ADVERTISEMENT

കഠിനാധ്വാനവും മനക്കട്ടിയുമാണ് ആസ്തി. കടുകിട തെറ്റാതെയുള്ള പരിശീലനമാണു നിക്ഷേപം. പരുക്കും പ്രായവുമാണു കമ്മി.  പക്ഷേ, 21 ഗ്രാൻസ്‍ലാം കിരീടങ്ങൾ എന്ന ‘വരവ്’ പരിശോധിച്ചാൽ സ്പാനിഷ് ടെന്നിസ് താരം റാഫേൽ നദാലിന്റെ കരിയർ ബജറ്റ് ഒരു സൂപ്പർഹിറ്റ് മിച്ച ബജറ്റാണ്. 

തന്റെ ആസ്തികളും വരവുകളും കൃത്യമായ ആസൂത്രണത്തിലൂടെ വിനിയോഗം നടത്തി, ഭാവനാപൂർണമായ പദ്ധതികളിലൂടെ ടെന്നിസ് കോർട്ടിൽ വിജയം വിരിയിച്ചെടുക്കുന്ന മാന്ത്രികനാണു റാഫ.  ഈ ടെന്നിസ് പ്രതിഭയുടെ കരിയറിലെ യഥാർഥ വരവ്, ചെലവ് കണക്കുകളിലൂടെ എയ്സ് പായിച്ചാൽ എങ്ങനെയിരിക്കും?

∙ വരവ്  298 കോടി* (തുക രൂപയിൽ)

കോർട്ട് വരുമാനം: 104 കോടി

പരസ്യ വരുമാനം: 194 കോടി

(*ഫോബ്സ് കണക്കുപ്രകാരം കഴിഞ്ഞ ഒരു വർഷത്തെ വരുമാനം)

∙ ചെലവ് 35 കോടി

പരിശീലനം: 15 കോടി (സപ്പോർട്ട് സ്റ്റാഫിന്റെ ശമ്പളം ഉൾപ്പെടെ)

∙ യാത്ര: 10 കോടി

∙ കോച്ച് ശമ്പളം: 10.4 കോടി (കളി വരുമാനത്തിന്റെ 10 ശതമാനമാണു മുഖ്യ പരിശീലകൻ കാർലോസ് മോയയുടെ ഏകദേശ ശമ്പളം)

(അവലംബം: ടെന്നിസ്പ്രഡിക്ട് ഡോട് കോം)

∙ ആസ്തി മൂല്യം 137 കോടി

കാറുകൾ: 8.85 കോടി (ഫെറാറി 458 ഇറ്റാലിയ – ഏകദേശം 4.80 കോടി വില വരുന്നത്, ആസ്റ്റൻ മാർട്ടിൻ ഡിബിഎസ് – ഏകദേശം 2.55 കോടി രൂപ, മെഴ്സിഡീസ് ബെൻസ് എസ്എൽ 550 – ഒന്നരക്കോടി). ‘കിയ’യുടെ ബ്രാൻഡ് അംബാസഡർ ആയതിനാൽ അവരുടെ പുതിയ കാറുകൾ ആദ്യം കിട്ടും.

ആഡംബര വീട്: 2 എണ്ണം (ഒന്നു സ്പെയിനിൽ, മറ്റൊന്നു ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ) – രണ്ടിനും കൂടി ഏകദേശം മൂല്യം 33 കോടി രൂപ

ആഡംബര നൗക: 45 കോടി രൂപ ചെലവിൽ നിർമിച്ച യോട്ട് (ഉല്ലാസവഞ്ചി)

സ്വകാര്യ വിമാനം: 50 കോടി

∙ ക്യാപിറ്റൽ എക്സ്പെൻഡിച്ചർ – 50 കോടി

ആസ്തി സൃഷ്ടിക്കാനായി ചെലവാക്കുന്ന പണമാണ് ക്യാപിറ്റൽ എക്സ്പെൻഡിച്ചർ. 2016ൽ ഏകദേശം 50 കോടി രൂപ ചെലവാക്കിയാണു തന്റെ ജൻമനാട്ടിൽ റാഫ നദാൽ ടെന്നിസ് അക്കാദമിക്കു നദാൽ തുടക്കമിട്ടത്. നദാലിന്റെ ആദ്യ പരിശീലകനും അമ്മാവനുമായ ടോണി നദാലാണ് അക്കാദമി ഡയറക്ടർ. നദാലിന്റെ ഇപ്പോഴത്തെ പരിശീലകൻ കാർലോസ് മോയയാണു ടെക്നിക്കൽ ഡയറക്ടർ. ഇന്റർനാഷനൽ സ്കൂൾ ഉൾപ്പെടെ അക്കാദമിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഹാർഡ് കോർട്ട്, ഇൻഡോർ കോർട്ട്, ക്ലേ കോർട്ട് എന്നിവയുൾപ്പെടെ മുപ്പതോളം കോർട്ടുകൾ അക്കാദമിയിലുണ്ട്.

∙ കോവിഡ് പാക്കേജ് 74 കോടി

സ്പെയിനിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 74 കോടി രൂപയാണു നദാലിന്റെ നേതൃത്വത്തിൽ സമാഹരിച്ചു നൽകിയത്.

∙ റവന്യൂ റെസീപ്റ്റ് 21

മൂലധന വരവ് എന്നാണ് ഈ ബജറ്റ് പദത്തിന്റെ അർഥം. നദാൽ എന്ന ടെന്നിസ് താരത്തെ സംബന്ധിച്ചിടത്തോളം കിരീടനേട്ടങ്ങളെ ഈ പട്ടികയിൽപ്പെടുത്താം.

21 ഗ്രാൻസ്‍ലാം കിരീടങ്ങൾ

2 ഒളിംപിക് സ്വർണം 

(2008ൽ സിംഗിൾസ്, 

2016ൽ ഡബിൾസ്)

5 ഡേവിസ് കപ്പ്

∙ 934 കോടി

2001ൽ പ്രഫഷനലായ ശേഷം മുപ്പത്തഞ്ചുകാരൻ നദാൽ ഇതുവരെ ടെന്നിസ് ചാംപ്യൻഷിപ്പുകളിലെ സമ്മാനത്തുകയായി മാത്രം സ്വന്തമാക്കിയത് 12.50 കോടി ഡോളറാണ് (ഏകദേശം 934 കോടി രൂപ).

English Summary: Nadal Captures Record 21st Slam As Career Earnings Push $500 Million

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com