ബർമിങ്ങാം ∙ കോമൺവെൽത്ത് ഗെയിംസ് ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്കു തിരിച്ചടി. വനിതാ ടീം ഇനത്തിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ക്വാർട്ടറിൽ മലേഷ്യയോടു തോറ്റു പുറത്തായി (2–3). ആദ്യ 4 മത്സരങ്ങളിൽ ഇരു ടീമുകളും 2 വിജയങ്ങൾ വീതം നേടി. നിർണായകമായ അവസാന സിംഗിൾസിൽ ഇന്ത്യയുടെ റീത്ത് ടെന്നിസൻ പരാജയപ്പെട്ടു. ഗ്രൂപ്പ് റൗണ്ടിലെ മൂന്നാം മത്സരത്തിൽ വടക്കൻ അയർലൻഡിനെ അനായാസം തോൽപിച്ച് (3–0) ഇന്ത്യൻ പുരുഷ ടീം ക്വാർട്ടറിലെത്തിയിട്ടുണ്ട്.
ബാഡ്മിന്റൻ ടീം ഇനത്തിൽ ശ്രീലങ്കയെ 5–ന് തകർത്ത് ഇന്ത്യ രണ്ടാം ജയം നേടി. മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും ഉൾപ്പെട്ട വനിതാ ഡബിൾസ് ടീം അഞ്ചാം മത്സരം ജയിച്ച് ഇന്ത്യൻ വിജയം സമ്പൂർണമാക്കി. നേരത്തേ, പാക്കിസ്ഥാനെയും ഇന്ത്യ 5–0ന് തോൽപിച്ചിരുന്നു. സ്ക്വാഷിൽ പുരുഷ സിംഗിൾസിൽ സൗരവ് ഘോഷാലും വനിതകളിൽ ജോഷ്ന ചിന്നപ്പയും പ്രീക്വാർട്ടറിലെത്തി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇരുവരുടെയും ജയം. എന്നാൽ, മലയാളി താരം സുനൈന കുരുവിള ആദ്യ മത്സരത്തിൽ തോറ്റു പുറത്തായി. പരുക്കേറ്റതിനെത്തുടർന്ന് ഇന്ത്യയുടെ രമിത് ടണ്ഠൻ മത്സരത്തിൽ നിന്നു പിൻമാറി.
ശ്രീഹരി ഫൈനലിൽ
നീന്തലിൽ പുരുഷൻമാരുടെ 100 മീറ്റർ ബാക്സ്ട്രോക്ക് ഇനത്തിൽ ഇന്ത്യയുടെ ശ്രീഹരി നടരാജൻ ഫൈനലിലെത്തി. 54:55 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ 21 വയസ്സുകാരൻ ശ്രീഹരി സെമിയിലെ മികച്ച ഏഴാമത്തെ പ്രകടനവുമായാണ് ഫൈനലിലെത്തുന്നത്. പുരുഷ ബോക്സിങ് 57 കിഗ്രാം ഫെതർവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ മുഹമ്മദ് ഹസമുദ്ദീൻ പ്രീക്വാർട്ടറിലെത്തി. ദക്ഷിണാഫ്രിക്കൻ താരത്തെ അനായാസം കീഴടക്കി (5–0).
English Summary: Commonwealth games 2022- Table tennis