മറക്കില്ല, പിരിയില്ല ടെന്നിസ് നിന്നെ...

HIGHLIGHTS
  • വിടവാങ്ങൽ പ്രഖ്യാപിച്ച് ഫെഡറർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ്
roger-federer
റോജർ ഫെഡറർ
SHARE

24 വർഷത്തെ ടെന്നിസ് യാത്ര 24 മണിക്കൂർ പോലെ കടന്നുപോയി എന്നും ചിലപ്പോൾ തോന്നാറുണ്ട്. ജീവിതം പൂർണമായി  ജീവിച്ചു  തീർത്തു എന്നു പോലും തോന്നിപ്പോകുന്നു. 40 രാജ്യങ്ങളിലെ കാണികൾക്കു മുന്നിൽ ടെന്നിസ് കളിക്കാൻ കഴിഞ്ഞു. എന്റെ ആഹ്ലാദങ്ങൾക്കും കണ്ണീരിനും വേദനകൾക്കും എത്രയോ പേർ സാക്ഷിയായി. തിരക്കുള്ള അവരുടെ ജീവിതത്തിൽ നിന്ന് സമയം കണ്ടെത്തി അവരെന്റെ കളി കാണാൻ വന്നു.

പ്രിയപ്പെട്ട ടെന്നിസ് കുടുംബാംഗങ്ങളെ, സുഹൃത്തുക്കളെ...

ടെന്നിസ് എനിക്കു തന്ന സമ്മാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി ഞാൻ കാണുന്നത് ഈ യാത്രയിൽ കണ്ടുമുട്ടിയ വ്യക്തികളെയാണ്. അതിൽ എന്റെ  സുഹൃത്തുക്കളുണ്ട്, കളിക്കളത്തിലെ എതിരാളികളുണ്ട്, എന്നെ സ്നേഹിക്കുകയും  പ്രോത്സാഹിപ്പിക്കുകയും ചെയ്ത ആരാധകരുണ്ട്. അവർക്കെല്ലാമായി ഞാനൊരു വാർത്ത ഇന്നു പങ്കുവയ്ക്കുകയാണ്.കഴിഞ്ഞ 3 വർഷം പരുക്ക്, ശസ്ത്രക്രിയ തുടങ്ങി പലവിധ വെല്ലുവിളികളാണ് ഞാൻ നേരിട്ടത്. പ്രഫഷനൽ ടെന്നിസിലേക്ക്  മടങ്ങിവരാൻ ഞാൻ കഠിനമായി ശ്രമിച്ചു. പക്ഷേ എന്റെ ശരീരം തരുന്ന സന്ദേശം വളരെ വ്യക്തമാണ്.   എനിക്ക് 41 വയസ്സായി. 24 വർഷം നീണ്ട ടെന്നിസ് കരിയറിൽ ഞാൻ ആയിരത്തി അഞ്ഞൂറിലേറെ  മത്സരങ്ങൾ കളിച്ചു. സ്വപ്നം കണ്ടതിനപ്പുറമുള്ള പരിഗണനയാണ് ടെന്നിസ് എനിക്ക് തന്നത്. മത്സരരംഗത്തു നിന്നു വിടപറയാനുള്ള സമയമായി ഈ അവസരം ‍ഞാൻ കാണുന്നു.

അടുത്ത ആഴ്ച ലണ്ടനിൽ നടക്കുന്ന ലേവർ കപ്പായിരിക്കും പ്രഫഷനൽ ടെന്നിസ് താരമെന്ന നിലയിലുള്ള എന്റെ അവസാനത്തെ  ടൂർണമെന്റ്. ഞാൻ ഇനിയും ടെന്നിസ് കളിക്കും. അതു പക്ഷെ, ഗ്രാൻസ്‌ലാമുകളോ പ്രഫഷണൽ ടൂറുകളോ ആയിരിക്കില്ലെന്നു മാത്രം. ഇതൊരു കഠിനമായ തീരുമാനമാണ്. ടെന്നിസ് എനിക്കു നൽകിയ സൗഭാഗ്യങ്ങളെല്ലാം ഞാൻ മിസ് ചെയ്യും. എന്നാൽ ഒപ്പം  ഇതൊരു ആഘോഷത്തിന്റെയും സമയമാണ്. ടെന്നിസ് കളിക്കാനുള്ള പ്രതിഭ വന്നു ചേർന്ന ഞാൻ ലോകത്തെ ഏറ്റവും ഭാഗ്യവാനായ വ്യക്തിയാണ്. ഞാൻ പോലും ചിന്തിക്കാത്ത ഉയരങ്ങളിലേക്ക് അതിനെ എത്തിക്കാനും കഴി‍‍ഞ്ഞു.

എന്റെ ജീവിത സഖി മിർകയ്ക്ക് എത്ര നന്ദി  പറഞ്ഞാലും മതിയാവില്ല. എനിക്ക് പ്രോത്സാഹനവുമായി എന്നും അവൾ ഒപ്പമുണ്ടായിരുന്നു. എന്റെ എണ്ണമറ്റ മത്സരങ്ങൾക്ക് അവൾ സാക്ഷിയായി. 8 മാസം ഗർഭിണിയായിരിക്കുമ്പോഴും എനിക്കൊപ്പം യാത്ര  ചെയ്തു. പിന്നെ എന്റെ 4 മക്കൾ. അവർക്കൊപ്പമുള്ള യാത്രകൾ. ഗാലറിയിൽ നിന്ന് അവർ നൽകിയ പിന്തുണയുടെ   ആരവങ്ങൾ...ഒന്നും മറക്കാനാകില്ല. എന്നെ ഞാനാക്കിയ എന്റെ  മാതാപിതാക്കൾ, സഹോദരി, എന്റെ  പരിശീലകർ, വളരെ ചെറുപ്പത്തിലെ എന്നെ വിശ്വസിച്ച് ഒപ്പം നിന്ന സ്വിസ് ടെന്നിസ് അധികൃതർ എല്ലാവരോടും നന്ദി. 

കോർട്ടിൽ എന്നും പ്രതിയോഗികളായിരുന്നവരോടും നിറഞ്ഞ നന്ദി. ഒരിക്കലും മറക്കാൻ കഴിയാത്ത ഇതിഹാസ തുല്യമായ മത്സരങ്ങളുടെ  ഭാഗമാകാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ ആരാധകർ എന്നിലർപ്പിച്ച വിശ്വാസവും സ്നേഹവും വളരെ വലുതാണ്. നിറഞ്ഞുതുളുമ്പുന്ന ഒരു ടെന്നിസ് കോർട്ടിലേയ്ക്ക് കടന്നു വരുമ്പോൾ കിട്ടുന്ന പ്രോത്സാഹനമാണ്  എന്റെ ജീവിതത്തിലെ അനർഘ നിമിഷം. 

ജൻമനാടായ ബാസലിൽ വച്ച് എന്റെ ടെന്നിസ് പ്രേമം മുളപൊട്ടുമ്പോൾ ഞാൻ ഗ്രൗണ്ടിൽ പന്ത് പെറുക്കുന്ന ബാലനായിരുന്നു. പിന്നീട് ചില ചെറിയ  ടൂർണമെന്റുകളിലെ വിജയം വലിയ  ആത്മവിശ്വാസം നൽകി. അത്ഭുതകരമായ ആ യാത്രയാണ് ഇന്ന് ഇവിടെ എത്തി നിൽക്കുന്നത്. ഒരു പന്ത് പെറുക്കുന്ന പയ്യനെ  ഇത്രയും നേട്ടങ്ങൾക്ക് അർഹനാക്കിയതിന് ഹൃദയം തുളുമ്പുന്ന  നന്ദി.  ഇനി ടെന്നിസിനോട്..ഞാൻ നിന്നെ അത്രയേറെ സ്നേഹിക്കുന്നു..ഒരിക്കലും വിട്ടുപിരിയില്ല...

സ്നേഹപൂർവം

റോജർ ഫെഡറർ

English Summary: Read Roger Federer's Retirement Letter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}