ഒരു വട്ടമെങ്കിലും കാലു കുത്തണമെന്ന് എല്ലാ കായിക പ്രേമികളും ആഗ്രഹിക്കുന്നിടം; ഒരു കിരീടമെങ്കിലും നേടണമെന്ന് ഏതൊരു താരവും കൊതിക്കുന്നിടം– ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിന് കഥകളേറെ പറയാനുണ്ട്. കൃത്യമായി പറഞ്ഞാൽ നൂറു വർഷത്തെ കഥ! ലോകത്തെ ഏറ്റവും പ്രശസ്തമായ പുൽപ്പരപ്പ് എന്നു പുകൾ പെറ്റ വിമ്പിൾഡനിലെ സെന്റർ കോർട്ടിന്റെ ശതാബ്ദി ആഘോഷത്തിന് ഇന്നലെ ഒത്തു ചേർന്നത് ഇവിടെ വാഴുകയും വീഴുകയും ചെയ്ത ഇതിഹാസ താരങ്ങൾ.

വിമ്പിൾഡനിൽ ഒരു സിംഗിൾസ് കിരീടം നേടിയ പാറ്റ് ക്യാഷ് മുതൽ 8 കിരീടം ചൂടിയ റോജർ ഫെഡറർ വരെയുള്ളവരാണ് റാക്കറ്റിനു പകരം മൈക്കുമായി സെന്റർ കോർട്ടിൽ അണിനിരന്നത്. വിമ്പിൾഡനിൽ 3 വട്ടം ചാംപ്യനായ ജോൺ മക്കൻറോയും മുൻ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് സ്യൂ ബാർകറുമായിരുന്നു പരിപാടിയുടെ അവതാരകർ.
9 സിംഗിൾസ് കിരീടങ്ങളുമായി ഇവിടെ സർവകാല റെക്കോർഡുള്ള മാർട്ടിന നവരത്‌ലോവനവരത്‌ലോവ ചടങ്ങിനെത്തിയിരുന്നില്ല. 8 കിരീടങ്ങളുമായി ‘തുല്യരിൽ ഒന്നാമനായി’ നിന്ന ഫെഡറർ കാണികളുടെ കരഘോഷങ്ങൾക്കിടെ പ്രഖ്യാപിച്ചു– ഞാൻ ഇനിയും ഇവിടെ കളിക്കാൻ വരും. ഒരിക്കൽ കൂടിയെങ്കിലും!
∙ കോർട്ട് മാറ്റം
സെന്റർ കോർട്ട് ഇപ്പോൾ നിലനിൽക്കുന്ന ചർച്ച് റോഡിലേക്കു മാറിയതിന്റെ ശതാബ്ദിയാണ് ഇന്നലെ ആഘോഷിച്ചത്. 1922 വരെ വോർപിൾ റോഡിലായിരുന്നു വിമ്പിൾഡനിലെ പ്രധാന കോർട്ട്. നൂറു വർഷത്തിനിടെ പല മാറ്റങ്ങളും സെന്റർ കോർട്ടിനുണ്ടായി. 2009ലാണ് അകത്തേക്കു വലിക്കാവുന്ന രീതിയിലുള്ള മേൽക്കൂര സ്ഥാപിച്ചത്. നിലവിൽ 14,974 ആണ് സെന്റർ കോർട്ടിന്റെ ഗാലറി ശേഷി.

∙ സ്ട്രോബറി ടൂർണമെന്റ്
വിമ്പിൾഡനും സ്ട്രോബറിയും തമ്മിലുള്ള ബന്ധം 1877ൽ ആരംഭിക്കുന്നു. ക്രീമിൽ ചാലിച്ച സ്ട്രോബറികളാണു ടൂർണമെന്റിലെ പ്രധാന വിഭവം. രണ്ടാഴ്ച മാത്രം ദൈർഘ്യമുള്ള ഓരോ വിമ്പിൾഡനിലും 28,000 കിലോ സ്ട്രോബറിപ്പഴങ്ങളും 10,000 ലീറ്റർ ക്രീമും ചെലവാകുന്നു. അതതു ദിവസം പറിക്കുന്ന സ്ട്രോബറികളാണ് ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെത്തുന്നത്. പാരമ്പര്യം തുടരാനായി അവ വില കുറച്ചാണു വിൽക്കുന്നതും. 10 സ്ട്രോബറിക്ക് 2.5 യൂറോ.

Content Highlights: Wimbledon Tennis, Centre Court