ജോക്കോ കുതിക്കുന്നു; നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ സെമിയിൽ

Mail This Article
പാരിസ് ∙ 23 ഗ്രാൻസ്‌ലാം കിരീടങ്ങളെന്ന പുരുഷ ടെന്നിസിലെ ചരിത്ര നേട്ടത്തിലേക്ക് നൊവാക് ജോക്കോവിച്ചിന് ഇനി 2 ജയങ്ങളുടെ ദൂരം മാത്രം. റഷ്യൻ താരം കാരൻ ഖാച്ചനോവിന്റെ വെല്ലുവിളികളെ 4 സെറ്റ് നീണ്ട പോരാട്ടത്തിൽ (4-6, 7-6, 6-2, 6-4) മറികടന്ന സെർബിയൻ താരം ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ സെമിയിലെത്തി. ഒന്നാം സീഡ് കാർലോസ് അൽകാരസും ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസും തമ്മിലുള്ള ക്വാർട്ടർ പോരാട്ടത്തിലെ വിജയിയാണ് സെമിയിൽ ജോക്കോവിച്ചിന്റെ എതിരാളി. പുരുഷ ടെന്നിസിൽ 22 ഗ്രാൻസ്‌ലാം കിരീടങ്ങളുടെ റെക്കോർഡ് റാഫേൽ നദാലിനൊപ്പം പങ്കിടുന്ന ജോക്കോയ്ക്ക് പാരിസിൽ കിരീടമുയർത്തിയാൽ നേട്ടങ്ങളിൽ ഒറ്റയാനാകാം.
വനിതാ സിംഗിൾസിൽ രണ്ടാം സീഡ് അരീന സബലേങ്കയും ചെക്ക് റിപ്പബ്ലിക് താരം കരോലിൻ മുച്ചോവയും സെമിയിലെത്തി. ബെലാറൂസ് താരം സബലേങ്ക യുക്രെയ്നിന്റെ എലിന സ്വിറ്റോലിനയെ തോൽപിച്ചപ്പോൾ (6–4, 6–4) റഷ്യയുടെ അനസ്താസിയ പവ്‌ല്യുചെങ്കോവയ്ക്കെതിരെയായിരുന്നു (7–5, 6–2) മുച്ചോവയുടെ ജയം. നാളെ സെമിയിൽ ഇരുവരും ഏറ്റുമുട്ടും. ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയുടെ ആദ്യ സെമിഫൈനലാണിത്.
ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ ആദ്യദിനം മുതൽ കോർട്ടിൽ നിറഞ്ഞുനിൽക്കുന്ന റഷ്യയുടെ യുക്രെയ്ൻ അധിനിവേശം സംബന്ധിച്ച വിവാദങ്ങൾ വനിതാ ക്വാർട്ടർ ഫൈനൽ മത്സരത്തിലും ആവർത്തിച്ചു. സ്വിറ്റോലിനയ്ക്കു പിന്തുണ നൽകാൻ യുക്രെയ്ൻ പതാക പുതച്ച് ഒട്ടേറെപ്പേർ എത്തിയിരുന്നു. മത്സരശേഷം ബെലാറൂസ് താരമായ സബലേങ്കയ്ക്കു ‘ഹാൻഡ് ഷേക്ക്’ നൽകാതെയാണ് സ്വിറ്റോലിന കോർട്ടിൽ നിന്നു മടങ്ങിയത്. യുക്രെയ്നു നേരെയുള്ള റഷ്യൻ അധിനിവേശം ബെലാറൂസ് പിന്തുണയ്ക്കുന്നതായിരുന്നു കാരണം. ടൂർണമെന്റിന്റെ ആദ്യ റൗണ്ട് മത്സരത്തിനുശേഷം സബലേങ്കയ്ക്കു കൈ കൊടുക്കാതെ യുക്രെയ്ൻ താരം മാർത കൊസ്റ്റ്യൂക്കും പ്രതിഷേധിച്ചിരുന്നു.
English Summary : Novak Djokovic in the French Open semis