്തെ യുഎസ് ഓപ്പൺ വിജയിച്ചത്. ടൂർണമെന്റിന് എത്തുമ്പോൾ ആദ്യ 100 റാങ്കുകളിൽ പോലും റഡുകാനു ഇല്ലായിരുന്നു. അമേരിക്കക്കാരിയായ 17വയസ്സുകാരി കൊക്കോ ഗൗഫും വനിതാ ടെന്നിസിലെ വിസ്മയമായി വളരുകയാണ്.

എങ്കിലും ജപ്പാന്റെ നവോമി ഒസാക്കയും ഓസ്ട്രേലിയൻ താരം ആഷ്‍‍ലി ബാർട്ടിയും വനിതാടെന്നിസിന്റെ മുഖങ്ങളാകുമെന്നു പ്രതീക്ഷിക്കുന്നവരാണ് ഏറെയും. അരിന സബലെങ്ക, ഇഗ സ്വിയാതെക്, എലിന സ്വിറ്റോലിന, പൗള ബഡോസ, ലെയ്‍ല ഫെർണാണ്ടസ് തുടങ്ങിയവരും 2022ൽ വലിയ മുന്നേറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. 24ാം ഗ്രാൻസ്‌ലാം കിരീടം നേടി മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പമെത്താൻ 40വയസ്സുകാരി സെറീന വില്യംസും ശ്രമിക്കുമെന്നുറപ്പ്. എന്നാൽ, അതു യാഥാർഥ്യമാകാനുള്ള സാധ്യത വിദൂരമാണ്. പരുക്കു കാരണം സെറീന ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കില്ല. എന്തായാലും 2022 ഒളിപ്പിച്ചു വച്ചിരിക്കുന്ന കോർട്ടിലെ വിസ്മയങ്ങൾക്കായി കാത്തിരിക്കാം.

English Summary: 2022, Expectations in Tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com