ADVERTISEMENT

മെൽബൺ ∙ നൊവാക് ജോക്കോവിച്ചിന്റെ വാക്സീൻ വിവാദത്തിലൂടെ നിറം മങ്ങി തുടങ്ങിയ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് റാഫേൽ‌ നദാൽ– ഡാനിൽ മെദ്‌വദേവ് പോരാട്ടത്തിലൂടെ ആവേശ ക്ലൈമാക്സിലേക്ക്. 21–ാം ഗ്രാൻസ്‍ലാം കിരീടമെന്ന ചരിത്രത്തിലേക്ക് റാക്കറ്റ് വീശാനെത്തുന്ന സ്പാനിഷ് താരം നദാലാണ് ഇന്നത്തെ പുരുഷ സിംഗിൾസ് ഫൈനലിലെ ശ്രദ്ധാകേന്ദ്രം. ഗ്രാൻസ്‍ലാം നേട്ടങ്ങളിൽ നിലവിൽ റോജർ ഫെഡറർക്കും നൊവാക് ജോക്കോവിച്ചിനും ഒപ്പംനിൽക്കുന്ന നദാലിന് (20) ഇരുവരെയും പിൻതള്ളാനുള്ള സുവർണാവസരമാണിത്.

പക്ഷേ എതിരാളി നിസ്സാരക്കാരനല്ല, ലോക രണ്ടാംനമ്പർ താരവും യുഎസ് ഓപ്പൺ ചാംപ്യനുമായ ഡാനിൽ‌ മെദ്‍വദേവ്. തുടരെ രണ്ടു ഗ്രാൻസ്‍ലാമുകളിൽ നിന്നു കരിയറിലെ ആദ്യ 2 ട്രോഫികൾ നേടുന്ന താരമെന്ന റെക്കോർഡിന്റെ പടിവാതിലിൽ നിൽക്കുകയാണ് മെദ്‍വദേവ്.

ഈ ടൂർണമെന്റിന്റെ തുടക്കം മുതൽ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെട്ട 2 താരങ്ങളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഫോർഹാൻഡ് ഗെയിമിൽ ആധിപത്യം കാട്ടുന്ന നദാലും ബാക്‌ഹാൻഡിൽ കരുത്തനായ മെദ്‍വദേവും തമ്മിലുള്ള പോരാട്ടത്തിനു വീറും വാശിയുമേറും. 29–ാം ഗ്രാൻസ്‍ലാം ഫൈനൽ കളിക്കുന്ന 35 വയസ്സുകാരൻ റാഫേൽ നദാലിന് 25 വയസ്സുകാരൻ മെദ്‍വദേവിന്റെ ചുറുചുറുക്കിനെയും മറികടക്കേണ്ടതുണ്ട്. റഷ്യൻ താരത്തിന്റെ കരിയറിലെ അഞ്ചാം ഗ്രാൻസ്‍ലാം ഫൈനലാണിത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്കു രണ്ടിനാണ് മത്സരം.

∙ റാഫേൽ നദാൽ

രാജ്യം: സ്പെയ്ൻ

റാങ്ക്: 5

വയസ്സ്: 35

ഉയരം: 185 സെന്റിമീറ്റർ

∙ ഡാനി‍ൽ മെദ്‍വദേവ്

രാജ്യം: റഷ്യ

റാങ്ക്: 2

വയസ്സ്: 25

ഉയരം: 198 സെന്റിമീറ്റർ

∙ TOURNAMENT STATS

∙ സെർവ് ഗെയിം ‌ജയം

നദാൽ-95% മെദ്‍വദേവ്-94%

∙ സെർവ് റിട്ടേൺ

നദാൽ-69% മെദ്‍വദേവ്-71%

∙ ശരാശരി റാലി ദൈർഘ്യം

നദാൽ-4.05 മിനിറ്റ് മെദ്‍വദേവ്-3.91 മിനിറ്റ്

∙ ആകെ മത്സര സമയം

നദാൽ-17.04 മണിക്കൂർ മെദ്‍വദേവ്-17.29 മണിക്കൂർ

∙ ഇരുവരും തമ്മിൽ ഇതുവരെ നടന്ന 4 മത്സരങ്ങളിൽ മൂന്നിലും ജയം നദാലിനായിരുന്നു. ഒടുവിൽ‌ ഏറ്റുമുട്ടിയ 2019 യുഎസ് ഓപ്പൺ ഫൈനലിലും നദാൽ മെ‍ദ്‌വദേവിനെ തോൽപിച്ചു

∙ കഴിഞ്ഞവർഷത്തെ യുഎസ് ഓപ്പൺ ഫൈനലിൽ 21–ാം ഗ്രാൻസ്‍ലാം കിരീടം തേടിയിറങ്ങിയ നൊവാക് ജോക്കോവിച്ചിനെ തോൽപിച്ചത് മെദ്‍വദേവാണ്. ഇത്തവണ നദാലിനു ഭീഷണിയുയർത്തുന്നതും അതേ താരം.

English Summary: Daniil Medvedev vs Rafael Nadal, Men's Australian open 2022 Final, Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com