ഇത്തവണ ജോക്കോയെ കോടതിയും കൈവിട്ടു; അപ്പീൽ തള്ളിയതോടെ താരത്തെ നാടുകടത്തും

djokovic
നൊവാക് ജോക്കോവിച്ച് (ട്വിറ്റർ ചിത്രം)
SHARE

മെൽബൺ ∙ കോവിഡ് പ്രതിരോധത്തിനായി വാക്സീൻ എടുക്കാത്തതുമായി ബന്ധപ്പെട്ട് രണ്ടാമതും വീസ റദ്ദാക്കിയ ഓസ്ട്രേലിയൻ സർക്കാരിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ച ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് തിരിച്ചടി. നാടുകടത്താനുള്ള നീക്കത്തിനെതിരായ അപ്പീൽ കോടതി തള്ളിയതോടെ ജോക്കോവിച്ചിന് ഇത്തവണ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാകില്ലെന്ന് ഉറപ്പായി. നിലവിലെ ചാംപ്യനായ ജോക്കോവിച്ച് ഇക്കുറി ഓസ്ട്രേലിയൻ ഓപ്പൺ ജയിച്ച് 21–ാം ഗ്രാൻസ‌്‌ലാം കിരീടവുമായി റെക്കോർഡ് ബുക്കിൽ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു.

ജോക്കോവിച്ചിന്റെ അപ്പീലിൽ വാദം കേട്ട ഫെഡറൽ കോടതിയിലെ മൂന്നംഗ ബെഞ്ച്, അപ്പീൽ തള്ളുകയായിരുന്നു. ഇതോടെ, ഓസ്ട്രേലിയൻ സർക്കാർ ജോക്കോവിച്ചിനെ നാടുകടത്തുമെന്ന് ഉറപ്പായി. മാത്രമല്ല, പ്രത്യേക ഇളവുകളൊന്നും ലഭിച്ചില്ലെങ്കിൽ മൂന്നു വർഷത്തേക്ക് ജോക്കോവിച്ചിന് ഓസ്ട്രേലിയയിൽ കാലുകുത്താനും കഴിയില്ല. ജോക്കോവിച്ചിന്റെ അപ്പീൽ തള്ളിയ കോടതി വിധിയെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ, വീസ രണ്ടാമതും റദ്ദാക്കിയ ഇമിഗ്രേഷൻ മന്ത്രി അലക്സ് ഹോക്ക് എന്നിവർ സ്വാഗതം ചെയ്തു.

നിരാശയുണ്ടെങ്കിലും കോടതി വിധിയെ മാനിക്കുന്നതായി ജോക്കോവിച്ച് പ്രസ്താവനയിൽ അറിയിച്ചു. ‘എന്റെ വീസ റദ്ദാക്കിയ മന്ത്രിയുടെ തീരുമാനം പുനഃപരിശോധിക്കാനുള്ള ആവശ്യം കോടതി തള്ളിയതിൽ നിരാശയുണ്ട്. ഇനി ഓസ്ട്രേലിയയിൽ തുടരാനും ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനും എനിക്ക് കഴിയില്ല. എങ്കിലും കോടതി വിധിയെ മാനിക്കുന്നു. എന്നെ ഓസ്ട്രേലിയയിൽനിന്ന് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളോടും സഹകരിക്കും’ – ജോക്കോവിച്ച് വ്യക്തമാക്കി.

ഓസ്ട്രേലിയയിലെത്തിയ ഉടനെ വീസ റദ്ദാക്കി കരുതൽ തടങ്കലിലാക്കിയ സർക്കാരിനെതിരെ ആദ്യം ഫെഡറൽ കോടതിയെ സമീപിച്ച് ജോക്കോവിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. തുടർന്ന് ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ തയാറെടുക്കുമ്പോഴാണ് ഭരണഘടന നൽകുന്ന സവിശേഷ അധികാരം ഉപയോഗിച്ച് ഓസ്ട്രേലിയയിലെ ഇമിഗ്രേഷൻ മന്ത്രി വീസ വീണ്ടും റദ്ദാക്കിയത്. ഇതിനു പിന്നാലെ താരത്തെ ഓസ്ട്രേലിയൻ സർക്കാർ വീണ്ടും കരുതൽ തടങ്കലിലാക്കി. ഇമിഗ്രേഷൻ മന്ത്രിയുടെ നടപടിക്കെതിരെ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് ജോക്കോവിച്ചിന് തിരിച്ചടി നേരിട്ടത്.

കോവിഡ് വാക്സീൻ എടുക്കാതിരുന്നതിനുള്ള കാരണം വെളിപ്പെടുത്താത്തതിന്റെ പേരിലാണു ജോക്കോയുടെ വീസ ഓസ്ട്രേലിയ ആദ്യം റദ്ദാക്കിയത്. പിന്നാലെ കോടതിയെ സമീപിച്ച് ജോക്കോ വീസ പുനഃസ്ഥാപിച്ചു. എന്നാൽ, ഇമിഗ്രേഷൻ മന്ത്രി അലക്സ് ഹോക്ക് തന്റെ സവിശേഷാധികാരം ഉപയോഗിച്ച് വീണ്ടും വീസ റദ്ദാക്കി. ഓസ്ട്രേലിയയിലെ പൊതുജനതാൽപര്യം കണക്കിലെടുത്താണു താൻ ജോക്കോയുടെ വീസ റദ്ദാക്കിയതെന്നു അലക്സ് ഹോക്ക് വ്യക്തമാക്കിയിരുന്നു. വാക്സീൻ എടുക്കാത്ത ജോക്കോയ്ക്കു ടൂർണമെന്റിൽ പങ്കെടുക്കാൻ ഇളവു നൽകിയതു സംഘാടകരും പ്രാദേശിക ഭരണകൂടവുമാണ്.

ഇമിഗ്രേഷൻ ഫോം പൂരിപ്പിച്ചപ്പോൾ പിഴവുപറ്റിയെന്നും കോവിഡ് സ്ഥിരീകരിച്ച ശേഷവും സെർബിയയിൽ ചില പരിപാടികളിൽ പങ്കെടുത്തെന്നും ജോക്കോ കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു. അതിനിടെ, ഓസ്ട്രേലിയൻ ഓപ്പൺ മത്സരക്രമത്തിൽ ജോക്കോയുടെ പേര് സംഘാടകർ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വീണ്ടും വീസ റദ്ദാക്കിയതും ജോക്കോയുടെ അപ്പീൽ കോടതി തള്ളിയതും.

English Summary: Djokovic loses visa appeal, won't play in Australian Open

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA