ഗ്രാൻഡ് സലാം, റാഫേൽ നദാലിന് ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ തോൽവി; പുറത്ത്
Mail This Article
പാരിസ് ∙ ഒന്നും രണ്ടുമല്ല, 14 വട്ടം ആഘോഷനൃത്തം ചവിട്ടിയ കളിമൺ കോർട്ടിൽനിന്നു മടങ്ങുമ്പോൾ ഇത്തവണ റാഫേൽ നദാലിന്റെ കണ്ണുകൾ നിറഞ്ഞു. റൊളാങ് ഗാരോസിലെ ആകാശത്തു നിറഞ്ഞ മഴമേഘങ്ങൾപോലെ ഇടയ്ക്കെപ്പോഴോ അവയൊന്നു തൂവി.... ബാഗ് തോളിലിട്ടു മടങ്ങുമ്പോൾ ഗാലറിയിലെ ആരാധകരെ നോക്കി വിഷാദപ്പകർച്ചയോടെ അദ്ദേഹം കയ്യുയർത്തി...
ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ അനിഷേധ്യനായ രാജകുമാരൻ റാഫേൽ നദാൽ കിരീടവിജയങ്ങളുടെ കഴിഞ്ഞകാല സ്മൃതിയിലേക്കു മടങ്ങുകയാണ്. ഒന്നാം റൗണ്ടിൽ, ജർമനിയുടെ നാലാം സീഡ് അലക്സാണ്ടർ സ്വരേവിനെതിരായ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മുപ്പത്തിയേഴുകാരൻ നദാലിന്റെ തോൽവി. ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ ചരിത്രത്തിൽ, ഈ മണ്ണിൽ ഏറ്റവുമധികം കിരീടവിജയങ്ങൾ നേടിയിട്ടുള്ള നദാൽ ആദ്യ റൗണ്ടിൽ തോൽക്കുന്നത് ഇതാദ്യം. സ്കോർ: 6-3 7-6 (5) 6-3.
ഫ്രഞ്ച് ഓപ്പണിൽ ഒരുപക്ഷേ ഇത് നദാലിന്റെ അവസാന മത്സരം ആയിരുന്നിരിക്കാം! മത്സരത്തിനു മുൻപ് യാത്രയയപ്പ് ചടങ്ങു സംഘടിപ്പിക്കാൻ ആലോചിച്ചിരുന്നെങ്കിലും നദാൽ അതു വിലക്കിയതു കഴിഞ്ഞ ദിവസമാണ്. ആ കളി പോലെ തന്നെ, ഏതുനിമിഷവും ഒരു തിരിച്ചുവരവിനു ബാല്യമുള്ള നദാലിന്റെ മത്സരം കാണാൻ ഗാലറി നിറഞ്ഞവരിൽ ലോകമെമ്പാടുനിന്നുമുള്ള ടെന്നിസ് പ്രേമികളുണ്ടായിരുന്നു. അവർക്കൊപ്പം സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് ഉൾപ്പെടെയുള്ള പ്രമുഖരും.
പരുക്കുകളുടെ പരമ്പരകൾ പിന്നിട്ട് റൊളാങ് ഗാരോസിലെത്തിയ നദാൽ ഇടയ്ക്ക് എപ്പോഴൊക്കെയോ പഴയ കാളക്കൂറ്റനായി. പക്ഷേ, ഭൂരിഭാഗം സമയത്തും മനസ്സിനൊപ്പമെത്താത്ത ശരീരത്തെയോർത്ത് വിഷാദിച്ചായിരുന്നു കളി. ഈ വിജയം സ്വരേവിനും അതുല്യമായൊരു നേട്ടമാണു സമ്മാനിച്ചത്. റൊളാങ് ഗാരോസിൽ റാഫേൽ നദാലിനെ തോൽപിച്ച മൂന്നേ മൂന്നു ടെന്നിസ് താരങ്ങളിലൊരാൾ– നൊവാക് ജോക്കോവിച്ച്, റോബിൻ സോഡർലിങ്, ഇപ്പോഴിതാ സ്വരേവും...
മറ്റു മത്സരങ്ങളിൽ, നിലവിലെ വനിതാ സിംഗിൾസ് ജേതാവും 3 വട്ടം ചാംപ്യനുമായിട്ടുള്ള പോളണ്ടുകാരി ഇഗ സ്യാംതെക്, യോഗ്യതാ മത്സരം കടന്നെത്തിയ ലിയോലിയ ജീൻജീനിനെ തോൽപിച്ചു. 6-1,6-2. രണ്ടാം റൗണ്ടിൽ ജപ്പാന്റെ നവോമി ഒസാകയാണ് ഇഗയുടെ എതിരാളി.
മുൻ റണ്ണറപ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് ഹംഗറിയുടെ മാർട്ടൻ ഫുസോവിക്സിനെ കീഴടക്കി. 7-6 (9-7) 6-4 6-1. രണ്ടാം റൗണ്ടിൽ ജർമനിയുടെ ഡാനിയേൽ ആൾട്ട്മെയറാണ് എതിരാളി. രണ്ടാം സീഡ് യാനിക് സിന്നർ അമേരിക്കയുടെ ക്രിസ്റ്റഫർ യുബാങ്ക്സിനെ 6-3, 6-3, 6-4നും തോൽപിച്ചു.
യുഎസ് ഓപ്പൺ വനിതാ ചാംപ്യൻ കൊക്കോ ഗോഫും ആദ്യമത്സരം ജയിച്ചു തുടങ്ങി. യോഗ്യതാ റൗണ്ട് കടന്നെത്തിയ റഷ്യക്കാരി ജൂലിയ അവ്ഡീവയെയാണ് കൊക്കോ ഗോഫ് അനായാസം തോൽപിച്ചത് (6–1,6–1). ഇടയ്ക്കു പെയ്ത മഴ മെയിൻ കോർട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിലെ കളി മുടക്കി. മെയിൻ കോർട്ടുകളിൽ മഴ പെയ്താൽ മൂടാവുന്ന മേൽക്കൂരയുള്ളതിനാൽ കളി തടസ്സമില്ലാതെ നടന്നു. ഇതിനിടെ, തുനീസിയയുടെ എട്ടാം സീഡ് വനിതാ താരം ഒൻസ് ജാബർ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ അമേരിക്കക്കാരി സാച്ചിയ വിക്കറിയെ തോൽപിച്ചു. 6-3, 6-2.