ADVERTISEMENT

മെൽബൺ ∙ ‘ഞാൻ കണ്ണീരണിഞ്ഞേക്കാം. അതു പക്ഷേ സന്തോഷം കൊണ്ടാണ്’– ഓസ്ട്രേലിയൻ ഓപ്പൺ മിക്സ്ഡ് ഡബിൾസ് ഫൈനലിലെ തോൽവിക്കു ശേഷമുള്ള സാനിയ മിർസയുടെ വാക്കുകൾക്ക് ഗാലറി തിരിച്ചു നൽകിയത് ഒരു വിജയിക്കു തുല്യമായ കരഘോഷം. 36–ാം വയസ്സിൽ, തന്റെ അവസാന ഗ്രാൻ‌സ്‌ലാം ചാംപ്യൻഷിപ്പിൽ ഉജ്വലമായ പോരാട്ടവീര്യത്തോടെ ഫൈനലിലേക്കു കുതിച്ചെത്തിയ ഇന്ത്യയുടെ ടെന്നിസ് രാജ്ഞിക്ക് മെൽബണിൽ വികാരനിർഭരമായ വിടവാങ്ങൽ. 

അവസാന പോരാട്ടത്തിൽ സാനിയയ്ക്കു കൂട്ടു നിന്നത് വർഷങ്ങൾക്കു മുൻപ് പ്രഫഷനൽ ടെന്നിസിലെ തന്റെ ആദ്യ പങ്കാളിയായിരുന്ന, ആറു വയസ്സിനു മുതിർന്ന രോഹൻ ബൊപ്പണ്ണ. വിജയികളായ ബ്രസീലിയൻ സഖ്യം ലൂയിസ സ്റ്റെഫാനിയും റാഫേൽ മാറ്റോസും മത്സരശേഷം കോർട്ട് സാനിയയുടെ വിടവാങ്ങലിനു വിട്ടു കൊടുത്തപ്പോൾ ‌റോഡ് ലേവർ അരീന സാക്ഷ്യം വഹിച്ചത് ഹൃദ്യമായ നിമിഷങ്ങൾക്ക്. കോർട്ടിലേക്ക് തുള്ളിച്ചാടിയെത്തിയ നാലര വയസ്സുകാരൻ മകൻ ഇഷാനെ വാരിയെടുത്ത് മുത്തം വച്ച് സാനിയ പറഞ്ഞു:

‘എന്റെ മോനു മുന്നിൽ ഒരു ഗ്രാൻസ്‌ലാം ഫൈനൽ കളിക്കാനാകുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല..! സാനിയയുടെ മാതാപിതാക്കളും ബൊപ്പണ്ണയുടെ ഭാര്യയും മകളും മത്സരം കാണാൻ ഗാലറിയിലുണ്ടായിരുന്നു. 

2005ൽ ഇവിടെ സെറീന വില്യംസിനെതിരെ സിംഗിൾസ് മൂന്നാം റൗണ്ട് മത്സരം കളിച്ചതാണ് എന്റെ ഓർമയിലെത്തുന്നത്. അന്നെനിക്ക് 18 വയസ്സായിരുന്നു. പിന്നീടെത്രയോ വട്ടം ഞാൻ ഇവിടെ വന്നു. കിരീടങ്ങൾ നേടി. ഗ്രാൻസ്‌ലാം മത്സരങ്ങളോടു വിടപറയാൻ ഇതിലും മികച്ചൊരു വേദി എനിക്കില്ല..

പ്രായം കൊണ്ട് തങ്ങളെക്കാൾ ഒരു പതിറ്റാണ്ട് ചെറുപ്പമുള്ള ബ്രസീലിയൻ സഖ്യത്തിനെതിരെ ആദ്യ സെറ്റ് ടൈബ്രേക്കർ വരെ പൊരുതിയ ശേഷമാണ് സാനിയയും ബൊപ്പണ്ണയും കൈവിട്ടത്. രണ്ടാം സെറ്റ് ബ്രസീലിയൻ സഖ്യം അനായാസം സ്വന്തമാക്കി. മത്സര സ്കോർ: 7–6, 6–2. അടുത്ത മാസം ദുബായ് ഓപ്പണോടെ പ്രഫഷനൽ ടെന്നിസിനോടു വിടവാങ്ങുമെന്നു പ്രഖ്യാപിച്ച സാനിയയുടെ അവസാന ഗ്രാൻ‌സ്‌ലാം ടൂർണമെന്റായിരുന്നു ഇത്. ഗ്രാൻസ്‌ലാം ടെന്നിസിൽ 3 വീതം മിക്സ്ഡ് ഡബിൾസ്, വനിതാ ഡബിൾസ് കിരീടങ്ങളാണ് സാനിയ നേടിയത്. 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മെൽബണിൽ തന്നെയായിരുന്നു ആദ്യ കിരീടം.

English Summary : Sania-Bopanna lose in Aus Open mixed doubles final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com