ജോക്കോവിച്ചിനെ പൊതുസമൂഹത്തിന് ഭീഷണിയായി പ്രഖ്യാപിച്ച് ഓസീസ്; വീണ്ടും തടങ്കലിൽ

djokovic
നൊവാക് ജോക്കോവിച്ച് (ഫയൽ ചിത്രം)
SHARE

മെൽബൺ ∙ സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന്റെ വീസ സവിശേഷ അധികാരം ഉപയോഗിച്ച് ഓസ്ട്രേലിയയിലെ ഇമിഗ്രേഷൻ മന്ത്രി റദ്ദാക്കിയതിനു പിന്നാലെ താരത്തെ ഓസ്ട്രേലിയൻ സർക്കാർ വീണ്ടും കരുതൽ തടങ്കലിലാക്കി. കോവിഡ് പ്രതിരോധത്തിനായി വാക്സീൻ എടുക്കാത്ത ജോക്കോവിച്ചിനെ പൊതു സമൂഹത്തിനു ഭീഷണിയായി പ്രഖ്യാപിച്ചാണ് ഓസ്ട്രേലിയൻ സർക്കാർ വീണ്ടും തടവിലാക്കിയത്. അനുകൂല കോടതിവിധിയുടെ ബലത്തിൽ മെൽബണിൽ പരിശീലനം നടത്തിവന്നിരുന്ന ജോക്കോവിച്ചിനോട് ഇന്നു ഹാജരാകാൻ ഇമിഗ്രേഷൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വീണ്ടും തടങ്കലിലാക്കിയത്. 

നിലവിൽ ജോക്കോവിച്ചിനെ മെൽബണിലാണ് തടങ്കലിലാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. നാടുകടത്താനുള്ള ഓസ്ട്രേലിയൻ സർക്കാരിന്റെ നീക്കത്തിനെതിരെ ജോക്കോവിച്ച് വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ തീർപ്പ് വരുന്നതുവരെ താരത്തെ തടങ്കലിൽ വയ്ക്കാനാണ് തീരുമാനം. ജോക്കോവിച്ചിനെ ഓസ്ട്രേലിയയിൽ തുടരാൻ അനുവദിക്കുന്നത് വാക്സിനേഷനെതിരെ നീക്കം സജീവമാക്കുമെന്നാണ് ഓസ്ട്രേലിയൻ അധികൃതരുടെ വാദം.

ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ മെൽബണിലെത്തിയ ജോക്കോയുടെ വീസ ഇതു 2–ാം തവണയാണു റദ്ദാക്കുന്നത്. ആദ്യ തവണ കോടതിവിധിയിലൂടെ രക്ഷപ്പെട്ട ജോക്കോയ്ക്ക് ഇനി തിങ്കളാഴ്ച തുടങ്ങുന്ന ഗ്രാൻസ്‍ലാം ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കില്ല. വീസ റദ്ദായതോടെ ഓസ്ട്രേലിയയിലേക്കു 3 വർഷത്തെ പ്രവേശനവിലക്കും  നേരിടേണ്ടിവരും.

കോവിഡ് വാക്സീൻ എടുക്കാതിരുന്നതിനുള്ള കാരണം വെളിപ്പെടുത്താത്തതിന്റെ പേരിലാണു ജോക്കോയുടെ വീസ ഓസ്ട്രേലിയ ആദ്യം റദ്ദാക്കിയത്. പിന്നാലെ കോടതിയെ സമീപിച്ച് ജോക്കോ വീസ പുനഃസ്ഥാപിച്ചു. ഓസ്ട്രേലിയയിലെ പൊതുജനതാൽപര്യം കണക്കിലെടുത്താണു താൻ ജോക്കോയുടെ വീസ റദ്ദാക്കിയതെന്നു മന്ത്രി അലക്സ് ഹോക്ക് പറഞ്ഞു. വാക്സീൻ എടുക്കാത്ത ജോക്കോയ്ക്കു ടൂർണമെന്റിൽ പങ്കെടുക്കാൻ ഇളവു നൽകിയതു സംഘാടകരും പ്രാദേശിക ഭരണകൂടവുമാണ്. 

ഇമിഗ്രേഷൻ ഫോം പൂരിപ്പിച്ചപ്പോൾ പിഴവുപറ്റിയെന്നും കോവിഡ് സ്ഥിരീകരിച്ച ശേഷവും സെർബിയയിൽ ചില പരിപാടികളിൽ പങ്കെടുത്തെന്നും ജോക്കോ കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു. അതിനിടെ, ഓസ്ട്രേലിയൻ ഓപ്പൺ മത്സരക്രമത്തിൽ ജോക്കോയുടെ പേര് സംഘാടകർ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. 

∙ എയ്സുകളും റാലികളും നിറഞ്ഞ ത്രില്ലർ പോരാട്ടം പോലെ സംഭവബഹുലമായിരുന്നു രണ്ടാഴ്ചയായി ജോക്കോയുടെ ജീവിതം. 

ജനുവരി 4: കോവിഡ് വാക്സീൻ എടുക്കാത്ത തനിക്ക് ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ ഇളവു കിട്ടിയെന്നു  സമൂഹമാധ്യമത്തിൽ ജോക്കോയുടെ വെളിപ്പെടുത്തൽ. 

ജനുവരി 5: ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ ജോക്കോവിച്ച് മെൽബണിൽ. രാത്രി 11.30നു മെൽബൺ വിമാനത്താവളത്തിൽ ജോക്കോയെ അധികൃതർ തടഞ്ഞു. വീസ റദ്ദാക്കി.

ജനുവരി 6: മെൽബണിലെ ഹോട്ടലിൽ ജോക്കോ കരുതൽ തടങ്കലിൽ. 

ജനുവരി 7: ജോക്കോവിച്ചിന്റെ അഭിഭാഷകർ കോടതിയെ സമീപിച്ചു. 

ജനുവരി 10: ജോക്കോയുടെ വീസ കോടതി പുനഃസ്ഥാപിച്ചു. 4 ദിവസത്തെ കരുതൽ തടവിനുശേഷം ജോക്കോ പുറത്ത്. 

ജനുവരി 11: ജോക്കോവിച്ച് മെൽബണിൽ പരിശീലനം തുടങ്ങി. 

ജനുവരി 12: ഫോം പൂരിപ്പിച്ചപ്പോൾ പിശകുപറ്റിയെന്നും സെ‍ർബിയയിൽവച്ച് കോവിഡ് പ്രോട്ടോക്കോൾ തെറ്റിച്ചെന്നും ജോക്കോയുടെ കുറ്റസമ്മതം. 

ജനുവരി 13: ഓസ്ട്രേലിയൻ ഓപ്പൺ ഡ്രോയിൽ ജോക്കോയും. ആദ്യ റൗണ്ടിൽ സ്വന്തം നാട്ടുകാരനെത്തന്നെ എതിരാളിയായി കിട്ടി. 

ജനുവരി 14: ജോക്കോയുടെ വീസ ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി റദ്ദാക്കി.

ജനുവരി 15: ജോക്കോവിച്ചിനെ പൊതുസഹമൂഹത്തിനു ഭീഷണിയായി പ്രഖ്യാപിച്ച് വീണ്ടും കരുതൽ തടങ്കലിലാക്കി.

English Summary: Djokovic detained again in Australia, declared public threat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA