അപ്, അപ്, ബൊപ്പണ്ണ; പുരുഷ ഡബിൾസ് ടെന്നിസിൽ ഒന്നാം റാങ്ക് നേടുന്ന പ്രായംകൂടിയ താരമായി രോഹൻ ബൊപ്പണ്ണ

Mail This Article
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്രം രചിച്ച് ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. പുരുഷ ഡബിൾസിൽ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡാണ് നാൽപത്തിമൂന്നുകാരൻ രോഹൻ ബൊപ്പണ്ണയ്ക്ക് സ്വന്തമായത്. ഓസ്ട്രേലിയയുടെ മാത്യു എബ്ദനൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് സെമിഫൈനലിലെത്തിയതോടെയാണ് റാങ്കിങ്ങിലെ ഈ അപൂർവനേട്ടം ഇന്ത്യൻ താരം റാക്കറ്റേന്തിപ്പിടിച്ചത്.
ക്വാർട്ടറിൽ അർജന്റീനയുടെ മാക്സിനോ ഗോൺസാലസ്– ആന്ദ്രേസ് മോൽടേനി സഖ്യത്തെ തോൽപിച്ചു (6-4, 7-6). ഡബിൾസ് പങ്കാളിയായ മാത്യു എബ്ദൻ രണ്ടാം റാങ്കിലേക്കുയർന്നു. 2022ൽ മുപ്പത്തെട്ടാം വയസ്സിൽ ഡബിൾസിൽ ഒന്നാംറാങ്കിലെത്തിയ യുഎസിന്റെ രാജീവ് റാമിന്റെ റെക്കോർഡാണ് ബൊപ്പണ്ണ മറികടന്നത്. ലിയാൻഡർ പെയ്സ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവർക്കുശേഷം ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ബൊപ്പണ്ണ.