ADVERTISEMENT

കായികലോകത്തെ വീര്യമേറിയ ‘എനർജി ഡ്രിങ്കി’ന്റെ പേരാണ് റാഫേൽ നദാൽ. മാച്ച് പോയിന്റിനെ അതിജീവിച്ചു വിജയിച്ച മത്സരങ്ങൾ പോലെ, തുടർ പരുക്കുകളെ പൊരുതിത്തോൽപിച്ചു പടുത്തുയർത്തിയതാണ് നദാലിന്റെ ടെന്നിസ് കരിയർ. കഴിഞ്ഞ വർഷാവസാനം കാൽപാദത്തിനേറ്റ പരുക്കുമൂലം ക്രച്ചസിന്റെ സഹായത്തോടെ നടന്ന നദാൽ ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചൂടിയത് അഞ്ചര മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ. 35–ാം വയസ്സിൽ 21–ാം ഗ്രാൻസ്‍ലാം കിരീടവുമായി പുരുഷ ടെന്നിസിൽ ഒന്നാമനായ സൂപ്പർതാരം,  മെക്സിക്കോ ഓപ്പൺ എടിപി കിരീട വിജയത്തോടെ കഴിഞ്ഞ ദിവസം വീണ്ടും കരുത്തുകാട്ടി. ഇമെയിൽ അഭിമുഖത്തിൽ നദാൽ സംസാരിക്കുന്നു. 

പുരുഷ ടെന്നിസിലെ കൂടുതൽ ഗ്രാൻസ്‍ലാം കിരീടങ്ങൾ, 91 എടിപി കിരീടങ്ങൾ.. ടെന്നിസ് കോർട്ടിൽ നിന്നു നദാലിന്റെ റാക്കറ്റ് ഉന്നം വയ്ക്കുന്ന അടുത്ത ലക്ഷ്യമെന്താണ് ‌?

ടെന്നിസാണ് എന്റെ ജീവൻ. ഇതൊഴിച്ചുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാകില്ല. ഇനിയുമേറെക്കാലം മത്സരക്കളത്തിൽ തുടരണമെന്നതാണ് ഇപ്പോഴത്തെ വലിയ ആഗ്രഹം. ഉടനെയൊന്നും വിരമിക്കില്ല. കഴിഞ്ഞ 2 വർഷം കുറച്ചു  മത്സരങ്ങൾ മാത്രമാണ് കളിക്കാനായത്. ഈ വർഷം പരമാവധി ടൂർണമെന്റുകളിൽ പങ്കെടുക്കണം. മെക്സിക്കൻ ഓപ്പണിൽ മത്സരിക്കാനെത്തിയതും ഇക്കാരണത്താലാണ്.

കരിയറിലെ 22–ാം ഗ്രാൻസ്‍ലാം  ഫ്രഞ്ച് ഓപ്പണിലൂടെ നേടിയെടുക്കുമോ ?

ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കുമ്പോൾ ഫിറ്റ്നസ് സംബന്ധിച്ച് ആശങ്കകളുണ്ടായിരുന്നു. കാൽപാദത്തിലെ പരുക്കും പുറംവേദനയും ഇപ്പോൾ പൂർണമായി വിട്ടുമാറി. അതുകൊണ്ട് ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം നടത്താനാകുമെന്നു കരുതുന്നു. പക്ഷേ ഫ്രഞ്ച് ഓപ്പണിന് ഇനിയും 3 മാസം സമയമുണ്ട്. അപ്പോഴത്തെ ഫോമും ഫിറ്റ്നസും പ്രവചിക്കാനാകില്ലല്ലോ. 

റോജർ ഫെഡററും നൊവാക് ജോക്കോവിച്ചും ഉൾപ്പെട്ട ഈ കാലഘട്ടത്തിൽ അല്ലായിരുന്നെങ്കിൽ ഇതിലുമേറെ നേട്ടങ്ങൾ‌ കൈവരിക്കാമായിരുന്നില്ലേ? 

ടെന്നിസ് കോർട്ടിൽ ഇതുവരെ കൈവരിച്ച നേട്ടങ്ങളിൽ ഞാൻ പൂർണ തൃപ്തനാണ്. നഷ്‍ടബോധമൊന്നുമില്ല. ഫെ‍ഡററുടെയും ജോക്കോവിച്ചിന്റെയും സാന്നിധ്യം പ്രകടനം മെച്ചപ്പെടുത്തുന്നതിൽ എന്നെ സഹായിച്ചിട്ടുണ്ട്. 

ഫ്രഞ്ച് ഓപ്പണിലും നൊവാക് ജോക്കോവിച്ചിനു മത്സരിക്കാനാകില്ലെന്നാണ് റിപ്പോർട്ടുകൾ. വാക്സീൻ വിവാദത്തിൽ നദാലിന്റെ നിലപാടെന്താണ് ?

ഗ്രാൻസ്‍ലാം ടൂർണമെന്റിൽ മത്സരിക്കുന്നതും വിട്ടുനിൽക്കുന്നതും ജോക്കോവിച്ചിനെ വ്യക്തിപരമായി ബാധിക്കുന്ന കാര്യമാണ്. ടൂർണമെന്റിനെയോ ടെന്നിസിനെയോ ബാധിക്കില്ല. കോവിഡ് വാക്സിനേഷൻ കാര്യത്തിൽ പ്രത്യേക നിലപാട് സ്വീകരിച്ചയാൾ അതുമായി ബന്ധപ്പെട്ട മറ്റു വെല്ലുവിളികളും നേരിടേണ്ടതായി വരും. വാക്സീൻ എടുത്താലും ഇല്ലെങ്കിലും മത്സരരംഗത്തു തുടരേണ്ടത് ജോക്കോവിച്ചിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. വാക്സിനേഷൻ സ്വീകരിക്കാതെ തന്നെ മത്സരാനുമതി കിട്ടിയാൽ അദ്ദേഹത്തിനു സ്വാഗതം.

English Summary: Special interview with Rafael Nadal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com