ADVERTISEMENT

പാരിസ് ∙ ഇരുപത്തിമൂന്നുകാരൻ ശിഷ്യന്റെ പിഴവുകൾക്കു മുന്നി‍ൽ നദാൽ കനിവില്ലാത്ത പരിശീലകനായി, അപൂർവമായി വന്ന അവന്റെ മികവുകൾക്കു മുന്നിൽ കയ്യടികളോടെ സ്നേഹമയിയായ അധ്യാപകനുമായി; നോർവേ താരം കാസ്പർ റൂഡിനെ കളി പഠിപ്പിച്ച് സ്പാനിഷ് താരം റാഫേൽ നദാലിനു ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം. സ്കോർ: 6–3,6–3,6–0. ഫ്രഞ്ച് ഓപ്പണിലെ 14–ാം ട്രോഫിയും ഗ്രാൻസ്‌ലാം ടൂർണമെന്റുകളിലെ 22–ാം കിരീടവും നേടി തന്റെ തന്നെ റെക്കോർഡുകളും നദാൽ പുതുക്കി. ഫ്രഞ്ച് ഓപ്പൺ ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ പുരുഷതാരമെന്ന നേട്ടവും മുപ്പത്തിയാറുകാരനായ നദാലിനു സ്വന്തം. 2 ദിവസം മുൻ‍പാണ് നദാൽ 36–ാം ജന്മദിനം ആഘോഷിച്ചത്. 

ഗുരുവും ശിഷ്യനും 

സ്പെയിനിലെ റാഫേൽ നദാൽ അക്കാദമിയിൽ പരിശീലിക്കുന്ന നോർവേക്കാരൻ കാസ്പർ റൂഡിന്റെ കളിയിലുടനീളം നദാലിനോടുള്ള ആരാധനയാണു നിറഞ്ഞു നിന്നത്. നദാലിനോടു മത്സരിക്കുന്നതു തന്നെ അഭിമാനം എന്ന മനസ്സോടെ റൂഡ് കളിച്ചപ്പോൾ ഫൈനൽ ആവേശത്തിലേക്കുയർന്നില്ല. നദാലിന്റെ വിജയം റൂഡ് എത്ര വൈകിക്കും എന്നതു മാത്രമായി അതോടെ ചോദ്യം. ഒടുവിൽ, തന്റെ പതിവു പോരാട്ടവീര്യമൊന്നും പുറത്തെടുക്കാതെ തന്നെ 2 മണിക്കൂർ 18 മിനിറ്റിൽ നദാൽ മത്സരം തീർത്തു. 

അനായാസ ജയം 

ആദ്യ സെറ്റിൽ 2–0 ലീഡ് എടുത്തതു മുതൽ നദാലിനു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 2 ഡബിൾ ഫോൾട്ടുകളിലൂടെ നദാൽ റൂഡിന് അവസരം നൽകിയെങ്കിലും തുടർച്ചയായ 3 പിഴവുകളിലൂടെ റൂഡ് അതു തിരിച്ചു നൽകി. റൂഡിനെ ബാക്ക്ഹാൻഡ് കോർണറിൽ കുരുക്കിയിട്ട നദാൽ അനായാസം ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിന്റെ ആദ്യ ഗെയിമിൽ നദാൽ ബ്രേക്ക് പോയിന്റുകൾ നഷ്ടപ്പെടുത്തിയതോടെ റൂഡിനു 3–1 ലീഡ്. എന്നാൽ പിന്നീടു തുടരെ 5 ഗെയിമുകൾ നേടി സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിൽ റൂഡിന് ഒരു അവസരം പോലും നൽകാതെ നദാൽ കുതിച്ചതോടെ ജയം പ്രതീക്ഷിച്ചതിലും അനായാസം.

∙ കൃത്യം 17 വർഷങ്ങൾക്കു മുൻപ് ഇതേ തീയതിയാണ് നദാൽ തന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയത്. 19 വയസ്സുണ്ടായിരുന്ന നദാൽ അന്ന് ഫ്രഞ്ച് ഓപ്പണിലെ പ്രായം കുറഞ്ഞ ജേതാവുമായി. 

റാഫേൽ നദാൽ

വിജയം–1058

തോൽവി–212

ഗ്രാൻസ്‌‌ലാം ട്രോഫികൾ–22

ഓസ്ട്രേലിയൻ ഓപ്പൺ -   2 (2009, 2022)

ഫ്രഞ്ച് ഓപ്പൺ– 14 (2005, 2006, 2007, 2008, 2010, 2011, 2012, 2013, 2014, 2017, 2018, 2019, 2020, 2022) 

വിമ്പിൾഡൻ-    2 (2008, 2010)

യുഎസ് ഓപ്പൺ - 4 (2010, 2013, 2017, 2019) 

ഒളിംപിക്സ്– സിംഗിൾസ് സ്വർണം (2008), 

ഡബിൾസ് സ്വർണം (2016)

ഡേവിസ് കപ്പ് -  5 (2004, 2008, 2009, 2011, 2019) 

1000 കോടി കടന്ന് നദാൽ 

ഫ്രഞ്ച് ഓപ്പൺ‍ ജയത്തോടെ പ്രഫഷനൽ ടെന്നിസിൽ നിന്ന് നേടിയ സമ്മാനത്തുകയുടെ കണക്കിൽ നദാൽ രണ്ടാമതെത്തി. നദാലിന്റെ ഇതുവരെയുള്ള സമ്മാനത്തുക 13 കോടി യുഎസ് ഡോളർ (ഏകദേശം 1013 കോടി രൂപ). സെർബിയൻ താരം നൊവാക് ജോക്കോവിച്ചാണ് (ഏകദേശം 1210 കോടി രൂപ) നദാലിനു മുന്നിലുള്ളത്. സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർ (ഏകദേശം 1012 കോടി രൂപ) നദാലിനു പിന്നിൽ.  

English Summary: French Open Men's Singles final - live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com