മെൽബൺ∙ കോവിഡ് പോസിറ്റീവായിരിക്കെ, കഴിഞ്ഞ മാസം ഐസലേഷൻ ലംഘിച്ചതായി സെർബിയൻ ടെന്നിസ് താരം നൊവാക്ക് ജോക്കോവിച്ചിന്റെ വെളിപ്പെടുത്തൽ. കാര്യങ്ങളെ സമീപിക്കുന്നതിലെ തന്റെ പിഴവാണ് ഇതിനു കാരണമെന്നും ജോക്കോ സമൂഹ മാധ്യമത്തിൽ കുറിച്ചു.
കോവിഡ് പോസിറ്റീവായി 2 ദിവസം പിന്നിട്ടപ്പോൾ അഭിമുഖം നടത്തുന്നതിന്, ഒരു മാധ്യമ പ്രവർത്തകനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണു ജോക്കോ വ്യക്തമാക്കിയത്. ‘പരിപാടി മാറ്റിവയ്ക്കേണ്ടതായിരുന്നെന്നും’ ജോക്കോ കുറിച്ചു. ഡിസംബർ 16നാണു ജോക്കോവിച്ചിനു കോവിഡ് സ്ഥിരീകരിച്ചത്.
ഓസ്ട്രേലിയൻ ഓപ്പൺ കളിക്കുന്നതിനായി ഓസ്ട്രേലിയയിലെത്തിയ ജോക്കോ, നിലവിൽ സർക്കാരുമായി നിയമ പോരാട്ടത്തിലാണ്. ജോക്കോവിച്ചിനെ ടൂർണമെന്റിൽ പങ്കെടുപ്പിക്കണോ എന്ന കാര്യത്തിൽ ഓസ്ട്രേലിയൻ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടുമില്ല.
ഓസ്ട്രേലിയയിലേക്കുള്ള പ്രവേശനത്തിനായി പൂരിപ്പിച്ചു നൽകിയ ട്രാവൽ ഫോമിൽ പിഴവു സംഭവിച്ചതിന്റെ ഉത്തരവാദിത്തം തന്റെ ഏജന്റിനാണെന്നും ജോക്കോ കുറിച്ചു. കോവിഡ് വാക്സീൻ സ്വീകരിക്കാതെ ഓസ്ട്രേലിയയിൽ വിമാനമിറങ്ങിയതോടെയാണു സർക്കാർ താരത്തിനെതിരെ നടപടികൾ കടുപ്പിച്ചത്.
പിന്നീട് ഐസലേഷനിൽ പാർപ്പിച്ച താരത്തെ ഉടൻ വിട്ടയയ്ക്കാൻ കോടതി ഓസ്ട്രേലിയൻ സർക്കാരിനു നിർദേശവും നൽകിയിരുന്നു. എന്നാൽ ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപു ജോക്കോവിച്ചിന്റെ വീസ വീണ്ടും റദ്ദാക്കണോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇതിനിടെയാണു തുറന്നുപറച്ചിലുമായി ജോക്കോ രംഗത്തെത്തിയിരിക്കുന്നത്.
‘കോവിഡ് പോസിറ്റീവായിരിക്കെ ഞാൻ ഒരു അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. മാധ്യമ പ്രവർത്തകനെ നിരാശനാക്കാൻ ആഗ്രഹിക്കാത്തതു കൊണ്ടാണിത്. മാസ്ക് ധരിച്ച് അഭിമുഖത്തിൽ പങ്കെടുത്ത ഞാൻ സാമൂഹിക അകലവും പാലിച്ചിരുന്നു. ഫോട്ടോ എടുത്ത സമയത്തു മാത്രമാണു മാസ്ക് മാറ്റിയത്’– ജോക്കോ കുറിച്ചു.
താൻ മറ്റു പൊതുപരിപാടികളിൽ പങ്കെടുത്തതായുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയിലേക്കുള്ള ട്രാവൽ വീസയിലെ സത്യവാങ്മൂലത്തിലെ പിഴവിന് ഉത്തരവാദി തന്റെ ഏജന്റാണെന്നും ജോക്കോവിച്ച് കുറിച്ചു. ഓസ്ട്രേലിയയിൽ പ്രവേശിക്കുന്നതിനു 14 ദിവസങ്ങൾക്കു മുൻപു മറ്റു യാത്രകൾ നടത്തിയിട്ടില്ലെന്നാണു സത്യവാങ്മുലത്തിൽ പറയുന്നത്.
എന്നാൽ ഓസ്ട്രേലിയയിലെത്തുന്നതിനു മുൻപു സെർബിയയിലേക്കും പിന്നീടും സ്പെയിനിലേക്കും ജോക്കോവിച്ച് യാത്രചെയ്തിരുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
‘യാത്രാ വീസയിലെ തെറ്റായ കോളത്തിൽ ടിക്ക് ചെയ്തതിന് എന്റെ ഏജന്റ് ക്ഷമാപണം നടത്തുന്നു. മനുഷ്യ സഹജമായ പിഴവാണു സംഭവിച്ചത്, പക്ഷേ ഇത് ഒരിക്കലും ന്യായീകരിക്കാനാകില്ല. ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഓസ്ട്രേലിയൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്’– ജോക്കോ കുറിച്ചു.
എന്നാൽ യാത്രാ വീസയുടെ ഫോം പൂരിപ്പിച്ചതിൽ പിഴവു സംഭവിച്ചിട്ടുണ്ടെങ്കിൽ താരത്തിന്റെ വീസ റദ്ദാക്കാമെന്നാണ് അധികൃതർ പറയുന്നത്. ഈ മാസം 17നാണ് ഓസ്ട്രേലിയൻ ഓപ്പണു തുടക്കമാകുക. ടൂർണമെന്റിൽ കിരീടം നേടിയാൽ, ടെന്നിസ് ചരിത്രത്തിൽ ഏറ്റവും അധികം ഗ്രാൻസ്‌ലാം നേടിയ പുരുഷ താരം എന്ന റെക്കോർഡ് ജോക്കോവിച്ചിനു സ്വന്തമാകും.
English Summary: Novak Djokovic admits breaking isolation while Covid positive