ഇമിഗ്രേഷൻ മന്ത്രിയുടെ സവിശേഷാധികാരം പ്രയോഗിച്ച് വീസ റദ്ദാക്കി; ജോക്കോയെ നാടുകടത്തും!

novak-djokovic
നൊവാക് ജോക്കോവിച്ച് (ട്വിറ്റർ ചിത്രം)
SHARE

മെൽബൺ ∙ നിയമപോരാട്ടത്തിൽ ഓസ്ട്രേലിയൻ സർക്കാരിനെതിരെ നേടിയ വിജയത്തിനും ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെ രക്ഷിക്കാനായില്ല. കോടതി വിധിയുടെ പിൻബലത്തിൽ ഓസ്ട്രേലിയയിൽ തുടരുന്ന നൊവാക് ജോക്കോവിച്ചിന്റെ വീസ രാജ്യത്തെ ഇമിഗ്രേഷൻ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഓസ്ട്രേലിയൻ സർക്കാർ വീണ്ടും റദ്ദാക്കി. ഇതോടെ താരത്തെ ഉടൻ ഓസ്ട്രേലിയയിൽനിന്ന് നാടുകടത്തും. ഫലത്തിൽ നിലവിലെ ചാംപ്യനായ ജോക്കോവിച്ചിന് ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

അതേസമയം, ഓസീസ് സർക്കാരിന്റെ നടപടിക്കെതിരെ ജോക്കോവിച്ച് വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഈ മാസം 17ന് തുടങ്ങുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് എത്രയും വേഗം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാനാണ് ശ്രമം. കോടതിയെ സമീപിക്കുമെന്ന് ജോക്കോവിച്ചിന്റെ ലീഗൽ ടീം സ്ഥിരീകരിച്ചതായി വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർ ടൂർണമെന്റിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി സീഡിങ്ങും മത്സരക്രമവും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ സർക്കാർ ഇമിഗ്രേഷൻ മന്ത്രിയുടെ സവിശേഷാധികാരം ഉപയോഗിച്ച് വീണ്ടും വീസ റദ്ദാക്കിയത്. ഇതോടെ ജോക്കോവിച്ച് ഉടൻ ഓസ്ട്രേലിയ വിടേണ്ടിവരും. മാത്രമല്ല, മൂന്നു വർഷത്തേക്ക് താരത്തിന് ഓസ്ട്രേലിയയിൽ കാലുകുത്താനും കഴിയില്ല.

ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി അലക്സ് ഹോക് ആണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ നാടുകടത്താനുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്. സെക്ഷൻ 133 സി (3) പ്രകാരമാണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ ഓസ്ട്രേലിയയിൽനിന്നും പുറത്താക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജോക്കോവിച്ചും ആഭ്യന്തര വകുപ്പും ഓസ്ട്രേലിയൻ അതിർത്തി സേനയും നൽകിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു.

∙ മന്ത്രിയുടെ ഉത്തരവിന്റെ പൂർണരൂപം

ഓസ്ട്രേലിയൻ കുടിയേറ്റ നിയമത്തിലെ സെക്ഷൻ 133C(3) പ്രകാരം എന്റെ സവിശേഷാധികാരം പ്രയോഗിച്ച് നൊവാക് ജോക്കോവിച്ചിന്റെ കൈവശമുള്ള വീസ ഇതിനാൽ റദ്ദാക്കുന്നു. രാജ്യത്തെ ആരോഗ്യ രംഗത്തിനായും പൊതുജന താൽപര്യാർഥവുമാണ് ഈ നടപടി.

നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മുൻപ് ഇതേ വീസ റദ്ദാക്കിയ നടപടി മരവിപ്പിച്ച് 2022 ജനുവരി 10-ന് ഫെഡറൽ സർക്യൂട്ട് ആൻഡ് ഫാമിലി കോടതി നൽകിയ ഉത്തരവിന്റെ തുടർച്ചയായാണ് ഈ തീരുമാനം.

ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പും അതിർത്തി സേനയും നൊവാക് ജോക്കോവിച്ചും നൽകിയ രേഖകൾ ശ്രദ്ധാപൂർവം പരിഗണിച്ച ശേഷമാണ് വീസ റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.

ഓസ്‌ട്രേലിയയുടെ അതിർത്തികൾ സംരക്ഷിക്കാൻ മോറിസൺ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന കാര്യം ആവർത്തിക്കുന്നു. പ്രത്യേകിച്ചും കോവിഡ് വ്യാപനം ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ.

ഉയരുന്ന വെല്ലുവിളികൾക്കിടയിലും ഓസ്‌ട്രേലിയയുടെ പൊതു താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാ ദിവസവും പ്രവർത്തിക്കുന്ന ആഭ്യന്തര വകുപ്പിലെയും ഓസ്‌ട്രേലിയൻ അതിർത്തി സേനയിലെയും ഉദ്യോഗസ്ഥർക്ക് ഞാൻ നന്ദി പറയുന്നു.

∙ വിവാദം ഇങ്ങനെ

ഗ്രാൻസ്‍ലാം ടൂർണമെന്റിൽ പങ്കെടുക്കാൻ വിമാനമിറങ്ങിയ ജോക്കോവിച്ചിനെ കഴിഞ്ഞയാഴ്ചയാണ് അധികൃതർ കരുതൽ തടങ്കലിൽ ഹോട്ടലിൽ പാ‍ർപ്പിച്ചത്. കോവിഡ് വാക്സീൻ എടുത്തില്ലെന്നും വാക്സീൻ എടുക്കാതിരുന്നതിനു കാരണം കാണിച്ചില്ലെന്നും ആരോപിച്ച് വീസ റദ്ദാക്കിയ ശേഷമായിരുന്നു നടപടി. എന്നാൽ, കോവി‍ഡ് ബാധിച്ചതിന്റെയും വാക്സീൻ ഇളവ് ലഭിച്ചതിന്റെയും രേഖകളുമായി താരം പിന്നീടു കോടതിയിലെത്തി.

ഡിസംബർ 16നു ജോക്കോ കോവിഡ് ബാധിതനായെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഓസ്ട്രേലിയ ഓപ്പൺ സംഘാടകരും വിക്ടോറിയ ഭരണകൂടവും വാക്സിനേഷനിൽനിന്ന് ഇളവ് അനുവദിച്ചതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കി. തുടർന്ന് നടത്തിയ സുപ്രധാന വിധിയിൽ ഫെഡറൽ കോടതി ജോക്കോവിച്ചിന്റെ വീസ റദ്ദാക്കിയ ഓസ്ട്രേലിയൻ സർക്കാരിന്റെ നടപടി മരവിപ്പിച്ചു. തടഞ്ഞുവച്ചിരിക്കുന്ന താരത്തെ 30 മിനിറ്റിനകം വിട്ടയയ്ക്കാനും ഉത്തരവിട്ടു.

എന്നാൽ, ഓസ്ട്രേലിയയിലെ ഇമിഗ്രേഷൻ മന്ത്രിക്ക് രാജ്യത്തേക്കെത്തുന്ന ആരുടെ വീസ വേണമെങ്കിലും റദ്ദാക്കാൻ പ്രത്യേക അധികാരം ഭരണഘടന നൽകുന്നുണ്ടെന്നത് അപ്പോഴും ഭീഷണിയായി ജോക്കോവിച്ചിനു മുന്നിലുണ്ടായിരുന്നു. അതു പ്രയോഗിച്ചാൽ ജോക്കോവിച്ച് തിരിച്ചു വിമാനം കയറേണ്ടി വരുമെന്നു മാത്രമല്ല, 3 വർഷത്തേക്ക് ഓസ്ട്രേലിയയിൽ കാലുകുത്താനുമാവില്ല. ഒടുവിൽ ഈ അധികാരം പ്രയോഗിച്ചാണ് ഓസ്ട്രേലിയൻ സർക്കാർ ജോക്കോവിച്ചിനെ ഓസ്ട്രേലിയൻ മണ്ണിൽനിന്ന് നാടുകടത്തുന്നത്.

English Summary: Australia cancels Novak Djokovic’s visa again

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS