വിമ്പിൾഡൻ: ജോക്കോ ക്വാർ‍ട്ടറിൽ; മകന്റെ ചിത്രം ട്വീറ്റു ചെയ്തു

novak-djokovic-son-stefan
ജോക്കോവിച്ചിന്റെ ഫോർഹാൻഡ് ഷോട്ട് (ഇടത്) അനുകരിക്കുന്ന മകൻ സ്റ്റെഫാൻ.
SHARE

ലണ്ടൻ ∙ രണ്ടു സ്വപ്നസാഫല്യങ്ങളോടെ ഡച്ച് താരം ടിം വാൻ റെയ്തോവനു വിമ്പിൾഡനിൽ നിന്നു മടങ്ങാം. വൈൽഡ് കാർഡ് വഴി വിമ്പിൾ‍ഡൻ കളിക്കാൻ അവസരം ലഭിച്ച് പ്രീക്വാർട്ടർ വരെയെത്താൻ കഴിഞ്ഞു എന്നതൊന്ന്. ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിനെതിരെ ഒരു സെറ്റ് നേടി എന്നതു മറ്റൊന്ന്. രണ്ടാം സെറ്റ് നേടി തന്നെ ‘കുലുക്കിയുണർത്തിയ’ ഇരുപത്തിയഞ്ചുകാരൻ റെയ്തോവനെ പിന്നാലെ നിലംപരിശാക്കി ജോക്കോ ക്വാർട്ടറിൽ കടന്നു. സ്കോർ: 6–2,4–6,6–1,6–2.

വനിതാ സിംഗിൾസിൽ സ്പാനിഷ് താരം പൗളോ ബഡോസയെ തകർത്ത് (6–1,6–2) റുമാനിയൻ താരം സിമോണ ഹാലെപ് ക്വാർട്ടറിലെത്തി. പുരുഷ ക്വാർട്ടറിൽ ഇറ്റാലിയൻ താരം യാനിക് സിന്നറാണ് ജോക്കോവിച്ചിന്റെ എതിരാളി. സ്പാനിഷ് കൗമാരതാരം കാർലോസ് അൽകാരാസിനെ തോൽപിച്ചാണ് സിന്നർ അവസാന എട്ടിലെത്തിയത് (6–1,6–4,6–7,6–3). സെന്റർ കോർട്ട് ശതാബ്ദി ആഘോഷിച്ച ദിവസം തന്നെയാണ് ഇത്തവണ പുരുഷ സിംഗിൾസിൽ പുറത്താകാതെ നിൽക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളായ സിന്നറും (20 വയസ്) അൽകാരാസും (19 വയസ്) നാലു സെറ്റ് നീണ്ട പോരാട്ടത്തിലൂടെ കാണികളെ ത്രസിപ്പിച്ചത്.

അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ അമേരിക്കൻ താരം ബ്രണ്ടൻ നകാഷിമയെ തോൽപിച്ച് ഓസ്ട്രേലിയൻ താരം നിക്ക് കിർഗിയോസും ക്വാർട്ടറിലെത്തി (4–6,6–4,7–6,3–6,6–2). ഓസ്ട്രേലിയൻ താരം അലക്സ് ഡി മിനോറിനെതിരെ ആദ്യ രണ്ടു സെറ്റ് നഷ്മാക്കിയ ശേഷം ഉജ്വലമായി തിരിച്ചടിച്ചു ജയിച്ച് ചിലെ താരം ക്രിസ്റ്റ്യൻ ഗാരിനും അവസാന എട്ടിലെത്തി (2–6,5–7,7–6,6–4,7–6). മറ്റൊരു ഓസ്ട്രലിയൻ താരം ജെയ്സൻ കുബ്ലറെ തോൽപിച്ച് അമേരിക്കൻ താരം ടെയ്‌ലർ ഫ്രിറ്റ്സും മുന്നേറി. സ്കോർ: 6–3,6–1,6–4. ബ്രിട്ടിഷ് താരം കാമറൺ നോറി, ബൽജിയം താരം ഡേവിഡ് ഗോഫിൻ എന്നിവരാണ് ക്വാർട്ടറിലെത്തിയ മറ്റുള്ളവർ.

സ്റ്റെഫാനാണേ സത്യം; ജോക്കോ കോച്ചാകും!

ടെന്നിസിൽ നിന്നു വിരിമിച്ചാലും നൊവാക് ജോക്കോവിച്ച് കോച്ച് ആയി ടെന്നിസിൽ ഉണ്ടാകുമെന്നുറപ്പ്. മകൻ സ്റ്റെഫാനെ ഭാവിയിൽ താൻ പരിശീലിപ്പിക്കേണ്ടി വരുമെന്ന സൂചന നൊവാക് തന്നെയാണ് നൽകിയത്.

ഏഴു വയസ്സുകാരൻ സ്റ്റെഫാൻ തന്റെ ഫോർഹാൻഡ് അനുകരിക്കുന്ന ചിത്രം ഭാര്യ യെലേനയെ ടാഗ് ചെയ്ത് ട്വിറ്ററിൽ പങ്കുവച്ച് ജോക്കോ ട്വിറ്ററിൽ കുറിച്ചു: എന്തൊരു സന്തോഷം ഇതു കാണുമ്പോൾ!

ഇരുവരും ഒന്നിച്ചു പരിശീലിക്കുന്ന വിഡിയോ മുൻപു തന്നെ വൈറലായിരുന്നു. കഴി​ഞ്ഞ മേയിൽ ജോക്കോവിച്ച് ഇറ്റാലിയൻ ഓപ്പൺ ജയിച്ച ദിനം തന്നെ സ്റ്റെഫാൻ ഒരു പ്രാദേശിക ടൂർണമെന്റിൽ ജേതാവായിരുന്നു.

English Summary: Novak Djokovic 'intimidated' by son Stefan's Nadal-like forehand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS