ADVERTISEMENT

ലണ്ടൻ ∙ ലോക ടെന്നിസിലെ ഇതിഹാസ താരവും ടെന്നിസ് കോർട്ടിൽ എക്കാലവും തന്റെ കടുപ്പക്കാരനായ എതിരാളിയുമായിരുന്ന റോജർ ഫെ‍ഡററിന്റെ വിരമിക്കൽ മത്സരത്തിനു പിന്നാലെ, കണ്ണീരടക്കാൻ പാടുപെട്ട് സ്പാനിഷ് സൂപ്പർതാരം റാഫേൽ നദാൽ. ലണ്ടനിലെ ഒ2 അരീനയിൽ നടന്ന ഫെഡററുടെ വിടവാങ്ങൽ മത്സരത്തിൽ അദ്ദേഹത്തിനു കൂട്ടായത് ഗ്രാൻസ്‌ലാം സിംഗിൾസ് മത്സരങ്ങളിലെ ചിരകാല എതിരാളിയും ഉറ്റസുഹൃത്തുമായ നദാലായിരുന്നു. ലോക ടെന്നിസിലെ രണ്ട് ഇതിഹാസങ്ങൾ ഒരുമിച്ച ഈ മത്സരം ഇരുവരും തോൽക്കുകയും ചെയ്തു.

ടീം വേൾഡിന്റെ ജാക്ക് സോക്ക്– ഫ്രാൻസിസ് ടിഫോ സഖ്യമാണ് ഫെഡറർ – നദാൽ സഖ്യത്തെ വീഴ്ത്തിയത്. 6-4, 7-6, 11-9 എന്ന സ്കോറിനായിരുന്നു ഇവരുടെ തോൽവി. മത്സരം പൂർത്തിയായതിനു പിന്നാലെ ഫെഡറർ വികാരഭരിതനായി. ഏറിയ സമയവും കണ്ണീരോടെയാണ് ഫെഡറർ കോർട്ടിൽ നിന്നത്.

‘‘ഒരിക്കൽക്കൂടി ‌കളത്തിലിറങ്ങാൻ സാധിച്ചത് വളരെയധികം ആസ്വദിച്ചു. നല്ലൊരു മത്സരമായിരുന്നു. ഫലം പക്ഷേ, അത്ര സന്തോഷകരമായില്ല. എന്തായാലും നല്ലൊരു അനുഭവമായി. റാഫയ്‌ക്കൊപ്പം (റാഫേൽ നാദൽ) ഒരേ ടീമിൽ കളിക്കാനായതും ഇതിഹാസതുല്യരായ ഇവരെയെല്ലാം ഇന്ന് ഇവിടെ ഒപ്പം ലഭിച്ചതിലും സന്തോഷം. നന്ദി’ – മത്സരശേഷം ഫെഡറർ പ്രതികരിച്ചു.

കണ്ണീരോടെ ഫെ‍ഡറർ കോർട്ടിൽ നിൽക്കുമ്പോൾ, അടുത്തിരുന്ന നദാലിനും പലപ്പോഴും കണ്ണീരടക്കാനായില്ല. കോർട്ടിൽനിന്ന് കണ്ണീരോടെ ഫെഡറർ തന്റെ കരിയർ ഓർത്തെടുക്കുമ്പോൾ, സമീപത്തിരുന്ന നദാൽ പലകുറി കണ്ണീർ തുടച്ചു. അവിടെയുണ്ടായിരുന്ന നൊവാക് ജോക്കോവിച്ച് തന്റെ ഫോണിൽ ഫെഡററുടെ വിടവാങ്ങൽ പ്രസംഗം റെക്കോർഡ് ചെയ്യുന്നതും കാണാമായിരുന്നു.

English Summary: Rafael Nadal fails to hold his tears as Roger Federer bids emotional farewell to tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com