ഒരു വട്ടം കൂടി...; ഫെഡററുടെ വിരമിക്കൽ മത്സരം ഇന്ന്, ഡബിൾസിൽ നദാലിനൊപ്പം

HIGHLIGHTS
  • മത്സരം ഇന്ത്യൻ സമയം അർധ രാത്രിക്കു ശേഷം, സോണി ചാനലുകളിൽ തൽസമയം
tennis
Creative: Manorama
SHARE

ലണ്ടൻ ∙ ടെന്നിസിലെ ഏറ്റവും സുന്ദരമായ ദൃശ്യം കാഴ്ചയുടെ കോർട്ടിൽ നിന്ന് ഓർമയുടെ കോർട്ടിലേക്കു കൂടുമാറാൻ ഇനി മണിക്കൂറുകൾ മാത്രം. രണ്ടു പതിറ്റാണ്ടിലേറെ കോർട്ടിൽ ഒഴുകിപ്പരന്ന സ്വിറ്റ്സർലൻഡ് ഇതിഹാസം റോജർ ഫെഡററുടെ വിടവാങ്ങൽ മത്സരം ഇന്ന്. ലണ്ടനിലെ ഒ2 അരീനയിൽ ഫെഡററുടെ വിടവാങ്ങൽ മത്സരത്തിനു കൂട്ടാവുക ഗ്രാൻസ്‌ലാം സിംഗിൾസ് മത്സരങ്ങളിലെ ചിരകാല എതിരാളിയും ഉറ്റസുഹൃത്തും കൂടിയായ സ്പാനിഷ് താരം റാഫേൽ നദാൽ.

ലേവർ കപ്പിൽ ടീം യൂറോപ്പിനു വേണ്ടി നദാലുമാത്തുള്ള ഡബിൾസ് പോരാട്ടമാണ് തന്റെ പ്രഫഷനൽ കരിയറിലെ അവസാന മത്സരമെന്ന് നാൽപത്തിയൊന്നുകാരനായ ഫെഡറർ ഇന്നലെ പറഞ്ഞു. ഇന്ത്യൻ സമയം ഇന്നു അർധരാത്രിക്കു ശേഷം നടക്കുന്ന മത്സരത്തിൽ ടീം വേൾഡിന്റെ ജാക്ക് സോക്ക്– ഫ്രാൻസിസ് ടിഫോ സഖ്യമാണ് ഇവർക്കെതിരെ മത്സരിക്കുക. ടൂർണമെന്റിനു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ നദാലും നൊവാക് ജോക്കോവിച്ചും ഉൾപ്പെടെയുള്ള സഹ താരങ്ങൾക്കൊപ്പം ഫെഡററും പങ്കെടുത്തു.

∙ യൂറോപ്പും ലോകവും

ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചതോടെ പകിട്ടു കൂടിയ ലേവർ കപ്പിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ച്, ബ്രിട്ടിഷ് താരം ആൻഡി മറെ, ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ്, നോർവേ താരം കാസ്പർ റൂഡ് എന്നിവരാണ് ഫെഡറർക്കും നദാലിനുമൊപ്പം ടീം യൂറോപ്പിനു വേണ്ടി മത്സരിക്കുക. ഇറ്റാലിയൻ താരം മാറ്റിയോ ബെരെറ്റിനി നാളെയും മറ്റന്നാളും ഫെഡറർക്കു പകരക്കാരനാകും. മുൻ സ്വീഡിഷ് താരം ബ്യോൺ ബോർഗാണ് ടീം യൂറോപ്പിന്റെ ക്യാപ്റ്റൻ. സ്വീഡൻ താരം തന്നെയായ തോമസ് എൻക്വിസ്റ്റ് വൈസ് ക്യാപ്റ്റൻ.

മുൻ അമേരിക്കൻ താരം ജോൺ മക്കൻറോ ക്യാപ്റ്റനും സഹോദരൻ പാട്രിക് മക്കൻറോ വൈസ് ക്യാപ്റ്റനുമായ ടീം വേൾഡിൽ കളിക്കുന്നത് അമേരിക്കൻ താരങ്ങളായ ഫ്രാൻസിസ് ടിഫോ, ജാക്ക് സോക്ക്, ടെയ്‌ലർ ഫ്രിറ്റ്സ്, കനേഡിയൻ താരം ഫെലിക്സ് ഓഷെ അലിയാസിം, അർജന്റീന താരം ഡിയേഗോ ഷ്വാർട്സ്മാൻ, ഓസ്ട്രേലിയൻ‌ താരം അലക്സ് ഡി മിനോർ എന്നിവരാണ്.

federer
ലണ്ടനിൽ ലേവർ കപ്പിനു മുന്നോടിയായി ടീം യൂറോപ്പിലെ സഹതാരങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്ന റോജർ ഫെഡറർ.

പോയിന്റ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. ആദ്യ ദിനം ഓരോ ജയത്തിനും ഒരു പോയിന്റ്, രണ്ടാം ദിനം 2 പോയിന്റ്, മൂന്നാം ദിനം 3 പോയിന്റ് എന്നിങ്ങനെയാണ് ഫോർമാറ്റ്. ആദ്യം 13 പോയിന്റ് നേടുന്ന ടീം ജേതാക്കളാകും.

∙ ഇന്ത്യയിൽ അർധ രാത്രിയിൽ

ടീം യൂറോപ്പും ടീം വേൾഡും തമ്മിൽ നടക്കുന്ന ലേവർ കപ്പിലെ ആദ്യ ദിനത്തിലെ അവസാന മത്സരമാണ് ഫെഡററും നദാലും കൂട്ടുചേർന്നുള്ള ആദ്യ ഡബിൾസ്. ഡേ, നൈറ്റ് എന്നിങ്ങനെ രണ്ടു സെഷനുകളിലായാണ് ഇന്നത്തെ നാലു മത്സരങ്ങൾ. ഇന്ത്യൻ സമയം ഇന്നു വൈകിട്ട് 5.30നു തുടങ്ങുന്ന ഡേ സെഷനിലെ ആദ്യ സിംഗിൾസ് മത്സരത്തിൽ ടീം യൂറോപ്പിന്റെ കാസ്പർ റൂഡ് ടീം വേൾഡിന്റെ ജാക്ക് സോക്കിനെ നേരിടും. രണ്ടാം മത്സരത്തിൽ സ്റ്റെഫാനോസ് സിറ്റ്സിപാസ് (ടീം യൂറോപ്)– ഡിയേഗോ ഷ്വാർട്സ്മാൻ (ടീം വേൾഡ്) പോരാട്ടം.

അവസാന മത്സരത്തിൽ, അതും നദാലിനൊപ്പം കളിക്കുന്നതിന്റെ വൈകാരികത എനിക്കു നിയന്ത്രിക്കാനാകുമോ എന്നറിയില്ല. പക്ഷേ അദ്ദേഹം എന്റെ എതിരാളിയല്ല, പങ്കാളിയാണല്ലോ എന്ന സന്തോഷത്തോടെ എനിക്കു കളിക്കാം.

റോജർ ഫെഡറർ

ഇന്ത്യൻ സമയം രാത്രി 11.30നു തുടങ്ങുന്ന നൈറ്റ് സെഷനിലെ ആദ്യ സിംഗിൾസിൽ ടീം യൂറോപ്പിന്റെ ആൻഡി മറെയും ടീം വേൾഡിന്റെ അലക്സ് ഡി മിനോറും ഏറ്റുമുട്ടും. അതിനു ശേഷമാണ് ഫെഡററുടെ വിടവാങ്ങൽ മത്സരം. കളി തീരാൻ ഇന്ത്യൻ സമയം നാളെ പുലർച്ചെയാകും. നാളെയും മറ്റന്നാളും കൂടി ലേവർ കപ്പിൽ മത്സരമുണ്ട്. മത്സരങ്ങൾ സോണി ടെൻ–1 ചാനലിൽ തൽസമയം. സോണി ലിവ് ആപ്പിൽ ലൈവ് സ്ട്രീമിങ്ങുമുണ്ട്.

English Summary: Roger Federer to play final match today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}