വിടവാങ്ങി, പെയ്സിന്റെ ഗുരു
Mail This Article
കൊൽക്കത്ത ∙ ഇന്ത്യൻ ടെന്നിസിന്റെ ചരിത്രത്തിനൊപ്പം നടന്ന മുൻ ക്യാപ്റ്റൻ നരേഷ്കുമാറിന് (93) രാജ്യത്തിന്റെ ആദരാഞ്ജലി. വാർധക്യസഹജമായ അസുഖങ്ങൾ മൂലം ഇന്നലെ കൊൽക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ലോക ടെന്നിസിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ ലിയാൻഡർ പെയ്സിന്റെ ഗുരുവും വഴികാട്ടിയുമായിരുന്നു നരേഷ്കുമാർ.1955 ലെ വിമ്പിൾഡൻ ചാംപ്യൻഷിപ്പിൽ നാലാം റൗണ്ട് വരെയെത്തിയ നരേഷ്കുമാർ അന്നത്തെ ചാംപ്യൻ ടോണി ട്രാബെർട്ടിനോടാണ് പരാജയപ്പെട്ടത്.
1928ൽ അവിഭക്ത ഇന്ത്യയിലെ ലഹോറിലാണ് നരേഷ്കുമാറിന്റെ ജനനം. 1949ൽ മാഞ്ചസ്റ്റർ ഓപ്പൺ ടെന്നിസിന്റെ ഫൈനലിലെത്തി ശ്രദ്ധ നേടി. 1950കളിൽ രാമനാഥൻ കൃഷ്ണനുമൊത്താണ് ഇന്ത്യൻ ടെന്നിസിന്റെ മുൻനിരയിലെത്തിയത്. 1952 മുതൽ തുടർച്ചയായി 8 വർഷം ഇന്ത്യയെ ഡേവിസ് കപ്പിൽ പ്രതിനിധീകരിച്ചു. 1969ൽ വിരമിച്ചു. 101 വിമ്പിൾഡൻ മത്സരങ്ങൾ കളിച്ചിട്ടുള്ള നരേഷിന് അർജുന, ദ്രോണാചാര്യ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദ്രോണാചാര്യ ലഭിച്ച ആദ്യ ടെന്നിസ് പരിശീലകനാണ്. 1990ൽ ഇന്ത്യൻ ടെന്നിസ് ടീമിന്റെ നോൺ പ്ലെയിങ് ക്യാപ്റ്റനായി ചുമതലയേറ്റു. ജപ്പാനെതിരായ ഡേവിസ് കപ്പ് മത്സരത്തിൽ 16 വയസ്സുള്ള ലിയാൻഡർ പെയ്സിനെ കളത്തിലിറക്കിയത് നരേഷിന്റെ തീരുമാനമായിരുന്നു. കമന്റേറ്റർ, കോളമിസ്റ്റ്, വ്യവസായി എന്നീ നിലകളിലും പ്രശസ്തനാണ് നരേഷ്. സുനിതയാണ് ഭാര്യ. അർജുൻ, ഗീത, പ്രിയ എന്നിവർ മക്കൾ.
English Summary: Naresh Kumar, Former India Davis Cup Captain And Leander Paes' 'Mentor', Dies