റഷ്യൻ സഖ്യത്തോട് ആദ്യ റൗണ്ടിൽ തോറ്റു; ടെന്നിസ് കരിയർ അവസാനിപ്പിച്ച് സാനിയ

Mail This Article
ദുബായ്∙ വിരമിക്കൽ ടൂർണമെന്റായ ദുബായ് ഓപ്പൺ ടെന്നിസിൽ ആദ്യ മത്സരത്തിൽ തോറ്റ് സാനിയ മിർസയും യുഎസിന്റെ മാസിസൺ കീസും പുറത്ത്. വനിതാ ഡബിൾസിൽ റഷ്യയുടെ വെറോണിക്ക കുഡെർമെറ്റോവ– ല്യുഡ്മില സാംസോനോവ സഖ്യത്തോടാണ് സാനിയയും കീസും നേരിട്ടുള്ള സെറ്റുകൾക്കു തോറ്റത്. സ്കോർ 6–4, 6–0.
ദുബായ് ഓപ്പണ്‍ കളിച്ച് ടെന്നിസില്‍നിന്നു വിരമിക്കുമെന്ന് സാനിയ മിർസ നേരത്തേ പ്രഖ്യാപിച്ചിരുന്നു. റൗണ്ട് ഓഫ് 32 ലെ തോൽവിയോടെ 20 വർഷം നീണ്ട സാനിയയുടെ ടെന്നിസ് കരിയറിനും അവസാനമായി. ഏകദേശം ഒരു മണിക്കൂർ മാത്രമാണ് റഷ്യൻ സഖ്യത്തിനെതിരായ ഇന്ത്യ– യുഎസ് താരങ്ങളുടെ പോരാട്ടം നീണ്ടത്.
ആദ്യ സെറ്റിൽ 4–4 എന്ന നിലയിൽ ഒപ്പത്തിനൊപ്പമെത്തിയ ശേഷമാണ് റഷ്യൻ സഖ്യം 6–4ന് മുന്നിലെത്തിയത്. എന്നാൽ രണ്ടാം സെറ്റ് ഏകപക്ഷീയമായാണ് റഷ്യൻ വനിതാ താരങ്ങൾ പിടിച്ചെടുത്തത്. റഷ്യൻ താരങ്ങളിൽ 25 വയസ്സുകാരിയായ വെറോണിക്ക സിംഗിൾസിൽ ലോക 11–ാം നമ്പരും ഡബിൾസിൽ അഞ്ചാം നമ്പർ താരവുമാണ്. ല്യുഡ്മില ഡബിൾസിൽ ലോക 13–ാം നമ്പര്‍ താരമാണ്.
2003 ൽ പ്രൊഫഷനൽ ടെന്നിസിൽ അരങ്ങേറ്റം കുറിച്ച സാനിയ മിർസ ആറു ഗ്രാൻഡ് സ്‍ലാം ഉൾപ്പെടെ നേടിയാണു കരിയർ അവസാനിപ്പിക്കുന്നത്. സ്വിസ് ഇതിഹാസം മാർട്ടിന ഹിംഗിസിനൊപ്പം മൂന്നൂ വട്ടം വനിതാ ഡബിൾസ് കിരീടങ്ങൾ ഇന്ത്യൻ താരം സ്വന്തമാക്കി. മിക്സഡ് ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പം 2009 ഓസ്ട്രേലിയൻ ഓപ്പണും 2012 ൽ ഫ്രഞ്ച് ഓപ്പണും വിജയിച്ചു. ബ്രൂണോ സോറസിനൊപ്പം യുഎസ് ഓപ്പൺ ട്രോഫിയും ജയിച്ചു.
English Summary: Dubai Tennis Championship: Sania-Keys vs Kudermetova- Samsonova