ആൻഡി ക്ലൈമാക്സ്; പരുക്ക് ഭേദമായില്ല, സിംഗിൾസിൽനിന്ന് പിന്മാറി ആൻഡി മറെ
Mail This Article
ലണ്ടൻ ∙ പരുക്ക് ഭേദമാകാത്തതിനാൽ വിമ്പിൾഡൻ ടെന്നിസിലെ പുരുഷ സിംഗിൾസ് മത്സരത്തിൽ നിന്ന് ബ്രിട്ടീഷ് താരം ആൻഡി മറെ പിൻമാറി. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് മഷാക്കുമായുള്ള ഒന്നാം റൗണ്ട് മത്സരത്തിന് മണിക്കൂറുകൾക്കു മുൻപായിരുന്നു പിൻമാറ്റം. എന്നാൽ സഹോദരൻ ജെയ്മിക്കൊപ്പം ഡബിൾസിൽ മത്സരിക്കുമെന്നും മറെ അറിയിച്ചു. പാരിസ് ഒളിംപിക്സിനുശേഷം പ്രഫഷനൽ ടെന്നിസിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച മുപ്പത്തേഴുകാരൻ മറെയുടെ അവസാന ഗ്രാൻസ്‍ലാം ടൂർണമെന്റാണ് ഇത്തവണത്തെ വിമ്പിൾഡൻ.
വനിതകളിൽ അട്ടിമറി
വിമ്പിൾഡൻ ടെന്നിസിന്റെ രണ്ടാം ദിനത്തിൽ വനിതാ സിംഗിൾസിലെ വൻ അട്ടിമറിയിൽ നിലവിലെ ചാംപ്യൻ മാർകേറ്റ വാന്ദ്രസോവ പുറത്തായി. സീഡ് ചെയ്യപ്പെടാത്ത സ്പാനിഷ് താരം ജസീക്ക മനെയ്റോയാണ് ആദ്യറൗണ്ട് മത്സരത്തിൽ വാന്ദ്രസോവയെ വീഴ്ത്തിയത് (6–4, 6–2).
ജോക്കോ, ഇഗ മുന്നോട്ട്
പുരുഷ സിംഗിൾസിൽ രണ്ടാം സീഡ് നൊവാക് ജോക്കോവിച്ച്, നാലാം സീഡ് അലക്സാണ്ടർ സ്വരേവ്, വനിതകളിൽ ഒന്നാം സീഡ് ഇഗ സ്യാംതെക്ക്, നാലാം സീഡ് എലേന റിബകീന എന്നിവർ രണ്ടാം റൗണ്ടിലെത്തി.
സുമിത് നാഗൽ പുറത്ത്
വിമ്പിൾഡൻ ടെന്നിസിലെ കന്നിപ്പോരാട്ടത്തിനിറങ്ങിയ ഇന്ത്യയുടെ സുമിത് നാഗൽ പുരുഷ സിംഗിൾസിന്റെ ആദ്യറൗണ്ടിൽ പുറത്തായി. ലോക 53–ാം റാങ്ക് സെർബിയയുടെ മിയോമിർ കെമനോവിച്ചിനോടാണ് സുമിത് പരാജയപ്പെട്ടത് (2-6, 6-3, 3-6, 4-6). 47 വിന്നറുകൾ പായിച്ച് തുടക്കത്തിൽ കരുത്തുകാട്ടിയ സുമിത്തിനു പിന്നീടു വഴങ്ങിയ പിഴവുകളാണ് തിരിച്ചടിയായത്.