കോർട്ടിൽ ശീതയുദ്ധം; ഫ്രഞ്ച് ഓപ്പണിൽ ചർച്ചയായി റഷ്യയുടെ യുക്രെയ്ൻ അധിനിവേശം
Mail This Article
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് മത്സരങ്ങൾ ക്വാർട്ടർ ഫൈനലിനോട് അടുക്കുമ്പോൾ താരങ്ങളുടെ പ്രകടനത്തെക്കാൾ ചർച്ചയാകുന്നത് കോർട്ടിനു പുറത്തെ വിവാദങ്ങൾ. സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്റെ കൊസവോ പരാമർശത്തിനു പിന്നാലെ വിവാദങ്ങൾ ചൂടുപിടിച്ചത് റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ. ടൂർണമെന്റിന്റെ ആദ്യദിനം തന്നെ മത്സരശേഷം ബെലാറൂസ് താരം അരീന സബലേങ്കയ്ക്കു കൈ കൊടുക്കാതെ യുക്രെയ്ൻ താരം മാർത്ത കോസ്റ്റ്യൂക് ‘യുദ്ധം’ കോർട്ടിലേക്കു കൊണ്ടു വന്നു.
യുക്രെയ്നുനേരെയുള്ള റഷ്യൻ അധിനിവേശം ബെലാറൂസ് പിന്തുണയ്ക്കുന്നതായിരുന്നു മാർത്തയുടെ പ്രതിഷേധത്തിനു കാരണം. സബലേങ്കയെ അസ്വസ്ഥപ്പെടുത്തും വിധം ചോദ്യങ്ങൾ വന്നേക്കാം എന്നതിനാൽ സംഘാടകർ താരത്തിന് മാധ്യമസമ്മേളനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള പ്രത്യേക അനുവാദം നൽകി. എന്നാൽ ഇതേക്കുറിച്ച് അഭിപ്രായമാരാഞ്ഞ് പോളണ്ട് താരമായ ഇഗ സ്യാംതെക്കിനോട് മാധ്യമസമ്മേളനത്തിൽ ചോദ്യം വന്നു. ലോക ഒന്നാം നമ്പർ താരമായ ഇഗ മറുപടി പറഞ്ഞെങ്കിലും പിന്നാലെ അപ്രതീക്ഷിതമായി സംഘാടകർ മാധ്യമസമ്മേളനം അവസാനിപ്പിച്ചു. ഇന്നലെ യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയോട് തോറ്റു പുറത്തായതിനു പിന്നാലെ റഷ്യൻ താരം ദാരിയ കസാറ്റ്കിന തങ്ങൾക്കു നേരേയുള്ള പ്രതിഷേധങ്ങളിൽ തുറന്നടിക്കുകയും ചെയ്തു. കയ്പേറിയ അനുഭവങ്ങളുമായിട്ടാണ് താൻ ഇവിടെ നിന്ന് മടങ്ങുന്നത് എന്നായിരുന്നു കസാറ്റ്കിനയുടെ വാക്കുകൾ. സ്വിറ്റോലിന തനിക്കു ഹാൻഡ് ഷേക്ക് നൽകില്ല എന്നറിഞ്ഞിട്ടും തംസ് അപ് നൽകിയാണ് കസാറ്റ്കിന കോർട്ട് വിട്ടത്.
വനിതാ ക്വാർട്ടറിലും യുക്രെയ്ൻ–ബെലാറൂസ്
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ക്വാർട്ടറിൽ യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയും ബെലാറൂസ് താരം അരീന സബലേങ്കയും നേർക്കുനേർ. കരോലിൻ മുച്ചോവ–അനസ്താസിയ പാവ്‌ല്യുചെങ്കോവ, ബിയാട്രിസ് മെയ– ഒൻസ് ജാബർ എന്നിവയാണ് തീരുമാനമായ മറ്റ് ക്വാർട്ടർ ഫൈനലുകൾ. പുരുഷ സിംഗിൾസിൽ കാർലോസ് അൽകാരസും സ്റ്റെഫാനോസ് സിറ്റ്സിപാസും തമ്മിലാണ് ക്വാർട്ടറിലെ സൂപ്പർ പോരാട്ടം.
English Summary: French Open: Sabalenka-Svitolina clash brings Russia-Ukraine conflict to forefront