ADVERTISEMENT

മെൽബൺ∙ വിരമിക്കൽ പ്രഖ്യാപനം കുറച്ചു നേരത്തെയായിപ്പോയോ എന്ന് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയ്ക്ക് വീണ്ടുവിചാരം. ഈ സീസണോടെ ടെന്നിസിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചതിൽ ഇപ്പോൾ ഖേദിക്കുന്നതായി സാനിയ മിർസ വ്യക്തമാക്കി. വിരമിക്കാനുള്ള തീരുമാനം ശരിയാണെങ്കിലും അത് മുൻകൂട്ടി പ്രഖ്യാപിച്ചതിലാണ് താരത്തിന് ഖേദം. അതിനുശേഷം വിരമിക്കുന്നതിനേക്കുറിച്ച് മാത്രമാണ് എല്ലാവർക്കും ചോദിക്കാനുള്ളതെന്ന് സാനിയ ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസ് ക്വാർട്ടർ പോരാട്ടത്തിൽ തോറ്റതിനു പിന്നാലെയാണ്, വിരമിക്കൽ പ്രഖ്യാപനം നേരത്തേയായിപ്പോയെന്ന് സാനിയ വ്യക്തമാക്കിയത്.

‘ഞാൻ അതേക്കുറിച്ച് (വിരമിക്കുന്നതിനെക്കുറിച്ച്) എപ്പോഴും ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം. സത്യത്തിൽ ആ പ്രഖ്യാപനം കുറച്ച് നേരത്തേയായിപ്പോയെന്ന് തോന്നുന്നു. ഇപ്പോൾ അതേക്കുറിച്ച് എനിക്ക് ഖേദമുണ്ട്. കാരണം, ഇപ്പോൾ കാണുന്നവർക്കെല്ലാം എന്നോട് ചോദിക്കാൻ ആ വിഷയം മാത്രമേയുള്ളൂ’ – സാനിയ വിശദീകരിച്ചു.

ഇത് കരിയറിലെ അവസാന സീസണായതിനാൽ ടെന്നിസിനേക്കുറിച്ചും ടൂർണമെന്റുകളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ്, വിരമിക്കലിനെക്കുറിച്ച് തുടർച്ചയായി ചോദ്യങ്ങളുയരുന്നതിൽ സാനിയ അസ്വസ്ഥത പ്രകടിപ്പിച്ചത്.

‘ജയം മാത്രം ലക്ഷ്യമിട്ടാണ് ഞാൻ ടെന്നിസ് കളിക്കുന്നത്. കളത്തിൽ തുടരുന്നിടത്തോളം കാലം എല്ലാ കളികളും ജയിക്കാൻ തന്നെയാകും എന്റെ ശ്രമം. വിരമിക്കുകയാണെന്ന കാര്യം എപ്പോഴും ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്നില്ല’ – സാനിയ പറഞ്ഞു.

‘ഇപ്പോഴും ടെന്നിസ് കളിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. മുൻപും ആസ്വദിച്ചിരുന്നു. വിജയമായാലും തോൽവിയായാലും ഇതുവരെയുള്ള കാഴ്ചപ്പാടു തന്നെയാണ് എനിക്കിപ്പോഴും. കളത്തിൽ എന്റെ 100 ശതമാനവും നൽകാനാണ് ശ്രമം. ചിലപ്പോൾ വിജയിക്കും. മറ്റു ചിലപ്പോൾ വിജയിക്കാതെ പോകും. ഇപ്പോഴും ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളെക്കുറിച്ചാണ് എന്റെ ചിന്ത. അല്ലാതെ ഈ സീസൺ പൂർത്തിയാകുമ്പോൾ എന്തു സംഭവിക്കും എന്നല്ല’ – സാനിയ വിശദീകരിച്ചു.

നേരത്തെ, മിക്സ്ഡ് ഡബിൾ‌സ് ക്വാർട്ടറിൽ ഓസ്ട്രേലിയയുടെ ഫൗളിസ്–കുബ്ലെർ സഖ്യത്തോടു തോറ്റതോടെയാണു (4-6, 6-7) സാനിയ– രാജീവ് റാം സഖ്യം ഓസ്ട്രേലിയൻ ഓപ്പണിൽ നിന്നു പുറത്തായത്. ഈ സീസണിനൊടുവിൽ ടെന്നിസിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതിനാൽ  ഓസ്ട്രേലിയൻ ഓപ്പണിലെ സാനിയയുടെ അവസാന മത്സരമാണ് ഇന്നലെ നടന്നത്. വനിതാ ഡബിൾസിൽ സാനിയ സഖ്യം ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.

കരിയറിൽ 6 ഡബിൾസ് ഗ്രാൻസ്‍ലാം കിരീടങ്ങൾ നേടിയിട്ടുള്ള സാനിയ 2 തവണ കിരീടമുയർത്തിയത് ഓസ്ട്രേലിയൻ ഓപ്പണിലാണ്. 2009ൽ ഇന്ത്യയുടെ മഹേഷ് ഭൂപതിക്കൊപ്പം മിക്സ്ഡ് ഡബിൾസ് ജേതാവായ താരം സ്വിറ്റ്സർലൻഡിന്റെ മാർട്ടിന ഹിൻജിസിനൊപ്പം 2016 ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ‍ഡബിൾസിലും ജയിച്ചു. ഗ്രാൻ‌സ്‍ലാം കിരീടത്തോടെ ടെന്നിസ് കരിയർ അവസാനിപ്പിക്കാൻ സാനിയയ്ക്ക് ഈ വർഷം  3 ഗ്രാൻസ്‍ലാം ടൂർണമെന്റുകൾ കൂടി ബാക്കിയുണ്ട്.

English Summary: Made the announcement too soon: Sania Mirza on her retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com