കൊസവോയിൽ കുരുങ്ങി ജോക്കോ; നടപടി എടുക്കണം എന്നാവശ്യം

Mail This Article
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് മത്സരശേഷമുള്ള രാഷ്ട്രീയ പരാമർശത്തിന്റെ പേരിൽ സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെതിരെ പരാതി. സെർബിയയുടെ അയൽ രാജ്യമായ കൊസവോയുടെ ഒളിംപിക് സമിതിയാണ് രാജ്യാന്തര ഒളിംപിക് സമിതിയോട് ജോക്കോവിച്ചിനെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ടത്. പുരുഷ സിംഗിൾസ് ഒന്നാം റൗണ്ട് മത്സരത്തിനു ശേഷം കോർട്ടിനു പുറത്തുള്ള ക്യാമറയുടെ ലെൻസിൽ ‘കൊസവോ സെർബിയയുടെ ഹൃദയഭാഗമാണ്’ എന്ന് ജോക്കോവിച്ച് എഴുതിയതാണ് വിവാദമായത്. 2008ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കൊസവോ പുതിയ രാജ്യമായെങ്കിലും സെർബിയ അത് അംഗീകരിച്ചിട്ടില്ല. വംശീയ വിദ്വേഷമുള്ള ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്.
തിങ്കളാഴ്ച കൊസവോ നഗരമായ സ്വെകാനിൽ നടന്ന സംഘർഷത്തിൽ നാറ്റോ സമാധാനസേനയിലെ അംഗങ്ങൾക്ക് പരുക്കേറ്റിരുന്നു. ഇതേ ദിവസം തന്നെ ജോക്കോവിച്ച് വിവാദപരാമർശം നടത്തിയതാണ് കൊസവോയെ ചൊടിപ്പിച്ചത്. രാജ്യാന്തര ഒളിംപിക് സമിതി കൊസവോയുടെ പരാതിയിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. താരത്തിന്റെ പരാമർശം അനുചിതമായെന്ന് ഫ്രഞ്ച് കായികമന്ത്രി അമേലി ഔഡ കാസ്റ്റെര പറഞ്ഞു. എന്നാൽ ജോക്കോവിച്ച് ചട്ടലംഘനമൊന്നും നടത്തിയിട്ടില്ലെന്ന് രാജ്യാന്തര ടെന്നിസ് ഫെഡറേഷൻ പ്രതികരിച്ചു.
സിറ്റ്സിപാസ്, സബലേങ്ക മുന്നോട്ട്
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ്, ബെലാറൂസ് താരം അരീന സബലേങ്ക എന്നിവർ മൂന്നാം റൗണ്ടിൽ. പുരുഷ സിംഗിൾസിൽ സ്പെയിനിന്റെ റോബർട്ടോ കാർബല്ലെസ് ബയേനയ്ക്കെതിരെയാണ്
5–ാം സീഡ് സിറ്റ്സിപാസ് ജയിച്ചത്. വനിതാ സിംഗിൾസിൽ യോഗ്യതാ റൗണ്ട് കളിച്ചെത്തിയ സ്വന്തം നാട്ടുകാരി ഇര്യാന ഷൈമനോവിച്ചിനെതിരെ ഒന്നര മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് രണ്ടാം സീഡ് സബലേങ്ക ജയിച്ചു കയറിയത് (7–5,6–2). 5–ാം സീഡ് കരോലിൻ ഗാർഷ്യയും 2017ൽ ഇവിടെ ചാംപ്യനായ യെലേന ഒസ്റ്റാപെങ്കോയും തോറ്റുപുറത്തായി.
English Summary : Complaint against Novak Djokovic