ADVERTISEMENT

25-ാം വയസ്സിൽ സജീവ ടെന്നിസിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ആഷ്‌ലി ബാർട്ടിക്കു ക്രിക്കറ്റിലും ഗോൾഫിലും മികവുതെളിയിച്ച കഥകളുമുണ്ട് പറയാൻ...

ടെന്നിസിൽനിന്ന് വെ‌റും 25–ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച ആഷ്‌ലി ബാർട്ടിയെ അക്ഷരം തെറ്റാതെ വിളിക്കാം, ‘ക്രോസ് സ്പോർട്സ് അത്‌ലീറ്റ്’! ടെന്നിസിൽ‌‌ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ബാർട്ടിയുടെ കരിയർ എന്നതുതന്നെ കാരണം. ഇക്കഴിഞ്ഞ ജനുവരിയിൽ‌ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചൂടിയതിന്റെ ‘ചൂടാറും മുൻപാ’ണ് ആഷ്‌ലി ബാർട്ടി വിരമിക്കൽ പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുന്നത്. ടെന്നിസ് വനിതാ വിഭാഗം റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരിയായി തുടരുമ്പോ‌ഴാണ് ഈ വിരമിക്കൽ പ്രഖ്യാപനമെന്നതും ശ്രദ്ധേയം.

മുൻപ്, ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമെന്റിനിടെയിലെ പരിശീലനത്തിനിടെ തന്റെ നേർക്കു വന്ന ടെന്നിസ് ബോൾ ‘സ്ക്വയർ ലെഗിലേക്കു’ കളിക്കുന്ന ബാർട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ടെന്നിസ് സ്വപ്നങ്ങൾക്ക് അവധി നൽകി കുറച്ചുകാലം ക്രിക്കറ്റിനു പിന്നാലെയായിരുന്നു ബാർട്ടി.

2015ൽ ടെന്നിസ് റാക്കറ്റിന് ‘താൽക്കാലിക ഇടവേള’ നൽകി ക്രിക്കറ്റ് ബാറ്റ് പിടിക്കുമ്പോൾ പ്രായം 18. ടെന്നിസ് കരിയറിൽ നിന്നൊരു ബ്രേക് എടുക്കാനുള്ള തീരുമാനം അത്ര എളുപ്പമായിരുന്നില്ല. ക്രിക്കറ്റിൽ ഒരുകൈ നോക്കാനെത്തിയ ആഷ്‍ലി ബാർട്ടിയുടെ കയ്യിലേക്ക് കോച്ചായിരുന്ന ആൻഡി റിച്ചാർഡ്സ് ഒരു ബാറ്റും ഗ്ലൗസും പാഡും വച്ചുകൊടുത്തു. നേരെ ഗ്രൗണ്ടിലേക്കിറക്കി. ബോളിങ് മെഷീനിൽ നിന്നു പാഞ്ഞുവന്ന പന്തുകൾ ‘ക്ലാസിക്കൽ ഡിഫൻസിലൂടെ’ നേരിട്ട് അദ്ഭുതപ്പെടുത്തി, സ്റ്റാൻ‍സും ഒരു പ്രഫഷനൽ താരത്തിന്റേതു പോലെ.

ഷോട്ടുകൾ കളിക്കാൻ കോച്ച് ആവശ്യപ്പെട്ടപ്പോൾ റാക്കറ്റിൽ നിന്നു മിഡ്കോർട്ടിലേക്കു ടെന്നിസ് ബോളുകൾ പായിക്കുന്നതുപോലെ ബാറ്റിൽനിന്നു ഷോട്ടുകൾ പറക്കുന്നു. ബോളിങ് മെഷീനിൽ നിന്നു വന്ന 150 പന്തുകളിൽ ആകെ മിസ് ആയത് രണ്ടെണ്ണം മാത്രം, ഒരിക്കൽ പോലും സ്റ്റംപിൽ തൊട്ടില്ല. ടെന്നിസിലെ പരിശീലനം വഴി രൂപപ്പെട്ട കണ്ണും കയ്യും തമ്മിലുള്ള ‘ബോണ്ടാണ്’ ആഷ്‌ലിയിലെ ക്രിക്കറ്റർക്കും ഗുണകരമായത്. ബ്രിസ്ബെയ്ൻ ഹീറ്റ് ടീമിനായി കളത്തിലിറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ബാർട്ടിയുടെ കൈക്കരുത്ത് ബോളർമാരറിഞ്ഞു. 27 പന്തിൽ 39 റൺസായിരുന്നു ആദ്യ മത്സരത്തിലെ സമ്പാദ്യം, അതിലൊരു കൂറ്റൻ സിക്സും ഉൾപ്പെടും.

ക്രിക്കറ്റിനു പുറമേ ഗോൾഫിലും ഇക്കാലയളവിൽ പയറ്റിത്തെളിഞ്ഞു. ആദ്യത്തെ ഫുൾ റൗണ്ട് 18 ഹോൾ കോഴ്സിലെ പോയിന്റ് നേട്ടം കാലങ്ങളായി ഗോൾഫ് പരിശീലിക്കുന്നവർക്ക് ഒപ്പം നിൽക്കുന്നതായിരുന്നു.

2016ന്റെ തുടക്കത്തിൽ തന്നെ ആഷ്‌ലി ബാർട്ടി ടെന്നിസിലേക്കു മടങ്ങിയെത്തി. തൊട്ടടുത്ത വർഷം മലേഷ്യൻ ഓപ്പൺ കിരീട നേട്ടത്തോടെ ടോപ് റാങ്കിലേക്കു കുതിച്ചു. പിന്നീടുള്ള വർഷങ്ങളിൽ തുടർച്ചയായ കിരീടങ്ങൾ. കോർട്ടിൽ നിറഞ്ഞുകളിക്കുന്ന ആഷ്‌ലിയുടെ കരുത്ത് വൈവിധ്യം നിറഞ്ഞ ഷോട്ടുകളാണ്. പുൽകോർട്ടുകളോടാണ് പ്രിയമെങ്കിലും ഹാർഡ് കോർട്ടിലും മൺകോർട്ടിലും ഒരേ മികവ് പുറത്തെടുക്കാൻ കഴിയുമെന്നതായിരുന്നു പ്ലസ് പോയിന്റ്.

3 പ്രതലത്തിലും ഗ്രാൻ‌‍ഡ്സ്‌ലാം നേടിയ താരമാണ് ആഷ്‌ലി, നിലവിൽ മത്സരിക്കുന്ന വനിതാ താരങ്ങളിൽ സെറീന വില്യംസിനു മാത്രമാണ് ഈ നേട്ടം അവകാശപ്പെടാനാവുക. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടനേട്ടത്തോടെ ഓസ്ട്രേലിയൻ ആരാധകരുടെ നീണ്ട 44 വർഷത്തെ കാത്തിരിപ്പിനുകൂടിയാണ് വിരാമമിട്ടത്. 1978ൽ ചാംപ്യനായ ക്രിസ് ഒനീലിക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന ഓസ്ട്രേലിയൻ വനിതയാണ് ആഷ്‍ലി ബാർട്ടി. ഇത്തരം ചരിത്രപരമായ നേട്ടങ്ങളുടെ ഉന്നതിയിൽ നിൽക്കുമ്പോ‌ഴാണ് വിരമിക്കൽ പ്രഖ്യാപിച്ച് ബാർട്ടി കളമൊഴിയുന്നത്.‌ ടെന്നിസിൽ സജീവമായിരിക്കെ ക്രിക്കറ്റും ഗോ‌ൾഫും തനിക്കു വഴങ്ങുമെന്ന് തെ‌ളിയിച്ചിട്ടുള്ള ബാർട്ടി, ഇനി ലക്ഷ്യമിടുന്നത് ഈ മേഖലകളിലൊന്നാണോ? ആരാധകരും കാത്തിരിക്കുകയാണ്, ബാർട്ടിയുടെ ‌അടുത്ത നീക്കത്തിനായി!

(മുൻപ് ഓസ്ട്രേലിയൻ‍ ഓപ്പൺ ജയിച്ചപ്പോ‌ൾ പ്രസിദ്ധീകരിച്ച ലേഖനം ആഷ്‍ലി ബാർട്ടിയുടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റങ്ങളോടെ പ്രസിദ്ധികരിക്കുന്നത്)

English Summary: Reasons behind World No. 1 Ashleigh Barty's surprise retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com