ജോക്കോവിച്ചിന് ആശങ്കയൊഴിയുന്നില്ല; വീസ റദ്ദാക്കാൻ സർക്കാരിന് ഇനിയും അധികാരം!

Novak-Djokovic-Austalian
ഈ ചിത്രത്തോടൊപ്പം ജോക്കോവിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽനിന്ന്: ‘എന്റെ വീസ റദ്ദാക്കിയ നടപടി പിൻവലിച്ച കോടതിവിധിയിൽ സന്തോഷമുണ്ട്. ഈ നാട്ടിൽ താമസിച്ച് ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കണമെന്നു തന്നെയാണ് എന്റെ ആഗ്രഹം. പ്രതിസന്ധിഘട്ടത്തിൽ എനിക്കു പിന്തുണയേകിയ എല്ലാവർക്കും നന്ദി.’
SHARE

മെൽബൺ ∙ ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കിയ ഓസ്ട്രേലിയൻ സർക്കാരിന്റെ നടപടി ഫെഡറൽ കോടതി തിരുത്തി. 4 ദിവസം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന ഹോട്ടലിൽനിന്ന് 30 മിനിറ്റിനകം മോചിപ്പിക്കാനായിരുന്നു വിധി. ഇതനുസരിച്ച് സെർബിയൻ താരത്തെ അധികൃതർ മോചിതനാക്കി. വീസ പുനഃസ്ഥാപിക്കുകയും ചെയ്തു. വീസ റദ്ദാക്കുന്നതിനു മുൻപു ജോക്കോവിച്ചിന്റെ വാദങ്ങൾ കേൾക്കാൻ സർക്കാർ അവസരം നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഫെഡറൽ കോടതി നടപടി.

17നു തുടങ്ങുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച മുപ്പത്തിനാലുകാരൻ ജോക്കോവിച്ച് താൻ ഓസ്ട്രേലിയയിൽ തുടരുമെന്നു വ്യക്തമാക്കി. ജോക്കോ പരിശീലനം തുടങ്ങിയതായി സഹോദരൻ ജോർജ് ബൽഗ്രേഡിൽ മാധ്യമസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ, 2–ാം തവണയും ജോക്കോവിച്ചിന്റെ വീസ റദ്ദാക്കാനും താരത്തെ നാടുകടത്താനും ഓസ്ട്രേലിയൻ സർക്കാരിനു നിയമപരമായ അധികാരമുണ്ട്. അതിനാൽ, സംഭവത്തിൽ ആശങ്ക തുടരുകയാണ്.

TENNIS-SRB-AUS-OPEN-DJOKOVIC-FAMILY
ജോക്കോവിച്ചിന്റെ മാതാവ് ഡിയാന, പിതാവ് സർജാൻ, സഹോദരൻ ജോർജ് എന്നിവർ ഓസ്ട്രേലിയൻ ഫെഡറൽ കോടതി വിധിയെത്തുടർന്ന് ഇന്നലെ ബൽഗ്രേഡിൽ മാധ്യമങ്ങളെ കണ്ടപ്പോൾ.

ഗ്രാൻസ്‍ലാം ടൂർണമെന്റിൽ പങ്കെടുക്കാൻ വിമാനമിറങ്ങിയ ജോക്കോവിച്ചിനെ കഴിഞ്ഞയാഴ്ചയാണ് അധികൃതർ കരുതൽ തടങ്കലിൽ ഹോട്ടലിൽ പാ‍ർപ്പിച്ചത്. കോവിഡ് വാക്സീൻ എടുത്തില്ലെന്നും വാക്സീൻ എടുക്കാതിരുന്നതിനു കാരണം കാണിച്ചില്ലെന്നും ആരോപിച്ച് വീസ റദ്ദാക്കിയ ശേഷമായിരുന്നു നടപടി. എന്നാൽ, കോവി‍ഡ് ബാധിച്ചതിന്റെയും വാക്സീൻ ഇളവ് ലഭിച്ചതിന്റെയും രേഖകളുമായി താരം പിന്നീടു കോടതിയിലെത്തി.

ഡിസംബർ 16നു ജോക്കോ കോവിഡ് ബാധിതനായെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഓസ്ട്രേലിയ ഓപ്പൺ സംഘാടകരും വിക്ടോറിയ ഭരണകൂടവും വാക്സിനേഷനിൽനിന്ന് ഇളവ് അനുവദിച്ചതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കി. എന്നാൽ, ഓസ്ട്രേലിയയിലെ ഇമിഗ്രേഷൻ മന്ത്രിക്ക് രാജ്യത്തേക്കെത്തുന്ന ആരുടെ വീസ വേണമെങ്കിലും റദ്ദാക്കാൻ പ്രത്യേക അധികാരം ഭരണഘടന നൽകുന്നുണ്ട്. അതു പ്രയോഗിച്ചാൽ ജോക്കോവിച്ച് തിരിച്ചു വിമാനം കയറേണ്ടി വരും. 3 വർഷത്തേക്ക് ഓസ്ട്രേലിയയിൽ കാലുകുത്താനുമാവില്ല.

English Summary: Novak Djokovic free in Australia but deportation threat stil looms

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA