ഫ്രഞ്ച് ഓപ്പൺ സെമിയിൽ ഇന്ന് ജോക്കോവിച്ച് – അൽകാരസ് പോരാട്ടം

Novak-Djokovic
SHARE

പാരിസ് ∙ ‘ഈ വർഷത്തെ ഏറ്റവും മികച്ച ടെന്നിസ് പോരാട്ടം’.. റോളാങ് ഗാരോസിലെ കളിമൺ കോർട്ടിൽ ഇന്നു നടക്കുന്ന പുരുഷ സിംഗിൾസ് ഒന്നാം സെമിഫൈനലിന് ആരാധകർ നൽകുന്ന വിശേഷണമിതാണ്. മൂന്നാം സീഡായ സെർബിയൻ സൂപ്പർതാരം നൊവാക് ജോക്കോവിച്ചും ഒന്നാം സീഡ് കാർലോസ് അൽകാരസും  ഏറ്റുമുട്ടുമ്പോൾ അത് പുരുഷ ടെന്നിസിലെ ഇന്നും നാളെയും തമ്മിലുള്ള മത്സരമാകും. 23–ാം ഗ്രാൻസ്‌ലാം കിരീടവുമായി പുരുഷ ടെന്നിസിലെ ഇതിഹാസമാകാൻ കുതിക്കുന്ന ജോക്കോയ്ക്കു തടയിടാൻ ഭാവിയിലെ സൂപ്പർസ്റ്റാർ എന്ന വിശേഷണം നേടിയെടുത്ത സ്പാനിഷ് യുവ താരത്തിനു കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇന്ന് വൈകിട്ട് 6.15 മുതലാണ് മത്സരം. സോണി ടെൻ ചാനലുകളിൽ തൽസമയം. രണ്ടാം സെമിയിൽ നോർവേയുടെ കാസ്പർ റൂഡ്, ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ നേരിടും. 

ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിന്റെ മത്സരക്രമം പുറത്തിറങ്ങിയതുമുതൽ ജോക്കോവിച്ച്–അൽകാരസ് സെമിഫൈനലിനായി കാത്തിരിക്കുകയായിരുന്നു ടെന്നിസ് ലോകം. ഇരുവരും തമ്മിലുള്ള ആദ്യ ഗ്രാൻസ്‌ലാം പോരാട്ടം എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. 

2022ലെ മഡ്രിഡ് ഓപ്പണാണ് ജോക്കോവിച്ചും അൽകാരസും ഇതിനു മുൻപ് ഏറ്റുമുട്ടിയ ഏക മത്സരം. അന്ന് അൽകാരസ് അട്ടിമറി വിജയം നേടി. അൽകാരസ് തന്റെ ആദ്യ ഗ്രാൻസ്‌ലാം കിരീടം നേടിയ കഴിഞ്ഞ വർഷത്തെ യുഎസ് ഓപ്പണിൽ ജോക്കോവിച്ച് മത്സരിച്ചിരുന്നില്ല. ജോക്കോവിച്ച് 22–ാം ഗ്രാൻസ്‌ലാം കിരീടമുയർത്തിയ ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിൽനിന്ന് പരുക്കുമൂലം അൽകാരസും പിൻമാറിയിരുന്നു. 

മുച്ചോവ ഫൈനലിൽ

പാരിസ് ∙ വനിതാ സിംഗിൾസ് സെമിയിൽ രണ്ടാം സീഡ് ബെലാറൂസിന്റെ അരീന സബലേങ്കയെ അട്ടിമറിച്ച് ചെക്ക് റിപ്പബ്ലിക് താരം കരോലിൻ മുച്ചോവ ഫൈനലിലെത്തി. 3 മണിക്കൂറിലേറെ നീണ്ട ആവേശപ്പോരാട്ടത്തിൽ മാച്ച് പോയിന്റിനെ അതിജീവിച്ചായിരുന്നു മുച്ചോവയുടെ വിജയം. സ്കോർ: 7–6, 6–7, 7–5. നിർണായകമായ മൂന്നാം സെറ്റിൽ 2–5ന് പിന്നിൽനിന്നശേഷം ഉജ്വലമായി തിരിച്ചടിച്ചാണ് ചെക്ക് റിപ്പബ്ലിക് താരം സെറ്റും മത്സരവും സ്വന്തമാക്കിയത്.

സൂപ്പർ സീനിയർ

2005ൽ നൊവാക് ജോക്കോവിച്ച് ആദ്യ ഗ്രാൻസ്‌ലാം മത്സരം കളിക്കുമ്പോൾ 2 വയസ്സായിരുന്നു കാർലോസ് അൽകാരസിന്റെ പ്രായം . 36–ാം വയസ്സിൽ ഇന്ന് ജോക്കോവിച്ച് കരിയറിലെ 45–ാം ഗ്രാൻസ്‌ലാം സെമിഫൈനൽ മത്സരത്തിനിറങ്ങുമ്പോൾ ഇരുപതുകാരൻ അൽകാരസിന് ഇത് രണ്ടാം ഗ്രാൻസ്‌ലാം സെമി ഫൈനൽ മാത്രം. 

English Summary : Djokovic vs Alcaraz fight in  French Open Tennis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA