ADVERTISEMENT

ലണ്ടൻ ∙ വിമ്പിൾഡനിലെ പുൽകോർട്ടിൽ നിന്ന് വനിതാ ടെന്നിസിൽ പുതിയൊരു ഗ്രാൻസ്‌ലാം ചാംപ്യൻ. തുനീസിയയുടെ ഒൻസ് ജാബറെ തോൽപിച്ച് (3-6, 6-2, 6-2) കസഖ്സ്ഥാൻ താരം എലേന റിബകീന വിമ്പിൾഡൻ ടെന്നിസ് വനിതാ സിംഗിൾസ് ജേതാവായി. 23 വയസ്സുകാരിയായ റിബകീനയ്ക്കൊപ്പം കസഖ്സ്ഥാന്റെയും ആദ്യ ഗ്രാൻസ്‌ലാം നേട്ടമാണിത്. 2011ൽ 21–ാം വയസ്സിൽ ജേതാവായ പെട്രോ ക്വിറ്റോവയ്ക്കുശേഷം വിമ്പിൾഡൻ കിരീടം നേടുന്ന പ്രായം കുറഞ്ഞ വനിതാ താരവുമായി റിബകീന. ലോക റാങ്കിങ്ങിൽ ആദ്യ ഇരുപതിൽ ഉൾപ്പെടാത്ത ഒരു വനിതാ താരം വിമ്പിൾഡൻ ജേതാവാകുന്നത് 15 വർഷത്തിനുശേഷമാണ്.

ഗ്രാൻസ്‌ലാം ടെന്നിസിലെ കന്നി കിരീടം തേടിയുള്ള 2 പേരുടെ ഏറ്റുമുട്ടലിനാണ് ഇന്നലെ സെന്റർ കോർട്ട് വേദിയായത്. റാങ്കിങ്ങിലും മത്സര പരിചയത്തിലും മുന്നിലുള്ള ഒൻസ് ജാബർ, റിബകീന നിലയുറപ്പിക്കുന്നതിനു മുൻപേ ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാൽ അതിവേഗ സെർവുകളുടെയും കരുത്തേറിയ ഗ്രൗണ്ട് സ്ട്രോക്കുകളുടെയും മികവിൽ രണ്ടാം സെറ്റുമുതൽ റിബകീന തിരിച്ചടിച്ചു. കസഖ്സ്ഥാൻ താരം മിന്നൽ വേഗത്തിൽ പായിച്ച വിന്നറുകൾ എത്തിപ്പിടിക്കാൻ ലോക രണ്ടാം റാങ്കുകാരിയായ ജാബറിനു പലപ്പോഴും കഴിഞ്ഞില്ല. ‌

യുക്രെയ്ൻ അധിനിവേശത്തെത്തുടർന്നു റഷ്യൻ താരങ്ങൾക്കു വിലക്കേർപ്പെടുത്തിയ വിമ്പി‍ൾഡൻ ടൂർണമെന്റിൽ ഒരു റഷ്യൻ വംശജ കിരീടം നേടിയെന്ന പ്രത്യേകതയുമുണ്ട്. മോസ്കോയിൽ ജനിച്ചു വളർന്ന റിബകീന മെച്ചപ്പെട്ട പരിശീലനത്തിനായാണ് 2018ൽ കസഖ്സ്ഥാനിലേക്കു മാറിയത്.

English Summary: Wimbledon 2022 Women’s Singles Final: Ons Jabeur vs Elena Rybakina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com