ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കുന്നതിനായി ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് നടത്തിയ അവസാന ശ്രമവും പരാജയപ്പെട്ടു. വീസ രണ്ടാമതും റദ്ദാക്കിയതിനെതിരെ ജോക്കോ സമർ‌പ്പിച്ച അപ്പീൽ ഇന്നലെ ഫെഡറൽ കോടതി തള്ളി. പിന്നാലെ 21–ാം ഗ്രാൻസ്‍ലാം ടെന്നിസ് കിരീടമെന്ന സ്വപ്നം നീട്ടിവച്ച് സെർബിയൻ താരം നാട്ടിലേക്കു മടങ്ങി. ഓസ്ട്രേലിയയിൽ 3 വർഷത്തെ പ്രവേശന വിലക്കും ജോക്കോ നേരിടേണ്ടിവരും.

കോവിഡ് വാക്സീനെടുക്കാതെ ജോക്കോവിച്ച് 5–ാം തീയതി മെൽബണിൽ വിമാനമിറങ്ങിയതു മുതൽ ആരംഭിച്ച സംഭവ വികാസങ്ങളാണ് ഇന്നലത്തെ മടങ്ങിപ്പോക്കോടെ ക്ലൈമാക്സിലെത്തിയത്.

വാക്സിനേഷനിൽ നിന്ന് ഇളവു നേടിയതിന്റെ രേഖകൾ ഹാജരാക്കാൻ കഴിയാതെ വന്നതോടെയാണ് ഓസ്ട്രേലിയ ജോക്കോയുടെ വീസ ആദ്യം റദ്ദാക്കിയത്. പിന്നാലെ കോടതിയെ സമീപിച്ച് വീസ പുനഃസ്ഥാപിച്ചു. പിന്നീടു സവിശേഷ അധികാരം ഉപയോഗിച്ച് ഇമിഗ്രേഷൻ മന്ത്രി വീണ്ടും വീസ റദ്ദാക്കി. ഇതിനെതിരായ അപ്പീലിൽ‌ ഓസ്ട്രേലിയൻ ഓപ്പൺ ആരംഭിക്കുന്നതിന് 18 മണിക്കൂർ മുൻപാണു കോടതി വിധി പറഞ്ഞത്. ഒന്നാം സീഡായ ജോക്കോയ്ക്കു പകരം യോഗ്യതാ റൗണ്ടിൽ പുറത്തായ ഒരാൾക്ക് പ്രധാന റൗണ്ടിൽ ഇനി അവസരം ലഭിക്കും.

∙ നദാലിന്റെ ടൈം

മെൽബൺ ∙ റോജർ ഫെഡറർ പരുക്കുമൂലം പിൻമാറുകയും നിലവിലെ ചാംപ്യൻ നൊവാക് ജോക്കോവിച്ച് നാടുകടത്തപ്പെടുകയും ചെയ്തതോടെ താരത്തിളക്കം കുറഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന് ഇന്നു തുടക്കം. 20 ഗ്രാൻ‌സ്‍ലാം കിരീടങ്ങളുമായി തനിക്കൊപ്പമുള്ള ഫെഡററുടെയും ജോക്കോയുടെയും അഭാവം 21–ാം കിരീടത്തിലേക്കെത്താൻ നദാലിനെ തുണയ്ക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പുരുഷ സിംഗിൾസിൽ മത്സരിക്കുന്നവരിൽ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവായ ഏക താരവും നദാലാണ്.

മുൻ ചാംപ്യൻ സ്റ്റാൻ വാവ്റിങ്കയും 2020ലെ ഫൈനലിസ്റ്റ് ഡൊമിനിക് തീമും പരുക്കിനെത്തുടർന്ന് ഇത്തവണ മത്സരിക്കുന്നില്ല. 25 വർഷത്തിനിടെ വില്യംസ് സഹോദരിമാർ ഇല്ലാതെ നടക്കുന്ന ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ എന്ന പ്രത്യേകതയും ഇത്തവണ ടൂർണമെന്റിനുണ്ട്. സെറീനയും വീനസും പരുക്കിനെത്തുടർന്നു വിശ്രമത്തിലാണ്.

English Summary: Australian Open Begins After Novak Djokovic Saga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com