ലണ്ടൻ ∙ ഗ്രാൻസ്‌ലാം ക്വാർട്ടർ ഫൈനൽ എന്ന സ്വപ്നം സഫലമാക്കി 3 വനിതകൾ വിമ്പിൾഡൻ ടെന്നിസിന്റെ അവസാന എട്ടിൽ. 34 വയസ്സുള്ള ജർമൻ താരം തത്യാന മരിയ, 22 വയസ്സുകാരി യുലെ നിമെയ, ചെക്ക് റിപ്പബ്ലിക് താരം മരിയ ബൗസ്കോവ എന്നിവരാണ് ഗ്രാൻസ്‍ലാം സിംഗിൾസിലെ ആദ്യ ക്വാർട്ടർ മത്സരത്തിന് ഇന്നലെ യോഗ്യത നേടിയത്.
മൂന്നു പേരും ഈ ടൂർണമെന്റിൽ സീഡിങ്ങില്ലാതെ മത്സരിക്കുന്നവരാണ്. മുൻ ഫ്രഞ്ച് ഓപ്പൺ ചാംപ്യൻ ലാത്വിയയുടെ യെലേന ഓസ്റ്റപെങ്കോയെ കടുത്ത പോരാട്ടത്തിൽ തോൽപിച്ചാണ് (5-7,7-5,7-5) ലോക റാങ്കിങ്ങിൽ 103–ാം സ്ഥാനക്കാരിയായ തത്യാനിയയുടെ മുന്നേറ്റം.
ഇതിനു മുൻപ് 34 തവണ ഗ്രാൻസ്‍ലാം മത്സരങ്ങളിൽ പങ്കെടുത്ത താരത്തിന് രണ്ടാം റൗണ്ടിന് അപ്പുറത്തേക്കു മുന്നേറാൻ കഴിഞ്ഞിരുന്നില്ല. വിമ്പിൾഡൻ വനിതാ സിംഗിൾസിൽ ഇനി മത്സരിക്കുന്നവരിൽ പ്രായം കൂടിയ താരമാണ് തത്യാനിയ.
മരിയ ബൗസ്കോവ ഫ്രഞ്ച് താരം കരോലിൻ ഗാർഷ്യയെ (7-5, 6-2) തോൽപിച്ചപ്പോൾ കരിയറിലെ രണ്ടാം ഗ്രാൻസ്‍ലാം ടൂർണമെന്റിനെത്തിയ യുലെ നിമെയ ബ്രിട്ടന്റെ ഹീതർ വാട്സനെ അട്ടിമറിച്ചു (6-2, 6-4). മൂന്നാം സീഡ് തുനീസിയയുടെ ഒൻസ് ജാബറും ക്വാർട്ടറിലെത്തി. പുരുഷ സിംഗിൾസിൽ റാഫേൽ നദാൽ പ്രീക്വാർട്ടറിലെത്തി. ഇറ്റലിയുടെ ലോറെൻസോ സൊനെഗോയെ (6-1, 6-2, 6-4) തോൽപിച്ചു.
English Summary: Wimbledon Quarter Final