ഫ്രഞ്ച് ഓപ്പണിൽ ഹാട്രിക് കിരീടവുമായി ഇഗ സ്യാംതെക്ക്; അഞ്ചാം ഗ്രാൻസ്‌ലാം
Mail This Article
പാരിസ് ∙ റാഫേൽ നദാൽ കരിയറിന്റെ അവസാന കാലങ്ങളിലായിരിക്കാം; പക്ഷേ കളിമൺ കോർട്ടിൽ ഇതാ നദാലിന് ഒരു പിൻഗാമി പിറവിയെടുത്തിരിക്കുന്നു– ഇഗ സ്യാംതെക്! വനിതാ സിംഗിൾസിൽ തുടർച്ചയായ 3–ാം ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടി റൊളാങ് ഗാരോസിൽ അശ്വമേധം തുടർന്ന പോളണ്ട് താരം ഇഗയ്ക്കു മുന്നിൽ വീണു പോയത് ഇറ്റാലിയൻ താരം ജാസ്മിൻ പവോലീനി. സ്കോർ: 6–2, 6–1. ഹാട്രിക് കിരീടത്തിനു പുറമേ 2020ലും ഇഗ ഫ്രഞ്ച് ഓപ്പൺ നേടിയിരുന്നു. 2022ലെ യുഎസ് ഓപ്പൺ കൂടി പരിഗണിക്കുമ്പോൾ ആകെ 5 ഗ്രാൻസ്‌ലാം കിരീടങ്ങൾ . ഓപ്പൺ യുഗത്തിൽ ഇത്രയും കിരീടങ്ങൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഇരുപത്തിമൂന്നുകാരി ഇഗ.
പ്രായം കൊണ്ട് തന്നെക്കാൾ 5 വയസ്സിനു മുതിർന്ന പവോലീനിക്ക് കോർട്ടിൽ ഒരു ‘ബഹുമാനവും’ നൽകാതെയായിരുന്നു ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ഇഗയുടെ പ്രകടനം. ആദ്യമായി ഒരു ഗ്രാൻസ്‌ലാം ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിന് അപ്പുറം മുന്നേറിയ പവോലീനി ഇഗയുടെ ‘ക്ലാസി’നു മുന്നിൽ ചില മിന്നലാട്ടങ്ങളിലൊതുങ്ങി. ദീർഘമായ റാലികളിൽ ഇഗയ്ക്കൊപ്പം പോരാടിയെങ്കിലും അതു പോയിന്റാക്കി മാറ്റാൻ പലപ്പോഴും പവോലീനിക്കായില്ല.
പവോലീനിയെ പഠിച്ച ശേഷം അസാധ്യമായ ആംഗിൾ ഷോട്ടുകളുമായി ഇഗ കളംനിറഞ്ഞതോടെ 37 മിനിറ്റിൽ ആദ്യ സെറ്റ് തീർന്നു. രണ്ടാം സെറ്റിൽ പവോലീനിയെ രണ്ടു തവണ ബ്രേക്ക് ചെയ്ത് ഇഗ 5–0നു ലീഡ് എടുത്തതോടെ കളി മൂന്നാം സെറ്റിലേക്കു നീളില്ല എന്നുറപ്പായി. പിന്നാലെ ഒരു ഗെയിം നേടിയെങ്കിലും അധികം വൈകാതെ പവൊലീനിയുടെ ഷോട്ട് കോർട്ടിന്റെ അതിരു വിട്ടു പതിച്ചതോടെ പാരിസിൽ ഇഗാഘോഷം.
∙ ഫ്രഞ്ച് ഓപ്പൺ ചാംപ്യൻഷിപ്പിന്റെ വേദിയായ റൊളാങ് ഗാരോസിലെ കോർട്ടിൽ ഇഗ സ്യാംതെക് തുടരെ 21 വിജയങ്ങൾ പിന്നിട്ടു. ക്രിസ് എവർട്ട് (29), മോണിക്ക സെലസ് (25) ജസ്റ്റിൻ ഹെനിൻ (24) എന്നിവർ മാത്രമാണ് വനിതാ താരങ്ങളിൽ ഇഗയ്ക്കു മുന്നിലുള്ളത്. പുരുഷ താരങ്ങളെക്കൂടി പരിഗണിച്ചാൽ 39 തുടർജയങ്ങളുമായി റാഫേൽ നദാലാണ് ഒന്നാമത്.
പുരുഷ ഫൈനൽ ഇന്ന്: അൽകാരസ്– സ്വരേവ്
പുരുഷ സിംഗിൾസ് ഫൈനലിൽ കാർലോസ് അൽകാരസും അലക്സാണ്ടർ സ്വരേവും ഇന്ന് ഏറ്റുമുട്ടും. അൽകാരസ് യാനിക് സിന്നറെയും (2–6,6–3,3–6,6–4,6–3) സ്വരേവ് കാസ്പർ റൂഡിനെയും (2–6,6–2,6–4,6–2) സെമിയിൽ മറികടന്നു.