മെൽബൺ∙ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെ ഗ്രാൻഡ് സ്‍ലാം കരിയറിന് അന്ത്യം. ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ– രോഹൻ ബൊപ്പണ്ണ സഖ്യം തോറ്റു. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി, റാഫേൽ മാറ്റോസ് സഖ്യത്തോടാണ് ഇന്ത്യൻ താരങ്ങള്‍ തോറ്റത്. സ്കോർ: 6-7, 2-6.
കിരീട നേട്ടത്തോടെ ഗ്രാൻഡ് സ്‌ലാം കരിയർ അവസാനിപ്പിക്കാമെന്ന സാനിയയുടെ മോഹമാണ് ഒരു വിജയം അകലെ തകർന്നുവീണത്. ഇത് തന്റെ അവസാന ഗ്രാൻഡ് സ്‍ലാം ആയിരിക്കുമെന്ന് സാനിയ മിർസ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഗ്രാൻസ്‌ലാം ടെന്നിസിൽ 7–ാം കിരീടം ലക്ഷ്യമിട്ടാണ് സാനിയ മിർസ മെൽബണിലെത്തിയത്.
സെമിയിൽ ബ്രിട്ടന്റെ നീല്‍ പുപ്സ്കി– യുഎസിന്റെ ഡിസൈർ ക്രവാഷിക്ക് സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം കീഴടക്കിയത്. ക്വാർട്ടറിൽ ലാത്വിയൻ, സ്പാനിഷ് സഖ്യമായ ജെലെന ഒസ്റ്റപെങ്കോ, ഡേവിഡ് വേഗ എന്നിവർക്കെതിരെ വാക്ക് ഓവർ ലഭിച്ചാണ് ഇന്ത്യൻ സഖ്യം സെമി ഉറപ്പിച്ചത്.
രണ്ടു വട്ടം ഓസ്ട്രേലിയൻ ഓപ്പണ്‍ ചാംപ്യനായിട്ടുള്ള സാനിയ മിർസ, 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസ് വിജയിച്ചിട്ടുണ്ട്. 2016ൽ മാർട്ടിന ഹിൻജിസിനൊപ്പം ചേർന്ന് വനിതാ ഡബിൾസും വിജയിച്ചു. രോഹൻ ബൊപ്പണ്ണ ഓസ്ട്രേലിയൻ ഓപ്പണില്‍ ഇതുവരെ ചാംപ്യനായിട്ടില്ല. 2018ൽ ടിമിയ ബാബോസിനൊപ്പം മിക്സഡ് ഡബിള്‍സ് ഫൈനലിലെത്തിയിരുന്നു.
Read Here: മെസ്സിക്ക് ഇനി പിഎസ്ജി വേണ്ട; വീണ്ടും ബാഴ്സയിലേക്ക്, സൗദി ‘മോഹം’ മുടങ്ങുമോ?
സാനിയയുടെ മുൻ കിരീടനേട്ടങ്ങൾ ഇങ്ങനെ:
∙ 2009: ഓസ്ട്രേലിയൻ ഓപ്പൺ മിക്സ്ഡ് ഡബിൾസ്, മഹേഷ് ഭൂപതിക്കൊപ്പം
∙ 2012: ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസ്, മഹേഷ് ഭൂപതിക്കൊപ്പം
∙ 2014: യുഎസ് ഓപ്പൺ, ബ്രൂണോ സോറസിനൊപ്പം
∙ 2015: വിമ്പിൾഡൻ, വനിതാ ഡബിൾസ്, മാർട്ടിന ഹിൻജിസിനൊപ്പം
∙ 2015: യുഎസ് ഓപ്പൺ, വനിതാ ഡബിൾസ്, മാർട്ടിന ഹിൻജിസിനൊപ്പം
∙ 2016: ഓസ്ട്രേലിയൻ ഓപ്പൺ, വനിതാ ഡബിൾസ്, മാർട്ടിന ഹിൻജിസിനൊപ്പം
English Summary: Australian Open: Sania Mirza-Rohan Bopanna lose mixed doubles finals in straight sets