ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസ് നാലാം ദിനത്തിലെ വമ്പൻ അട്ടിമറിയിൽ നോർവെയുടെ നാലാം സീഡ് കാസ്പർ റൂഡ് പുറത്ത്. വൈൽഡ് കാർഡിലൂടെ മത്സരിക്കാനെത്തിയ ബ്രിട്ടിഷ് താരം ലിയാം ബ്രോഡിയാണ് രണ്ടാം റൗണ്ടിലെ 5 സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിൽ റൂഡിനെ വീഴ്ത്തിയത്. സ്കോർ: 6-4, 3-6, 4-6, 6-3, 6-0. കഴിഞ്ഞ 5 ഗ്രാൻസ്‍ലാം മത്സരങ്ങളിൽ മൂന്നിലും ഫൈനൽ കളിച്ച താരമാണ് റൂഡ്.
പുരുഷ സിംഗിൾസിലെ മറ്റു മത്സരങ്ങളിൽ ഏഴാം സീഡ് റഷ്യയുടെ ആന്ദ്രേ റുബലേവ് റഷ്യൻ സഹതാരം അസ്‍ലാൻ കരസ്തേവിനെ തോൽപിച്ചപ്പോൾ (6-3, 6-4, 7-5) മുൻ വിമ്പിൾഡൻ ഫൈനലിസ്റ്റ് മറ്റിയോ ബെരെറ്റിനി ഇറ്റലിയുടെ ലോറൻസിനെ തോൽപിച്ചു (6-7, 6-3, 7-6, 6-3). മഴ മൂലം മുടങ്ങിയ ആദ്യ റൗണ്ട് മത്സരം ഇന്നലെ കളിച്ച ജർമൻ താരം അലക്സാണ്ടർ സ്വരേവ് നെതർലൻഡ്സ് താരം ജിസ് ബ്രൂവറെ കീഴടക്കി. (6-4, 7-6, 7-6).
വനിതാ സിംഗിൾസിൽ രണ്ടാം റൗണ്ട് മത്സരത്തിനിടെ പത്താം സീഡ് ബാർബറ കെജ്രിക്കോവ പരുക്കേറ്റു പിൻമാറി. ഇതോടെ എതിരാളി 16 വയസ്സുകാരി മിറ ആൻഡ്രീവ മൂന്നാം റൗണ്ടിലെത്തി. 2 തവണ ഗ്രാൻസ്‌ലാം ചാംപ്യനായ വിക്ടോറിയ അസരങ്ക അർജന്റീനയുടെ നാദിയ പൊഡൊറോസ്കയെ അനായാസം മറികടന്നു (6-3, 6-0).
English Summary: Rude out on day four of Wimbledon tennis