ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ നദാലിന് എതിരാളി റൂഡ്; സെമിയിൽ സിലിച്ചിനെ വീഴ്ത്തി

nadal-ruud
ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിനു യോഗ്യത നേടിയ റാഫേൽ നദാലും കാസ്പർ റൂഡും (ഫ്രഞ്ച് ഓപ്പൺ പങ്കുവച്ച ചിത്രം)
SHARE

പാരിസ് ∙ 22–ാം ഗ്രാൻസ്‍ലാം കിരീടമെന്ന റെക്കോർഡ് നേട്ടം കൈപ്പിടിയിലൊതുക്കാൻ കളിമൺ കോർട്ടിലെ രാജകുമാരൻ സ്പാനിഷ് താരം റാഫേൽ നദാലിനു മുന്നിൽ ഇനി ഒരു പടി കൂടി മാത്രം. ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ആവേശകരമായ സെമി പോരാട്ടത്തിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവ് പരുക്കേറ്റു പിന്മാറിയതോടെ നദാൽ ഫൈനൽ ബെർത്ത് ഉറപ്പാക്കി. മത്സരം 7–6, 6–6 എന്ന സ്കോറിൽ നിൽക്കെയാണ് സ്വരേവ് പിൻമാറിയത്. അപ്പോഴേക്കും മത്സരം മൂന്നു മണിക്കൂർ പിന്നിട്ടിരുന്നു.

ആവേശകരമായ രണ്ടാം സെമിയിൽ ക്രൊയേഷ്യയുടെ വെറ്ററൻ താരം മാരിൻ സിലിച്ചിനെ തോൽപ്പിച്ച നോർവേയുടെ കാസ്പർ റൂഡാണ് ഫൈനലിൽ നദാലിന്റെ എതിരാളി. ഒരു സെറ്റിനു പിന്നിലായിരുന്ന കാസ്പർ റൂഡ്, പിന്നീട് മൂന്നു സെറ്റ് തിരിച്ചുപിടിച്ചാണ് കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്. സ്കോർ 3–6, 6–4, 6–2, 6–2.

ഗ്രാൻസ്‌ലാമിന്റെ ചരിത്രത്തിൽ ഫൈനലിലെത്തുന്ന ആദ്യ നോർവേ താരമെന്ന റെക്കോർഡും ലോക എട്ടാം നമ്പറായ കാസ്പർ റൂഡ് സ്വന്തമാക്കി. റൂഡിന്റെയും സിലിച്ചിന്റെയും ആദ്യ ഫ്രഞ്ച് ഓപ്പൺ സെമി കൂടിയായിരുന്നു ഇത്. അതേസമയം, 2014ലെ യുഎസ് ഓപ്പൺ ജേതാവാണ് സിലിച്ച്.

മറുവശത്ത്, 36–ാം ജന്മദിനത്തിലാണു നദാലിന്റെ ഫൈനൽ പ്രവേശം. പോരാട്ടം ആവേശകരമായ രണ്ടാം സെറ്റിന്റെ അവസാന ഭാഗത്ത് എത്തിയപ്പോഴാണ് സ്വരേവിന്റെ കാലിനു പരുക്കേറ്റത്. വീൽചെയറിലാണു സ്വരേവ് കോർട്ടിൽനിന്നു പുറത്തു പോയത്. കുറച്ചു സമയത്തിനുശേഷം ക്രച്ചസിന്റെ സഹായത്തോടെ കോർട്ടിലെത്തിയ താരം കാണികളെ അഭിവാദ്യം ചെയ്തു മടങ്ങുകയായിരുന്നു.

നേരത്തേ, ക്വാർട്ടർ പോരാട്ടത്തിൽ നൊവാക് ജോക്കോവിച്ചെന്ന വൻമരത്തെ വീഴ്ത്തിയാണു നദാൽ സെമിയിലെത്തിയത്. നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ 6-2, 4-6, 6-2, 7-6 (4) എന്ന സ്കോറിനായിരുന്നു നദാലിന്റെ ജയം.

English Summary: French Open: Birthday boy Rafa storms into 14th final

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS