അനന്തരം അൽകാരസ്
Mail This Article
കാലത്തിന്റെ കാൽവയ്പുകളിൽ മാറ്റം അനിവാര്യമാണ്. മൂന്നോ നാലോ വർഷങ്ങൾക്കപ്പുറം ജോക്കോവിച്ച് അഴിച്ചുവയ്ക്കാൻ പോകുന്ന ടെന്നിസ് രാജകുമാരന്റെ സുവർണ പാദുകത്തിന് പുതിയ അവകാശി ജനിച്ചിരിക്കുന്നു. മഡ്രിഡിലെ കളിമൺ കോർട്ടിൽ തുടങ്ങിയ വിപ്ലവം, യുഎസ് ഓപ്പണിലെ ഹാർഡ് കോർട്ടിൽ ആളിക്കത്തി വിമ്പിൾഡനിലെ പുൽകോർട്ടിലേക്കും പടർന്നിരിക്കുന്നു. അനന്തരം ടെന്നിസ് ലോകം അൽകാരസിലേക്ക് വന്നുചേർന്നിരിക്കുന്നു.
ജീവിതലക്ഷ്യം
‘8–ാം വയസ്സിൽ തന്നെ തന്റെ ജീവിതലക്ഷ്യം എന്താണെന്ന് അൽകാരസിന് കൃത്യമായി അറിയാമായിരുന്നു. അൽകാരസ് ടെന്നിസിനെയല്ല, ടെന്നിസ് അൽകാരസിനെയാണ് തിരഞ്ഞെടുത്തത്’– 8 മുതൽ 16 വയസ്സുവരെ അൽകാരസിന്റെ മെന്റൽ ട്രെയ്നറായി പ്രവർത്തിച്ച സ്പാനിഷ് സൈക്കോളജിസ്റ്റ് ജോസഫിന കറ്റ്‌ലാസിന്റെ സാക്ഷ്യം. തന്റെ ബോധ്യങ്ങളെക്കുറിച്ചുള്ള ഈ വ്യക്തത തന്നെയാണ് നൊവാക് ജോക്കോവിച്ച് എന്ന അതികായന്റെ മുന്നിൽ അടിപതറാതെ, കന്നി വിമ്പിൾഡൻ കിരീടത്തെ ചുണ്ടോടുചേർക്കാൻ അൽകാരസിനെ തുണച്ചത്.
ഹെഡ്, ഹാർട്ട്, ബോൾ
സ്പെയിനിലെ എൽ പാമറിൽ ആദ്യമായി ഒരു ടെന്നിസ് ക്ലബ് ആരംഭിക്കുന്നത് അൽകാരസിന്റെ മുത്തച്ഛൻ കാർലോസ് അൽകാരസ് ലാർമയാണ്. ടെന്നിസിനോടുള്ള ഭ്രമം മകൻ ഗോൺസാലസിലേക്കും (അൽകാരസ് സീനിയർ) പേരക്കുട്ടി അൽകാരസിലേക്കും അദ്ദേഹം പകർന്നുനൽകി. 3–ാം വയസ്സിൽ തന്നെ അൽകാരസിന്റെ കയ്യിൽ ലാർമ ടെന്നിസ് റാക്കറ്റ് വച്ചുനൽകി. അന്നുമുതൽ ഇന്നുവരെ ടെന്നിസാണ് അൽകാരസിന്റെ ലോകം. തലയിലെ ചിന്തകളും ഹൃദയത്തിലെ ആഗ്രഹവും ടെന്നിസ് ബോളിലേക്ക് ആവാഹിക്കണമെന്ന മുത്തച്ഛന്റെ ‘ഹെഡ്, ഹാർട്ട്, ബോൾ’ തത്വമാണ് അൽകാരസിന്റെ ഊർജം.
ഫെഡറർ പാതി നദാൽ പാതി
കളിശൈലി സ്വിസ് ഇതിഹാസം റോജർ ഫെഡററുമായി സാമ്യമുള്ളതാണെങ്കിലും സ്വന്തം നാട്ടുകാരനായ റാഫേൽ നദാലാണ് അൽകാരാസിന്റെ റോൾ മോഡൽ. അതുകൊണ്ടാകാം ഫെഡററുടെ കണിശതയും നദാലിന്റെ അറ്റാക്കിങ് ശൈലിയും ഒരുപോലെ കൈകാര്യം ചെയ്യാൻ അൽകാരസിന് സാധിക്കുന്നത്. ലോങ് വോളികൾക്കിടയിലെ ഡ്രോപ് ഷോട്ടുകളും അനായാസം ക്രോസ് കോർട്ട് സ്ലൈസിലൂടെ റിട്ടേൺ ചെയ്യാനുള്ള മിടുക്കുമെല്ലാം അൽകാരസിനെ അപകടകാരിയാക്കുന്നു. ഫെഡറർ– നദാൽ–ജോക്കോവിച്ച് യുഗത്തിനു ശേഷം ലോക ടെന്നിസിലെ താരോദയം താനാണെന്ന് വിളിച്ചു പറഞ്ഞാണ് വിമ്പിൾഡനിലെ സെന്റർ കോർട്ടിൽ നിന്ന് തന്റെ കന്നിക്കിരീടവുമായി അൽകാരസ് മടങ്ങുന്നത്.
English Summary: Carlos Alcaraz ends Djokovic's long Wimbledon reign, claims 2nd Grand Slam title