ADVERTISEMENT

ലണ്ടൻ ∙ നല്ല ഉയരമുള്ള നീയെങ്ങനെ ജിംനാസ്റ്റിക്് താരമാകും? 6 വയസ്സുകാരി റിബകീനയോട് അച്ഛൻ അന്നിതു ചോദിച്ചിരുന്നില്ലെങ്കിൽ ശനിയാഴ്ച വിമ്പിൻഡനിൽ പുതിയൊരു ഗ്രാൻസ്‌ലാം ചാംപ്യനുണ്ടാകില്ലായിരുന്നു. അച്ഛന്റെ ഈ ചോദ്യമായിരുന്നു ടെന്നിസിൽ എലേന റിബകീനയുടെ സ്റ്റാർട്ടിങ് പോയിന്റ്. മരിയ ഷറപ്പോവയുടെ കടുത്ത ആരാധകനായിരുന്നു റിബകീനയുടെ പിതാവ്. ഉയരക്കാരിയായ തന്റെ മകളിൽ അദ്ദേഹം ഷറപ്പോവയുടേതിനു സമാനമായ ഒരു ടെന്നിസ് ഭാവി സ്വപ്നം കണ്ടു.

സാമ്പത്തിക പരാധീനതകൾക്കിടയിലും വിദഗ്ധ പരിശീലനത്തിനു സൗകര്യമൊരുക്കി. അതോടെ, ഇഷ്ട ഇനങ്ങളായ ജിംനാസ്റ്റിക്സും ഐസ് സ്കേറ്റിങ്ങും ഉപേക്ഷിച്ച് റിബകീന ടെന്നിസിനൊപ്പം കൂടി. 17 വർഷത്തിനുശേഷം വിമ്പിൾഡൻ വനിതാ സിംഗിൾസ് കിരീടത്തിലൂടെ റിബകീന സ്വപ്നം സഫലമാക്കിയപ്പോൾ അച്ഛന്റെയും മകളുടെയും പൗരത്വം രണ്ടു രാജ്യങ്ങളിലായി വിഭജിക്കപ്പെട്ടിരുന്നു. കസഖ്സ്ഥാനുവേണ്ടി മകൾ കന്നിക്കിരീടം നേടിയ മത്സരം നേരിട്ടു കാണാൻ റഷ്യയിലുള്ള മാതാപിതാക്കൾക്കു വീസ ലഭിച്ചതുമില്ല.

മരിയ ഷറപ്പോവയുമായി ഒരു സാമ്യം കൂടിയുണ്ട് ആറടിക്കു മുകളിൽ ഉയരമുള്ള റിബകീനയ്ക്ക്. ഷറപ്പോവയും പിതാവും ടെന്നിസിൽ വിദഗ്ധ പരിശീലനം തേടി റഷ്യയിൽനിന്നു യുഎസിലേക്കാണു ചേക്കേറിയതെങ്കിൽ റിബകീന പോയതു കസഖ്സ്ഥാനിലേക്കാണ്.

ശനിയാഴ്ച രാത്രി റിബകീന വനിതാ സിംഗിൾസ് ചാംപ്യനായപ്പോൾ ടെന്നിസ് ലോകം ഏറ്റവുമധികം ചർച്ച ചെയ്തത് താരത്തിന്റെ പൗരത്വത്തെക്കുറിച്ചാണ്.  റിബകീന മെച്ചപ്പെട്ട പരിശീലന സൗകര്യം തേടി കസഖ്സ്ഥാനിലേക്കു ചേക്കേറിയത് 2018ലാണ്. പിന്നീട് കസഖ് പൗരത്വം സ്വീകരിച്ചു.  റഷ്യൻ പൗരത്വമായിരുന്നെങ്കിൽ റിബകീനയ്ക്ക് ഇത്തവണ വിമ്പിൾഡൻ മത്സരക്കളത്തിൽപോലും ഇടമുണ്ടാകില്ലായിരുന്നു. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്നു റഷ്യ, ബെലാറൂസ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾക്കു വിലക്കേർപ്പെടുത്തിയ ടൂർണമെന്റിലാണ് താരത്തിന്റെ കിരീട നേട്ടം.

നേട്ടങ്ങൾ മതിമറന്ന് ആഘോഷിക്കുകയും പരാജയങ്ങളിൽ കടുത്ത നിരാശ പ്രകടിപ്പിക്കുകയും ചെയ്യുന്ന പതിവു ടെന്നിസ് കാഴ്ചകളിൽനിന്നു വ്യത്യസ്തമാണ് റിബകീനയുടെ ഭാവ പ്രകടനങ്ങൾ. മത്സരങ്ങളിൽ പുറത്തെടുക്കുന്ന പവർ ഗെയിമിന്റെ തീവ്രത ആ മുഖത്തു കാണാനാകില്ല. ഇടംകൈ ചുരുട്ടിപ്പിടിച്ചുള്ള ഒരു പുഞ്ചിരിയിലൊതുങ്ങി ശനിയാഴ്ച വിമ്പിൾഡൻ ഫൈനലിനുശേഷമുള്ള വിജയാഹ്ലാദം പോലും!.

English Summary: Wimbledon: Elena Rybakina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com