ADVERTISEMENT

ലണ്ടൻ ∙ സർഗ സമ്പന്നമായ കായിക പ്രതിഭയോടെ ടെന്നിസ് കോർ‌ട്ടിനെ സ്വർഗ തുല്യമായ കാഴ്ചയാക്കി മാറ്റിയ ഇതിഹാസം തോൽവിയോടെ മടങ്ങി.  ലണ്ടനിലെ ഒ2 അരീനയിൽ  തന്‍റെ കരിയറിലെ അവസാന മല്‍സരത്തിൽ, ഗ്രാൻസ്‌ലാം സിംഗിൾസ് മത്സരങ്ങളിലെ ചിരകാല എതിരാളിയും ഉറ്റസുഹൃത്തും കൂടിയായ സ്പാനിഷ് താരം റാഫേൽ നദാലിനൊപ്പം ഇറങ്ങിയ റോജര്‍ ഫെഡറര്‍ക്ക് അവസാന മല്‍സരത്തില്‍ ജയിക്കാനായില്ല.  ടീം വേൾഡിന്റെ ജാക്ക് സോക്ക്– ഫ്രാൻസിസ് ടിഫോ സഖ്യമാണ് ഫെഡറര്‍– നദാല്‍ സഖ്യത്തെ തോൽപ്പിച്ചത്. സ്കോര്‍ 4–7, 6–7, 9–11.ലേവർ കപ്പിൽ ടീം യൂറോപ്പിനു വേണ്ടി നദാലുമാത്തുള്ള ഡബിൾസ് പോരാട്ടമാണ് തന്റെ പ്രഫഷനൽ കരിയറിലെ അവസാന മത്സരമെന്ന് നാൽപത്തിയൊന്നുകാരനായ ഫെഡററുടെ പ്രഖ്യാപനം ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ചുവെങ്കിലും തോൽവി വേദനയായി.  ടൂർണമെന്റിനു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ നദാലും നൊവാക് ജോക്കോവിച്ചും ഉൾപ്പെടെയുള്ള സഹ താരങ്ങൾക്കൊപ്പം ഫെഡററും പങ്കെടുത്തിരുന്നു.

പുരുഷ ടെന്നിസിലെ എക്കാലത്തെയും മികച്ച താരമായി വാഴ്ത്തപ്പെടുന്ന നാൽപ്പത്തൊന്നുകാരനായ സ്വിസ് ഇതിഹാസം 20 ഗ്രാൻസ്‍ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇതുൾപ്പെടെ കരിയറിൽ നേടിയത് ആകെ 103 കിരീടം.മൂന്നു വർഷമായി അലട്ടുന്ന പരുക്കാണ് വിരമിക്കൽ പ്രഖ്യാപിക്കാൻ കാരണമെന്ന് ഫെഡറർ വ്യക്തമാക്കിയിരുന്നു. തിരിച്ചുവരവിന് ആത്മാർഥമായി ശ്രമിച്ചുവെന്നും ഫെഡറർ കുറിച്ചു. 23 ഗ്രാൻസ്‍ലാം കിരീടം നേടിയ വനിതാ സൂപ്പർതാരം സെറീന വില്യംസിനു പിന്നാലെ ഫെഡററും റാക്കറ്റ് താഴെ വയ്ക്കുമ്പോൾ, ടെന്നിസിൽ ഒരു യുഗത്തിനു കൂടിയാണ് അന്ത്യമാകുന്നത്.

പാറിക്കളിക്കുന്ന സ്വർണത്തലമുടിയും അതിനു മുകളിൽ തൂവെള്ള ബാൻഡും കെട്ടി 21–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആൽപ്സ് പർവതനിരകളുടെ നാട്ടിൽനിന്നും ടെന്നിസ് ലോകത്ത് അവതരിച്ച ഫെഡറർ, ചരിത്രം തിരുത്തിയെഴുതിയാണ് ടെന്നിസ് കരിയറിന് വിരാമമിടുന്നത്. 1997 സെപ്റ്റംബറിൽ 16–ാം വയസ്സിലാണ് പ്രഫഷനൽ ടെന്നിസിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ഇക്കാലത്തിനിടെ റോഡ് ലേവർ മുതൽ പീറ്റ് സാംപ്രസ് വരെയുള്ള ഇതിഹാസങ്ങൾ മുന്നോട്ടുവച്ച അളവുകോലുകൾ മറികടന്ന ഫെഡറർ, ക്ലാസിക് ടെന്നിസിന്റെ സൗന്ദര്യവും പവർ ടെന്നിസിന്റെ ചടുലതയും സംയോജിപ്പിച്ചാണ് ആരാധകഹൃദയങ്ങൾ കീഴടക്കിയത്.

റോജർ ഫെഡറർ (Photo by Adrian DENNIS / AFP)
റോജർ ഫെഡറർ (Photo by Adrian DENNIS / AFP)

പിന്നാലെ വന്ന നദാലും ജോക്കോവിച്ചും നേട്ടങ്ങളുടെ കണക്കിലും പിന്നിലാക്കിയെങ്കിലും, ഫെഡറർ ടെന്നിസ് കോർട്ടുകളിൽ സൃഷ്ടിച്ച അലയൊലികൾ ഇന്നും ഒരുകാതം മുന്നിലാണ്. പരുക്കിനോടു ‘തോറ്റ്’ നാൽപ്പത്തൊന്നാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിക്കുമ്പോഴും, ആ റാക്കറ്റിൽനിന്നു പിറക്കുന്ന ഒറ്റക്കയ്യൻ ബാക്ഹാൻഡുകൾക്കും സ്‌ലൈസിങ് ഷോട്ടുകൾക്കും മുന്നിൽ ലോകത്തെ ഏതു താരവും വിറയ്ക്കും.

1998ൽ വിമ്പിൾഡൻ ജൂനിയർ കിരീടം നേടിയാണ് ഫെഡറർ വരവറിയിച്ചത്. പിന്നീട് അവിടെ നിന്നു മാത്രം നേടിയത് 8 കിരീടങ്ങൾ. 5 യുഎസ് ഓപ്പൺ, 6 ഓസ്ട്രേലിയൻ ഓപ്പൺ, ഒരു ഫ്ര‍ഞ്ച് ഓപ്പൺ എന്നിവയും ഫെഡറർ നേടി. പുരുഷ ടെന്നിസിലെ ഗ്രാൻസ്‌ലാം കിരീടങ്ങളുടെ എണ്ണത്തിൽ നൊവാക് ജോക്കോവിച്ച് (21), റാഫേൽ നദാൽ (22) എന്നിവർ മാത്രമാണ് ഫെഡറർക്കു മുന്നിലുളളത്. തുടരെ 237 ആഴ്ച ലോക റാങ്കിങ്ങിൽ ഒന്നാമനായി തുടർന്ന റെക്കോർഡും ഫെഡറർക്കുണ്ട്. 2008 ബെയ്ജിങ് ഒളിംപിക്സിൽ സ്റ്റാൻ വാവ്‌റിങ്കയ്ക്കൊപ്പം സ്വിറ്റ്സർലൻഡിനു വേണ്ടി ഡബിൾസ് സ്വർണവും 2012 ലണ്ടൻ ഒളിംപിക്സിൽ പുരുഷ സിംഗിൾസിൽ വെള്ളിയും നേടി. ഫെഡറർ ഉൾപ്പെട്ട സ്വിസ് ടീം 2014ൽ ഡേവിസ് കപ്പ് ജേതാക്കളായി. 

1981 ഓഗസ്റ്റ് 8ന് സ്വിറ്റ്സർലൻഡിലെ ബാസലിൽ ജനിച്ച ഫെഡറർ കോർട്ടിലെ നൃത്തതുല്യമായ ചലനങ്ങളിലൂടെ  ആരാധകർക്ക് ഒട്ടേറെ ആനന്ദനിമിഷങ്ങൾ സമ്മാനിച്ചാണ് മടങ്ങുന്നത്. രണ്ടു പതിറ്റാണ്ടിലേറെ കോർട്ടിൽ വിരാജിച്ച്, ഇതിഹാസമായി കളമൊഴിയുമ്പോൾ ടെന്നിസ് ലോകം ഫെഡററിനോടു മന്ത്രിക്കുന്നത് ടെന്നിസിലെ ‘ലവ് ഓൾ’ എന്ന പ്രയോഗത്തിന്റെ മറ്റൊരു രൂപമാകും.

English Summary: Roger Federer bids emotional farewell in doubles defeat alongside Rafael Nadal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com